മലപ്പുറം: യു.ഡി.എഫ് അധികാരത്തിലെത്തിയാൽ മുസ്ലിം ലീ​ഗിന് എത്ര മന്ത്രിമാരുണ്ടാകും എന്നത് പാർട്ടിയുടെ നിയമസഭയിലെ അം​ഗബലം എത്ര എന്നതിനെ ആശ്രയിച്ചാണെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. ലീഗിന്റെ അംഗസംഖ്യ അനുസരിച്ച് മന്ത്രിസ്ഥാനം ആവശ്യപ്പെടുമെന്നായിരുന്നു മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് റിപ്പോർട്ടർ ചാനലിനോട് പ്രതികരിച്ചത്. സമസ്തയും ലീഗും തമ്മിൽ യാതൊരു അഭിപ്രായ വ്യത്യാസവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഉപമുഖ്യമന്ത്രി സ്ഥാനമടക്കമുള്ള കാര്യങ്ങളിൽ തീരുമാനം ആലോചിച്ച് എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘ലീഗ് യു.ഡി.എഫിന്റെ പ്രബലകക്ഷിയാണ്. അർഹമായ സീറ്റ് തങ്ങൾക്ക് അവകാശപ്പെട്ടതാണ്. എൻ.ഡി.എയിലേക്കുള്ള ലീഗിന്റെ പ്രവേശനം ഒരുകാലത്തും നടക്കില്ല. ഇടതുപക്ഷവുമായി ചേരേണ്ട സ്ഥിതി വന്നാൽ അത് പിന്നീട് ആലോചിക്കും.മുസ്‌ലിം ലീഗിന്റെ അംഗസംഖ്യ അനുസരിച്ച് മന്ത്രിസ്ഥാനം ആവശ്യപ്പെടാനാണ് ലീഗ് നേതൃത്വം കണക്കുകൂട്ടുന്നത്. ഉപമുഖ്യമന്ത്രി സ്ഥാനമുൾപ്പെടെയുള്ള കാര്യങ്ങൾ പിന്നീട് തീരുമാനിക്കും,' ശിഹാബ് തങ്ങൾ പറഞ്ഞു.

സമസ്തയും ലീഗും തമ്മിൽ യാതൊരു അഭിപ്രായ വ്യത്യാസവുമില്ല. അതേസമയം ഏതെങ്കിലും ചില പ്രവർത്തകരുടെ അഭിപ്രായം സമസ്തയുടെ അഭിപ്രായമായി കണക്കാക്കേണ്ടതില്ലെന്നും തങ്ങൾ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ ഏകാധിപതിയാണെന്നും കേരളത്തിൽ ഭരണം തകിടം മറിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.