മലപ്പുറം: കാന്തപുരത്തിന് പിന്നാലെ മുസ്ലിം സ്ത്രീകൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെ എതിരെ രംഗത്തെത്തിയ എംഎൽഎ അബ്ദുൾ സമദ് സമദാനി ഈ ചിത്രം കാണുന്നുണ്ടോ? മറ്റൊന്നുമല്ല, അദ്ദേഹത്തിന്റെ പാർട്ടിക്കാരനും സമസ്തയുടെ നേതാവുമായ പാണക്കാട് മുനവറലി ശിഹാബ് തങ്ങളുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ അതിവേഗം വ്യാപിക്കുന്നത്. സ്ത്രീ സംവരണത്തെ എതിർത്തു കൊണ്ട് ലീഗ് നേതാക്കൽ രംഗത്തെത്തുമ്പോൾ തന്നെ ഒരു വനിതാ സ്ഥാനാർത്ഥിക്കൊപ്പം മുനവറലി സിഹാബ് തങ്ങൾ പ്രചരണം നടത്തുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പിൽ ഏർപ്പെടുത്തിയ അമ്പത് ശതമാനം വനിതാ സംവരണത്തിനും ലീഗ് ഉൾപ്പെടെയുള്ള പാർട്ടികൾ വനിതകളെ സ്ഥാനാർത്ഥികളായി മത്സരിപ്പിക്കുന്നതിനും എതിരെ വിവിധ സമസ്തയിൽ നിന്നും മറ്റ് മുസ്ലിം സംഘടനകളിൽ നിന്നും എതിർപ്പുയരുന്ന സാഹചര്യത്തിൽ തന്നെയാണ് വാട്‌സ് ആപ്പിലും മറ്റുമായി മുനവറലി തങ്ങളുടെ ചിത്രം പ്രചരിക്കുന്നത്.

സ്ത്രീകൾ പൊതുരംഗത്തിറങ്ങുന്നത് ഇസ്‌ലാമിക വിരുദ്ധമാണെന്ന് വാദിക്കുന്ന അബ്ദുൾ സമദ് സമദാനിയുടെ പ്രസംഗം വാട്‌സ് ആപ്പിസലും മറ്റുമായി വ്യാപകമായ തോതിൽ പ്രചരിക്കുന്നുണ്ട്. സ്ത്രീ വർഗത്തെ അധികാരമേൽപ്പിക്കുന്നവരെ അള്ളാഹു ശപിച്ചിരിക്കുന്നുവെന്നു പറഞ്ഞാണ് സമദാനി രംഗത്തെത്തിയത്. ഇസ്‌ലാമിൽ പെണ്ണിന്റെ സ്ഥാനം റോഡിൽ ഇറങ്ങുന്നതോ പ്രകടനം നയിക്കുന്നതോ അല്ല, മറിച്ച് കുടുംബത്തിൽ കഴിഞ്ഞ് കൂടുകയാണെന്നും ഇതാണ് മുഹമ്മദ് നബിയുടെ ശൈലിയെന്നുമാണ് സമദാനി ഒരു പൊതുപരിപാടിയിൽ പ്രസംഗിച്ചത്.

സമസ്തയുടെ ഉപാദ്ധ്യക്ഷൻ കൂടിയായ ലീഗ് പ്രസിഡന്റ് പാണക്കാട് ഹൈദരലി തങ്ങളും ഈ വിഷയത്തിൽ പ്രതികരിച്ചിരുന്നില്ല. തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമോയെന്ന് ഭയന്നാണ് ഈ വിഷയത്തിൽ പ്രതികരിക്കാൻ ലീഗ് നേതാക്കൾ തയ്യാറാകാത്തത്. സമദാനിക്കു പുറമേ സമസ്ത യുവപണ്ഡിതനായ സിംസാറുൽ ഹഖ് സ്ത്രീകൾ മത്സരിക്കുന്നതിനെതിരെ മുന്നോട്ടുവന്നിരുന്നു. മുസ്‌ലിം സ്ത്രീകൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് മതവിരുദ്ധമാണെന്നാണ് ഇദ്ദേഹത്തിന്റെ വാദം.

സ്ത്രീകൾക്ക് തെരഞ്ഞെടുപ്പിൽ അനുവദിച്ച സംവരണം കൂടിപ്പോയെന്നും സ്ത്രീകൾക്ക് ഇത്രയും പ്രധാന്യം നൽകേണ്ടെന്നും പറഞ്ഞ് സമസ്ത എ.പി വിഭാഗം നേതാവ് കാന്തപുരം എ.പി അബൂബക്കർ മുസ്‌ല്യാർ നേരത്തെ രംഗത്തെത്തിയിരുന്നു. ഇത്തരത്തിൽ വിവിധ മുസ്‌ലീം സംഘടനകൾ സ്ത്രീകൾ മത്സരിക്കുന്നതിനെതിരെ രംഗത്തുവന്ന സാഹചര്യത്തിലാണ് ഇ.കെ വിഭാഗം സമസ്തയുടെ ആത്മീയ നേതൃ കുടുംബമായ പാണക്കാട് കുടുംബത്തിലെ അംഗമായ മുനവറലി ശിഹാബ് തങ്ങൾ വനിതാ സ്ഥാനാർത്ഥിക്കൊപ്പം പ്രചരണ രംഗത്തിറങ്ങിയിരിക്കുന്നത്.

ഈ വിഷയത്തിൽ നേരത്തെ പാണക്കാട് കുടുംബാംഗമായ സാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായം പറഞ്ഞിരുന്നു. വനിതാ സംവരണം നിയമം മൂലം ഉണ്ടായ സംഗതി ആണെന്നും അത് വേണ്ടെങ്കിൽ വേറൊരു നിയമമാണ് വേണ്ടതെന്നുമാണ്  സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞത്. തിരഞ്ഞെടുപ്പിൽ ചില സ്ഥലങ്ങളിൽ ഭാര്യയുടെ പടം വെക്കാതെ ഭർത്താവിന്റെ പടം വെക്കുന്നത് ശരിയല്ലെന്നും അദ്ദേഹം മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. മത്സരിക്കുന്നത് ആരാണോ അവരുടെ പടമാണ് വെക്കേണ്ടതെന്നായിരുന്നും അദ്ദേഹത്തിന്റെ അഭിപ്രായം.