- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഴ് എംഎൽഎമാരിൽ നിന്ന് 20ലേക്ക് ഉയർത്തി; അഞ്ചാം മന്ത്രിയെ നൽകിയതും തങ്ങളുടെ കാർക്കശ്യം; നാല് എംപിമാരേയും കേന്ദ്രമന്ത്രിയേയും കിട്ടിയ സുവർണ്ണകാലം; ഐസ്‌ക്രീം വിവാദത്തെ കുഞ്ഞാലിക്കുട്ടി അതിജീവിച്ചതും ഈ നേതാവിന്റെ തണലിൽ; മായുന്നത് ലീഗ് രാഷ്ട്രീയത്തിലെ സൗമ്യമുഖമുള്ള അതിശക്തൻ; ഹൈദരലി ശിഹാബ് തങ്ങൾ ആത്മീയ നിറവുള്ള രാഷ്ട്രീയക്കാരൻ

മലപ്പുറം: മുസ്ലിം ലീഗിലെ സൗമ്യനായ നേതാവ്. പക്ഷേ തീരുമാനം എടുക്കുന്നതിൽ അതിശക്തനും. മുസ്ലിം ലീഗിന്റെ ക്ഷീണകാലത്താണ് ആത്മീയ നേതാവ് കൂടിയായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അധ്യക്ഷ പദവിയിലെത്തുന്നത്. അതും ജേഷ്ഠന്റെ മരണ ശേഷം. ഐസ്‌ക്രീം പാർലർ വിവാദത്തെ തുടർന്ന് മുസ്ലിം ലീഗിന്റെ നിയമസഭയിലെ അംഗ സംഖ്യ ഏഴായി ചുരുങ്ങിയിരുന്നു. പികെ കുഞ്ഞാലിക്കുട്ടി പോലും തെരഞ്ഞെടുപ്പിൽ തോറ്റ കാലം. ഇവിടെ നിന്ന് 20 എംഎൽഎമാരുള്ള പാർട്ടിയായി മുസ്ലിം ലീഗിനെ തങ്ങൾ മാറ്റി. അഞ്ചു മന്ത്രിമാർ, നാല് പാർലമെന്റ് അംഗങ്ങളും പാർട്ടിക്ക് ഉണ്ടായത് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ കാലത്താണ്.
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷ പദവിയിൽ ദീർഘനാളായി പ്രവർത്തിച്ചുവരികയായിരുന്നു. 18 വർഷത്തോളം മുസ്ലിം ലീഗിന്റെ ജില്ലാ അധ്യക്ഷനായിരുന്നു. വർഷങ്ങളായി സുന്നി സംഘടനകളുടെ നേതൃത്വ തലത്തിൽ പ്രവർത്തിച്ചു. 1947 ജൂൺ 15ന് മലപ്പുറത്തെ പാണക്കാട് ആയിരുന്നു ജനനം. മുസ്ലിം ലീഗിന്റെ സംസ്ഥാന അധ്യക്ഷ പദവിയിൽ നീണ്ട 12 വർഷത്തോളം ഉണ്ടായിരുന്നു. ഇതാണ് ലീഗിന്റെ സുവർണ്ണ കാലവും. പികെ കുഞ്ഞാലിക്കുട്ടിയുടെ അപ്രമാധിത്വം പോലും ഹൈദരലി തങ്ങൾ അംഗീകരിച്ചു കൊടുത്തില്ല. മലപ്പുറത്ത് അതിശക്തമായ വേരുകളുണ്ടായി. കഴിഞ്ഞ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പിലും ഇടതു തേരോട്ടമായിരുന്നു. അപ്പോഴും മലപ്പുറത്തെ കോട്ട കാത്തത് പാണക്കാട്ടെ തങ്ങളുടെ കരുതലായിരുന്നു.
