- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊക്കെയ്ൻ കേസിൽ കുടുക്കിയത് ബിജെപി ജനറൽ സെക്രട്ടറിയുടെ അനുയായി; കാറിൽ കൊക്കെയ്ൻ കൊണ്ടു വെച്ചത്; അഞ്ചു ദിവസത്തിന് മുമ്പ് ഇക്കാര്യത്തെക്കുറിച്ചുള്ള ഓഡിയോ താൻ റെക്കോർഡ് ചെയ്തിരുന്നു; ആരോപണവുമായി യുവമോർച്ച ബംഗാൾ ജനറൽ സെക്രട്ടറി പമേല ഗോസാമി
കൊൽക്കത്ത: മയക്കുമരുന്ന് കേസിൽ ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗീയയുടെ അടുത്ത സുഹൃത്തിനെതിരെ ഗുരുതര ആരോപണവുമായി അറസ്റ്റിലായ യുവമോർച്ചാ വനിതാ നേതാവ് പമേല ഗോസ്വാമി. തന്റെ കാറിൽ കൊക്കെയ്ൻ കൊണ്ടു വെച്ചതാണെന്ന് പമേല ആരോപിക്കുന്നു. വിജയ് വർഗിയയുടെ അടുത്തസുഹൃത്തും ബിജെപി ബന്ധവുമുള്ള രാകേഷ് സിംഗിന്റെ അനുയായികളാണ് തന്റെ കാറിൽ കൊക്കെയിൻ കൊണ്ടുവച്ചതെന്ന് പമേല ആരോപിച്ചു. വിശ്വസനീയമായ വ്യക്തിയിൽ നിന്നാണ് ഈ വിവരം ലഭിച്ചത്.
അഞ്ചു ദിവസത്തിന് മുമ്പ് ഇക്കാര്യത്തെക്കുറിച്ചുള്ള ഓഡിയോ താൻ റെക്കോർഡ് ചെയ്തിരുന്നു. മനപ്പൂർവ്വം തന്നെ കുടുക്കാൻ ഇവർ നേരത്തെമുതൽ പദ്ധതിയിടുന്നുണ്ടായിരുന്നു എന്നുമാണ് പമേലയുടെ വാദം. സംഭവത്തിൽ, രാകേഷ് സിംഗിനെ അറസ്റ്റ് ചെയ്യണമെന്നും അയാൾക്കെതിരായ എല്ലാ തെളിവുകളും തന്റെ കൈവശമുണ്ടെന്ന് പമേല പറഞ്ഞു.
അതേസമയം, പമേലയുടെ ആരോപണം തള്ളി രാകേഷ് സിങ് രംഗത്തെത്തി. പമേലയുമായി കഴിഞ്ഞ ഒന്നരവർഷമായി തനിക്കൊരു ബന്ധവുമില്ല. ആരോപണങ്ങൾ കെട്ടിച്ചമച്ചതാണ്. തൃണമൂൽ കോൺഗ്രസ് നിർദേശപ്രകാരമാണ് കൊൽക്കത്ത പൊലീസ് പ്രവർത്തിക്കുന്നത്. പൊലീസ് നിർബന്ധിപ്പിച്ചതുകൊണ്ടാണ് പമേല തന്റെ പേര് പറയുന്നത്. സംഭവത്തിൽ എന്ത് അന്വേഷണവും നേരിടാൻ താൻ തയ്യാറാണെന്നും രാകേഷ് സിങ് പറഞ്ഞു.
കഴിഞ്ഞദിവസമാണ് പമേല ഗോസാമിയെയും സുഹൃത്തായ ബിജെപി നേതാവ് പ്രോബിറിനെയും പത്തുലക്ഷം രൂപ വിലവരുന്ന കൊക്കെയിനുമായി കൊൽക്കത്ത പൊലീസ് അറസ്റ്റ് ചെയ്തത്. 100 ഗ്രാം കൊക്കെയിനാണ് പമേലയുടെ കൈവശത്ത് നിന്ന് പൊലീസ് പിടികൂടിയത്. ജാമ്യമില്ല വകുപ്പുപ്രകാരമാണ് ഇരുവർക്കുമെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. പമേലയും പ്രോബിർ കുമാറും സഞ്ചരിച്ച കാറിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച ബാഗിൽ നിന്നാണ് മയക്കുമരുന്ന് പിടിച്ചെടുത്തതെന്ന് പൊലീസ് അറിയിച്ചു.
