റിയാദ്: മെക്കയിലെ കഅ്ബ കഴുകൽ ചടങ്ങിനെത്തിയ മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് ഹൈദരലി തങ്ങൾ പ്രവേശനം ലഭിക്കാതെ മടങ്ങി. സൗദി രാജാവിന്റെ പ്രത്യേക ക്ഷണമുണ്ടെന്ന അവകാശവാദവുമായി മെക്ക പള്ളിയിലെ കഅ്ബ കഴുകൽ ചടങ്ങിൽ പങ്കെടുക്കാനെത്തിയ തങ്ങൾക്കു പുണ്യസ്ഥലത്ത് പ്രവേശനം ലഭിച്ചില്ലെന്നു നാരദ ന്യൂസാണു റിപ്പോർട്ടു ചെയ്തത്.

നേരത്തെ, തങ്ങളെ സൗദി രാജാവു ക്ഷണിച്ചിരുന്നുവെന്ന തരത്തിൽ വ്യാപക പ്രചാരണമാണ് മുസ്ലിം ലീഗ് അണികൾ സോഷ്യൽ മീഡിയയിൽ നടത്തിയിരുന്നത്. എന്നാൽ, ഈ പ്രചാരണം അടിസ്ഥാനമില്ലാത്തത് ആയിരുന്നുവെന്നാണു പുതിയ സംഭവം തെളിയിക്കുന്നത്.

ചരിത്രമുഹൂർത്തം കാണാൻ ആവേശത്തോടെ കാത്തിരുന്ന ലീഗ് അനുകൂലികളും കെഎംസിസി പ്രവർത്തകരും കടുത്ത നിരാശയിലാണിപ്പോൾ. ഫേസ്‌ബുക്കിൽ നടത്തിയ പ്രചാരണങ്ങൾ ഇതിനകം തന്നെ അവർക്കു തിരിച്ചടിയായി എന്ന തിരിച്ചറിവും ലീഗ് അണികൾക്കുണ്ട്.

ചെറിയ സംഘത്തിനുമാത്രമേ മെക്ക പള്ളിയിലെ കഅ്ബയിലേയ്ക്ക് പ്രവേശനമുള്ളൂ. വിശിഷ്ട വ്യക്തികളും വിദേശ സ്ഥാനപതികളുമടക്കം ഉള്ളവരാണ് ഈ അതിഥികൾ. ഇവരെ ചടങ്ങു നടക്കുന്നിടത്തേക്കു സ്വീകരിക്കുന്നത് മെക്ക ഗവർണറാണ്. സംഘത്തിലേയ്ക്ക് പാണക്കാട് തങ്ങൾക്കും ക്ഷണമുണ്ടെന്നാണ് മുസ്ലിം ലീഗ് അണികൾ പ്രചരിപ്പിച്ചിരുന്നത്.

അതിനിടെ, കഴിഞ്ഞ ദിവസം ജിദ്ദയിലെത്തിയ ഹൈദരാലി തങ്ങൾക്ക് വലിയ വരവേൽപ്പാണ് ലഭിച്ചത്. ഇന്ത്യയിൽ നിന്ന് സൗദി സർക്കാരിന്റെ അതിഥിയായിട്ടാണ് തങ്ങൾ ഇക്കുറി വിശുദ്ധ ഉംറ നിർവഹിക്കുന്നതിന് എത്തിയതെന്നും മുഹറം പതിനഞ്ചിന് കാബ കഴുകൽ ചടങ്ങിന് ഇന്ത്യയുടെ പ്രതിനിധിയായാണ് എത്തിയിരിക്കുന്നതെന്നും അവകാശപ്പെട്ടായിരുന്നു പ്രചാരണം.

സൗദി ഭരണാധികാരി സൽമാൻ രാജാവിനെ പ്രതിനിധീകരിച്ച് സൽമാൻ രാജാവിന്റെ ഉപദേശകനും മക്ക ഗവർണറുമായ ഖാലിദ് അൽ ഫൈസൽ ബിൻ അബ്ദുൽ അസീസ് രാജകുമാരനാണ് കഅ്ബ കഴുകൽ ചടങ്ങിന് നേതൃത്വം നൽകിയത്. സംസം ജലവും പനിനീരും കൂട്ടിക്കലർത്തിയ മിശ്രിതം കൊണ്ടാണു കഅ്ബ കഴുകൽ ചടങ്ങു നടത്തുന്നത്. സംസം ജലവും ഊദ് തൈലവും റോസ് വാട്ടറും ചേർന്ന വിശിഷ്ടമിശ്രിതം ഉപയോഗിച്ച് കഅ്ബ വർഷത്തിൽ രണ്ടുതവണയാണു ശുദ്ധീകരിക്കുക. ഈ ചടങ്ങിൽ പങ്കെടുക്കുക എന്നത് ജീവിതത്തിലെ ഏറ്റവും അനർഘമുഹൂർത്തമായാണ് മുസ്ലിങ്ങൾ കാണുന്നത്. റംസാനും ഹജ്ജും ആരംഭിക്കുന്നതിന് മുപ്പതു ദിവസം മുമ്പാണ് കഅ്ബ കഴുകൽ ചടങ്ങു നടക്കുന്നത്. ബാനി ഷെയ്ബ എന്ന ഗോത്രവിഭാഗത്തിലെ അംഗങ്ങളാണ് ഈ കർമ്മം നിർവഹിക്കുന്നത്.