മുസ്ലിം ലീഗിന് മാത്രമല്ല എല്ലാവർക്കും തണലായിരുന്നു തങ്ങൾ എന്നതാണ് വസ്തുത. യാതൊരു വിധ താത്പര്യങ്ങൾക്കും വഴങ്ങാതെ സത്യത്തിന്റേയും നീതിയുടേയും പക്ഷത്ത് നിന്നൊരു വ്യക്തി. അതുകൊണ്ട് തന്നെ മുസ്ലിം ലീഗ് രാഷ്ട്രീയത്തിന് മാത്രമല്ല. എല്ലാവർക്കും അദ്ദേഹം തണലായിരുന്നു. കേരളത്തിലെ എല്ലാ രാഷ്ട്രീയക്കാരുമായും അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. ആർക്കും എപ്പോൾ വേണമെങ്കിലും തങ്ങളെ കാണാൻ ഓടിയെത്താമായിരുന്നു. യുഡിഎഫിലേയും കോൺഗ്രസിലേയും പല പ്രശ്‌നങ്ങൾക്കും തങ്ങൾ പരിഹാര നിർദ്ദേശകനായി. യുഡിഎഫിന്റെ തോൽവിയിലും ആ മുന്നണിയിൽ ത്‌ന്നെ ലീഗിനെ ഉറപ്പിച്ചു നിർത്തിയതും തങ്ങളാണ്. അതുകൊണ്ട് തന്നെ ഹൈദരലി തങ്ങളുടെ മടക്കം ലീഗ് രാഷ്ട്രീയത്തെ മാറ്റി മറിക്കുമോ എന്ന ചർച്ചകളും ഇനി ഉയരും.
മുസ്ലിം ലീഗിന്റെ വിദ്യാർത്ഥി പ്രസ്ഥാനത്തിലും മറ്റും പല പ്രശ്‌നങ്ങളും ഉണ്ടായി. നാഥനില്ലാ കളരിയെ പോലെ പലർക്കും ലീഗിനെ വിലയിരുത്തേണ്ടി വന്നു. ഇതിനെല്ലാം കാരണം ഹൈദരലി തങ്ങളുടെ രോഗാവസ്ഥയായിരുന്നു. കൊടുപ്പനക്കൽ തറവാട്ടിലെ കേടാ വിളക്കായി നിറഞ്ഞ ഹൈദരലി തങ്ങൾ ലീഗിലെ എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരം നിർദ്ദേശിച്ചു. എന്നാൽ അസുഖ കാലത്ത് സ്വയം മാറി നിൽക്കുകയായിരുന്നു തങ്ങൾ. ക്യാൻസ് രോഗമാണ് തങ്ങളെ തളർത്തിയതും. ലീഗിലെ എല്ലാ നേതാക്കളേയും ഒരേ ചരടിൽ കൊണ്ടു പോയ നേതാവാണ് വിടവാങ്ങുന്നത്. ഇത് യുഡിഎഫ് രാഷ്ട്രീയത്തിലും മാറ്റങ്ങൾക്കും ചലനങ്ങൾക്കും വഴിയൊരുക്കും.
ഉമ്മൻ ചാണ്ടി സർക്കാർ 2011ൽ അധികാരത്തിലെത്തുമ്പോൾ യുഡിഎഫിന് 71 അംഗങ്ങളുടെ പിന്തുണ മാത്രമാണുണ്ടായിരുന്നത്. കോൺഗ്രസിന് വമ്പൻ തിരിച്ചടികൾ നേരിട്ടു. ഈ കാലത്തെ യുഡിഎഫിന് അതിജീവിച്ച് അധികാരത്തിലെത്താൻ കഴിഞ്ഞത് ലീഗ് നേടിയ 20 സീറ്റുകളുടെ കരുത്തിലായിരുന്നു. മിതഭാഷിയായ തങ്ങളുടെ കണിശതയാണ് അഞ്ചാം മന്ത്രിയെ മുസ്ലിം ലീഗിന് നൽകിയത്. 15-ാം സഭയിലും 15 അംഗങ്ങൾ മുസ്ലിം ലീഗിനുണ്ടെന്നതാണ് വസ്തുത. യുഡിഎഫിന് വലിയ തിരിച്ചടിയുണ്ടായ സമയത്തായിരുന്നു ഇത്. കണ്ണൂരിലും കോഴിക്കോട്ടും എറണാകുളത്തും നേരിട്ട തിരിച്ചടിയായിരുന്നു ലീഗിനെ 15ലേക്ക് എത്തിച്ചതെന്നതാണ് വസ്തുത. അപ്പോഴും മലപ്പുറത്തെ ലീഗ് കോട്ടകളിൽ വലിയ വിള്ളലുണ്ടാക്കാൻ സിപിഎമ്മിനായിരുന്നില്ല.
