ന്യൂഡൽഹി: പാമൊലിൻ കേസിൽ ഇപ്പോൾ ആരെയും കുറ്റവിമുക്തരാക്കാൻ കഴിയില്ലെന്നു സുപ്രീം കോടതി. വിചാരണ മുന്നോട്ട് പോകട്ടെയെന്നും കോടതി വ്യക്തമാക്കി. കേസിൽ നിന്ന് കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഭക്ഷ്യമന്ത്രി ടിഎച്ച് മുസ്തഫ, ചീഫ് സെക്രട്ടറിയായിരുന്ന ജിജി തോംസൺ, പി.ജെ. തോമസ് എന്നിവർ നൽകിയ ഹർജി പരിഗണിക്കവെയാണ് നിരീക്ഷണം. ഹർജി കോടതി തള്ളി.

സംസ്ഥാന സർക്കാരിനെ കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു. സർക്കാർ കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചുവെന്നും കോടതി വിമർശിച്ചു. ഇന്ന് ഹരജി പരിഗണിച്ചപ്പോൾ ഈ കേസ് അനന്തമായി നീട്ടിക്കൊണ്ടുപോയി പ്രതികളെ രക്ഷിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് വി എസ് അച്യുതാനന്ദന്റെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാണിച്ചു. തുടർന്ന് ഈ കേസിന്റെ നിലവിലെ സ്ഥിതി എന്താണെന്ന് സംസ്ഥാന സർക്കാറിന്റെ അഭിഭാഷകനോട് ചോദിച്ചു. സർക്കാർ നൽകിയ റിവ്യൂ ഹരജി ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ അറിയിച്ചു.

എന്നാൽ രേഖകൾ പരിശോധിച്ചശേഷം അങ്ങനെയൊരു പെറ്റീഷൻ ഹൈക്കോടതിയുടെ പരിഗണനയിലില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. റിവ്യൂ ഹർജി ഹൈക്കോടതിയിലാണെന്നു പറഞ്ഞത് തെറ്റാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. പാമൊലിൻ ഇടപാടുമായി ബന്ധപ്പെട്ട കേസ് പിൻവലിക്കുന്നതിനായി ഉമ്മൻ ചാണ്ടി സർക്കാർ കൈക്കൊണ്ട തീരുമാനത്തെ ചോദ്യം ചെയ്ത് 2007ൽ വി എസ് അച്യുതാനന്ദൻ സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തെ എതിർത്താണ് ഹർജി നൽകിയത്. ഇതാണ് തള്ളിയത്.

അഴിമതിനിരോധന നിയമപ്രകാരം കുറ്റവിചാരണെ ചയ്യുന്നതിന് കേന്ദ്രസർക്കാറിന്റെ അനുമതി ലഭിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് പി.ജെ തോമസും ജിജി തോംസണും ഹർജി സമർപ്പിച്ചത്. കെ. കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ, 199192 കാലഘട്ടത്തിലാണ് കേസിനാസ്പദമായ പാമോയിൽ ഇടപാട് നടന്നത്. മലേഷ്യയിൽനിന്ന് 15,000 ടൺ പാമോയിൽ ഇറക്കുമതി ചെയ്യുന്നതിൽ സർക്കാരിന് 2.32 കോടി രൂപ നഷ്ടമുണ്ടായെന്നാണ് കേസ്.

നേരത്തെ പാമോലിൻ ഇടപാട് കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ തൃശ്ശൂർ വിജിലൻലൻസ് കോടതി പരാമർശം നടത്തിയിരുന്നു. ഉദ്യോഗസ്ഥരുടെ മേൽ കുറ്റം ചുമത്താനാവില്ല. ധനമന്ത്രി എന്ന നിലയിൽ ഉമ്മൻ ചാണ്ടി ഫയലിൽ ഒപ്പിട്ടിട്ടുണ്ടെന്ന് കോടതി നിരീക്ഷിക്കുകയുണ്ടായി. ധനമന്ത്രി ഫയൽ കാണണമെന്ന് അഡീഷണൽ സെക്രട്ടറിയുടെ കുറിപ്പുണ്ടായിരുന്നു. ഉദ്യോഗസ്ഥർക്ക് മന്ത്രി സഭാ തീരുമാനം മാത്രമേ അംഗീകരിക്കാൻ സാധിക്കുകയുള്ളൂവെന്നും കോടതി വ്യക്തമാക്കി. മുൻ ചീഫ് സെക്രട്ടറിമാരായ പത്മകുമാർ, സക്കറിയ മാത്യു എന്നിവരെ കുറ്റവിമുക്തരാക്കിയാണ് കോടതി പരാമർശം നടത്തിയത്.

തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോഴാണ് പാമോലിൻ കേസ് ഉയർന്നുവന്നത്. ഇത് യുഡിഎഫിന് തിരിച്ചടിയാകുമോയെന്ന ആശങ്കയാണ് രാഷ്ട്രീയ വൃത്തങ്ങളിൽ ഉടലെടുത്തിരിക്കുന്നത്.