മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പി ഡി പി ചെയർമാൻ അബ്ദുൽ നാസർ മഅദനിയെ സന്ദർശിച്ചു. ബാംഗ്ലൂരിലെ മഅദനിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്‌ച്ച. ഇന്നലെ വൈകുന്നേരമാണ് അദ്ദേഹം മഅദനിയെ സന്ദർശിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ മനുഷ്യാവകാശ സമ്മേളനങ്ങൾ സംഘടിപ്പിച്ചിരുന്നു. ഇരകൾക്കൊപ്പം നിൽക്കുമെന്നും മനുഷ്യാവകാശ നിഷേധത്തിനെതിരെ നിലകൊള്ളുമെന്നും മുസ്ലിം ലീഗ് പ്രഖ്യാപിച്ചിരുന്നു.

ഇതിന്റെ ഭാഗമായാണ് രാഷ്ട്രീയ എതിരാളിയാണെങ്കിലും മഅദനിയെ കാണാൻ ഹൈദരലി തങ്ങൾ തയ്യാറായത്. എന്നാൽ രാഷ്ട്രീയ ഐക്യം സന്ദർശനത്തിന് പിന്നിലുണ്ടെന്നും നീരീക്കുന്നവരുണ്ട്. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ മഅദനിയെ സന്ദർശിച്ചത് വരും ദിവസങ്ങളിൽ വൻ രാഷ്ട്രീയ ചർച്ചകൾക്ക് വഴിയൊരുക്കുമെന്നത് തീർച്ചയാണ്.

പത്തു വർഷത്തിനു ശേഷമാണ് മുസ്ലിം ലീഗിന്റെ സംസ്ഥാന അധ്യക്ഷൻ മഅദനിയുമായി കൂടിക്കാഴ്‌ച്ച നടത്തുന്നത്. ഇരുവരും തമ്മിൽ ചർച്ച ചെയ്ത വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. മഅദനിയോട് എന്നും നയപരമായ അകൽച്ച പാലിക്കുന്ന മുസ്ലിം ലീഗ് എന്ന പ്രസ്ഥാനത്തിന്റെ സംസ്ഥാന പ്രസിഡന്റും, ദേശീയ രാഷ്ട്രീയകാര്യ സമിതിയുടെ അധ്യക്ഷനുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ സന്ദർശനം പ്രതിപക്ഷ കക്ഷികൾ അടക്കം വരും ദിവസങ്ങളിൽ ചർച്ചയാക്കും. യു ഡി എഫിനോടും, മുസ്ലിം ലീഗിനോടും അകലം സൂക്ഷിച്ചിട്ടുള്ള പി ഡി പിയുടെ നിലപാടിലും മാറ്റമുണ്ടായോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്.

ബാംഗ്ലൂർ ബെൻസൽ ടൗണിലെ മഅദനിയുടെ താൽക്കാലിക വസതിയിലാണ് കൂടിക്കാഴ്‌ച്ച. എസ് വൈ എസ് (ഇ.കെ വിഭാഗം) സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായിയും ഹൈദരലി തങ്ങളോടൊപ്പം മഅദനിയെ സന്ദർശിച്ചു.