പരേതനായ ഇ അഹമ്മദിനേയും പികെ കുഞ്ഞാലിക്കുട്ടിയേയും ഇടി മുഹമ്മദ് ബഷീറിനേയും തന്റെ കീഴിൽ ഒരുമിച്ച് നിർത്തി തങ്ങൾ. പാർട്ടിയിലെ വിഭാഗീയതകളിലെല്ലാം തീരുമാനം തങ്ങളുടേതായി. കുഞ്ഞാലിക്കുട്ടിയും അബ്ദുൾ വഹാബും തമ്മിലെ പ്രശ്‌നങ്ങളിലും കൃത്യമായ തീരുമാനം എടുത്തു. മതനിരപേക്ഷത ഉറപ്പാക്കി രാഷ്ട്രീയ ഇടപെടൽ നടത്തിയ തങ്ങൾ സമസ്തയേയും ലീഗിനോട് ചേർത്ത് നിർത്തി. സമസ്ത ലീഗുമായി അകലുന്നതും തങ്ങൾ രോഗാവസ്ഥയിൽ ആയ ശേഷമാണ്. ഇതും വരും നാളുകളിലെ മുസ്ലിം രാഷ്ട്രീയത്തിൽ നിർണ്ണായകമാകും. സമസ്തയെ ചേർത്തു നിർത്താൻ ഇനി ലീഗിന് കഴിയുമോ എന്നതാണ് ഉയരുന്ന ചോദ്യം.
അസുഖബാധിതനായി ചികിത്സയിലായിരുന്നു പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ. പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെ മൂന്നാമത്തെ മകനാണ് ഹൈദരലി. മുഹമ്മദലി ശിഹാബ് തങ്ങൾ, ഉമറലി ശിഹാബ് തങ്ങൾ എന്നിവർ സഹോദരങ്ങളാണ്. സമസ്തയുടെ ഉപാധ്യക്ഷനാണ്. 18 വർഷത്തോളം മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റായിരുന്ന തങ്ങൾ, മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണശേഷമാണ് ലീഗ് സംസ്ഥാന അധ്യക്ഷനായത്. കേരളത്തിലെ ഒരുപാട് മുസ്ലിം മഹല്ലുകളുടെ ഖാദിയായ ഇദ്ദേഹം ദാറുൽ ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റി, കടമേരി റഹ്മാനിയ്യ അറബിക് കോളേജ്, നന്തി ദാറുസ്സലാം അറബിക് കോളേജ് അടങ്ങിയ ഉന്നത മതകലാലയങ്ങളുടെ അധ്യക്ഷ സ്ഥാനവും വഹിക്കുന്നുണ്ട്.
പുതിയ മാളിയേക്കൽ സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെയും(പി.എം.എസ്.എ പൂക്കോയ തങ്ങൾ) മർയം എന്ന ചെറിഞ്ഞി ബീവിയുടെയും പുതന്മാനരിൽ മൂന്നാമനായി 1947 ജൂൺ 15ന് പാണക്കാട് കൊടപ്പനക്കൽ തറവാട്ടിൽ ജനനം. ഓത്തുപള്ളിയിലായിരുന്നു പ്രാഥമിക പഠനം. പണക്കാട്ടെ ദേവധാർ സ്‌കൂളിൽ ഒന്നു മുതൽ നാലു വരെ പഠിച്ചു. തുടർന്ന് കോഴിക്കോട് മദ്‌റസത്തുൽ മുഹമ്മദിയ്യ(എം.എം ഹൈസ്‌കൂൾ) സ്‌കൂളിൽ ചേർന്നു. പത്തുവരെ അവിടെയായിരുന്നു പഠനം.