കൊക്കെയിനുമായി പമേലയും സുഹൃത്തും സഞ്ചരിക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് വാഹനം പരിശോധിച്ചത്. എട്ടോളം വാഹനങ്ങളിൽ എത്തിയ പൊലീസ് വളഞ്ഞിട്ടാണ് പമേലയെ പിടികൂടിയത്. ന്യൂ അലിപോരിലെ കോഫി ഹൗസിന് സമീപത്ത് വച്ചാണ് ഇരുവരെയും പിടികൂടിയത്.
ഇതിനിടെ, പമേല കുടുങ്ങിയത് സ്വന്തം പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിലാണെന്ന റിപ്പോർട്ടകളും പുറത്തുവന്നിരുന്നു. പമേല ലഹരിമരുന്നിന് അടിമയാണെന്ന് സംശയമുണ്ടെന്ന് ചൂണ്ടിക്കാണിച്ച് കഴിഞ്ഞവർഷമാണ് പിതാവ് കൊൽക്കത്ത പൊലീസിനെ സമീപിച്ചത്. വിവാഹിതനായ ബിജെപി നേതാവ് പ്രോബിർ കുമാറുമായി മകൾക്ക് ബന്ധമുണ്ടെന്നും പ്രോബിറാണ് മകൾക്ക് ലഹരിമരുന്ന് നൽകി അടിമയാക്കിയതെന്നും പൊലീസിനോട് പിതാവ് പറഞ്ഞതായി ഔട്ട്ലുക്ക് റിപ്പോർട്ട് ചെയ്തിരുന്നു. ലഹരിമരുന്ന് സ്ഥിരമായി നൽകി പ്രോബിർ, പമേലയെ തന്റെ വലയത്തിൽ തളച്ചിടുകയായിരുന്നു.
മാഫിയ സംഘത്തിൽ നിന്നും പ്രോബിറുമായുള്ള ബന്ധത്തിൽ നിന്നും മോചിപ്പിക്കാൻ വേണ്ടിയാണ് പമേലയ്ക്കെതിരെ പിതാവ് രംഗത്ത് വന്നതെന്നും പേര് വെളിപ്പെടുത്താത്ത ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി ഔട്ട്ലുക്ക് റിപ്പോർട്ട് ചെയ്യുന്നു. പിതാവിന്റെ കത്തിന്റെ അടിസ്ഥാനത്തിൽ സംഘത്തെ മാസങ്ങളായി നിരീക്ഷിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ബിജെപി നേതാവ് കൂടിയായ പ്രോബിറിന്റെ നേതൃത്വത്തിലാണ് കൊൽക്കത്ത നഗരത്തിലെ കോളേജുകൾ ലഹരിമരുന്നുകൾ വിതരണം ചെയ്യുന്നതെന്നും പൊലീസ് പറഞ്ഞു.
ബിജെപിയിലെ പമേല ഗോസാമിയുടെ വളർച്ച പലരെയും അതിശയിപ്പിക്കുന്നതായിരുന്നു. നടിയെന്ന നിലയിൽ ബിജെപിയിലെത്തിയ പമേല പാർട്ടിയുടെ സോഷ്യൽമീഡിയ ക്യാമ്പയിനുകളിലൂടെയാണ് ശ്രദ്ധേയയായത്. 2019ലാണ് മോഡലും നടിയുമായിരുന്ന പമേല ബിജെപിയിൽ ചേർന്നത്. മികച്ച പ്രാസംഗികയായ പമേല വളരെ പെട്ടെന്ന് തന്നെ യുവാക്കളിൽ സ്വാധീനം ചെലുത്തി വളർന്നു. സംസ്ഥാന നേതാക്കളുമായി അടുത്ത ന്ധം സ്ഥാപിച്ച പമേല, ആദ്യം യുവമോർച്ചയുടെ ഹൂബ്ലി മേഖലയിലെ നേതാവായിരുന്നു. പിന്നീട് ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുള്ള വളർച്ച പെട്ടെന്നായിരുന്നു.
മറുനാടന് ഡെസ്ക്