- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നീണ്ട ആശുപത്രി വാസത്തിനു ശേഷം പാണക്കാട് ഹൈദരലി തങ്ങൾ വീട്ടിൽ തിരിച്ചെത്തി; സുഖവിവരങ്ങൾ അന്വേഷിച്ച് ഫോൺ വിളിച്ച് രാഹുൽ ഗാന്ധി; വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും പൊതുപരിപാടികളിൽ പങ്കെടുക്കുവാൻ കഴിയട്ടെയെന്നും രാഹുൽ ഗാന്ധി
മലപ്പുറം: ഒരു മാസത്തോളം നീണ്ട ആശുപത്രി വാസത്തിനു ശേഷം മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി തങ്ങൾ വീട്ടിൽ തിരിച്ചെത്തി. ചികിത്സക്കുശേഷം പാണക്കാട് തിരിച്ചെത്തിയ ഹൈദരലി തങ്ങളെ രാഹുൽ ഗാന്ധി എംപി ഫോണിൽ വിളിച്ച് സുഖവിവരങ്ങൾ അന്വേഷിച്ചു. എത്രയും വേഗത്തിൽ പൂർണമായി സുഖം പ്രാപിക്കട്ടെയെന്നും പൊതുപരിപാടികളിൽ പങ്കെടുക്കുവാൻ കഴിയട്ടെയെന്നും രാഹുൽ ഗാന്ധി ആശംസിച്ചു.
വാർധക്യസഹജമായ ശാരീരിക പ്രശ്നങ്ങളും മറ്റു ചില രോഗങ്ങളും മൂലമാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ കോഴിക്കോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. കോഴിക്കോട് ചികിത്സയിലായിരുന്നതിനാൽ തന്നെ പാർട്ടി കാര്യങ്ങളിലൊന്നും തങ്ങൾക്ക് കാര്യമായി ഇടപെടാൻ സാധിച്ചിരുന്നില്ല. ചന്ദ്രിക വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മകൻ മുഈനലി തങ്ങളുടെ വിവാദ പ്രസ്താവനകളും കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള പരമാർശങ്ങളും ഏറെ വിവാദമായിരുന്നു.
തങ്ങൾ ആശുപത്രി വിടുന്ന മുറക്കു വിഷയത്തിൽ തീരുമാനം എടുക്കുമെന്നാണ് നേതൃത്വം അറിയിച്ചിരുന്നത്. മുഈനലി തങ്ങൾക്കെതിരെ നടപടിയെടുക്കണമെന്ന് വലിയ രീതിയിലുള്ള ആവശ്യങ്ങൾ ഉയർന്നിരുന്നെങ്കിലും ഇതിൽ തീരുമാനമെടുക്കാൻ ഹൈദരലി തങ്ങളെ ചുമതലപ്പെടുത്തുകയായിരുന്നു.
പാണക്കാട് കുടുംബാംഗത്തിനെതിരെ നടപടിയെടുക്കുന്നതു ഭാവിയിൽ പാർട്ടിക്കും കുടുംബത്തിനും ദോഷംചെയ്യുമെന്നായിരുന്നു പാണക്കാട്ടെ മറ്റു തങ്ങൾമാരുടെ അഭിപ്രായം.
ഹൈദരലി തങ്ങൾ ഇടപെട്ടാലും മുഈനഅലി വിഷയത്തിൽ കാര്യമായി നടപടിയുണ്ടാകില്ലെന്നാണു ലഭിക്കുന്ന വിവരം. മുഈൻ അലിയെ പരസ്യമായി തള്ളിയ പാണക്കാട്ടെ കുടുംബം രഹസ്യമായി പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.
കഴിഞ്ഞദിവസം മുഈൻ അലിയുടെ പ്രവൃത്തി പാർട്ടിക്ക് ക്ഷീണമായെന്ന് വിലയിരുത്തിയ പാണക്കാട് കുടുംബയോഗം പരസ്യമായി പിന്തുണ നൽകേണ്ടെന്നും തീരുമാനിക്കുകയായിരുന്നു. എന്നാൽ പാണക്കാട് റഷീദലി തങ്ങളുടെ നേതൃത്വത്തിൽവച്ചാണ് പാണക്കാട്ടെ തങ്ങൾമാരുടെ യോഗം ചേരുകയും മുയിൻഅലി തങ്ങൾക്കെതിരെ നടപടിയെടുക്കുന്നതിനോട് വിയോചിക്കുകയും ചെയ്യുകയായിരുന്നു.
മുസ്ലിംലീഗ് ഉന്നതാധികാര സമിതി അംഗംകൂടിയായ പാണക്കാട് സാദിഖലി തങ്ങളും യോഗത്തിലുണ്ടായിരുന്നു. എന്നാൽ മുഈൻഅലിയുടെ പ്രവർത്തനംകൊണ്ടു പാർട്ടിക്കുണ്ടായ ക്ഷീണം ചെറുതല്ലെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി. പാണക്കാട് കുടുംബാംഗത്തിനെതിരെ നടപടിയെടുക്കുന്നതു ഭാവിയിൽ പാർട്ടിക്കും കുടുംബത്തിനും ദോഷംചെയ്യുമെന്ന ചില മുതിർന്ന നേതാക്കളുടെ അഭിപ്രായങ്ങൾകൂടി കണക്കിലെത്താണ് സാദിഖലി തങ്ങളും ഇക്കാര്യത്തോട് യോജിച്ചത്.
തുടർന്നു അന്നേദിവസം ഉച്ചയോടെ തന്നെ കുഞ്ഞാലിക്കുട്ടിയോട് ഇക്കാര്യം ഫോണിൽ വിളിച്ചു പറയുകയുംചെയ്തു. ഇത്തരത്തിൽ പരസ്യ പ്രസ്താവനകൾ നടത്തിയിട്ടും തികച്ചും സംയമനത്തോടു കൂടി വിഷയം കൈകാര്യംചെയ്ത കുഞ്ഞാലിക്കുട്ടിയുടെ നിലപാടും ഇതിനിടെ ചർച്ചചെയ്തു. ഹമീദലി തങ്ങൾ, അബ്ബാസലി തങ്ങൾ, ബഷീറലി തങ്ങൾ തുടങ്ങിയവരാണ് ചർച്ചയിൽ പങ്കെടുത്തത്.
മുനവ്വറലി ശിഹാബ് തങ്ങൾ മറ്റൊരാവശ്യത്തിനായി ബീഹാറിൽപോയതിനാൽ ചർച്ചയിൽ പങ്കെടുത്തില്ല. എങ്കിലും നിലപാട് അറിയാൻ ഫോണിൽ ബന്ധപ്പെടുകയും ചെയ്തു. നിലവിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ഹൈദരലി തങ്ങളെ വിവരം അറിയിച്ച് അദ്ദേഹത്തിന്റെ തീരുമാനം അറിഞ്ഞ ശേഷം മാത്രം മറ്റു നടപടികൾ എടുത്താൽ മതിയെന്ന തീരുമാനം ആദ്യം എടുത്തതും പാണക്കാട് കുടുംബാംഗങ്ങൾ ആണ്. ഇക്കാര്യം പിന്നീട് ഉന്നതാധികാര സമിതിയിൽ സാദിഖലി തങ്ങൾ അവതരിപ്പിച്ചപ്പോൾ ഭൂരിഭാഗവും അംഗീകരിക്കുകയും ചെയ്യുകയായിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്