എസ്.എസ്.എൽ.സിക്കു ശേഷം മതപഠനത്തിനലേക്ക് തിരിഞ്ഞു. മലപ്പുറം തിരുന്നാവായക്കടുത്ത കോന്നല്ലൂർ ദർസിലാണ് ആദ്യം ചേർന്നത് . തുടർന്ന് പൊന്നാനി മഊനത്തിൽ ഇസ്ലാമിലും അവിടെനിന്ന് പട്ടിക്കാട് ജാമിഅ നൂരിയ്യയിലേക്കും പഠനം തുടർന്നു. 1972ൽ ആണ് ജാമിഅയിൽ ചേർന്നത്. 1975 ഫൈസി ബിരുദം നേടി. ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്ലിയാർ, കോട്ടുമല അബൂബക്കർ മുസ്ലിയാർ, കുമരംപുത്തൂർ എ.പി മുഹമ്മദ് മുസ്ലിയാർ തുടങ്ങിയവരായിരുന്നു ഗുരുവര്യന്മാർ. ജാമിഅയിലെ പഠനത്തിനിടെ വിദ്യാർത്ഥി സംഘടനയായ നൂറുൽ ഉലമ സ്റ്റുഡന്റ് ഫെഡറേഷന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. പൊതുപ്രവർത്തനത്തിന്റെയും സംഘടനാ പ്രവർത്തനത്തിന്റെയും തുടക്കം ഇതായിരുന്നു.
1973ൽ സുന്നി സ്റ്റുഡന്റ് ഫെഡറേഷൻ രൂപീകരിച്ചപ്പോൾ അതിന്റെ പ്രഥമ സംസ്ഥാന പ്രസിഡന്റായി ഹൈദരലി തങ്ങളെ തെരഞ്ഞെടുത്തു. 1977ൽ മലപ്പുറം ജില്ലയിലെ പുൽപ്പറ്റ പഞ്ചായത്തിലെ പൂക്കൊളത്തൂരിൽ മഹല്ല് പള്ളി- മദ്‌റസ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തു. പിതാവ് പി.എം.എസ്.എ പൂക്കോയ തങ്ങളുടെ മരണത്തോടെയാണ് രാഷ്ട്രീയ, മത രംഗത്തേട് കൂടുതൽ സജീവമായി ഇടപെടുന്നത്. സഹോദരങ്ങളായ മുഹമ്മദലി ശിഹാബ് തങ്ങളും ഉമറലി ശിഹാബ് തങ്ങളും മരണപ്പെട്ടതോടെ അവരുടെ ഉത്തരവാദിത്വങ്ങൾ ഹൈദരലി തങ്ങൾ ഏറ്റെടുത്തു. 2008ൽ സമസ്ത മുശാവറ അംഗമായ തെരഞ്ഞെടുക്കപ്പെട്ട തങ്ങളെ 2010 ഒക്ടോബർ രണ്ടിന് വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു.
2009ലാണ് സുന്നി യുവജനസംഘം സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്തത്. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ 2009 ഓഗസ്റ്റ് ഒന്നിന് മരണപ്പെട്ടതോടെ മുസ്ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റായും ഹൈദരലി ശിഹാബ് തങ്ങളെ തെരഞ്ഞെടുത്തു. ആയിരത്തിലധികം മഹല്ലുകളുടെ ഖാസി, പട്ടിക്കാട് ജാമിഅ നൂരിയ്യ അടക്കമുള്ള നൂറുകണക്കിന് മത-ഭൗതിക സ്ഥാപനങ്ങളുടെ പ്രസിഡന്റ്, അനാഥ അഗതി മന്ദിരങ്ങളുടെ അധ്യക്ഷൻ, സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്റ് തുടങ്ങി ആത്മീയ, സാമൂഹ്യ, സാംസ്‌കാരിക, രംഗത്തെ നേതൃ ചുമതലകൾ വഹിച്ചു.


