- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാനമ പേപ്പർ കേസിൽ ഇ.ഡിയുടെ നോട്ടീസ്: ഐശ്വര്യ റായ് അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിൽ ഹാജരായി; മുൻ ലോകസുന്ദരിയെ ചോദ്യം ചെയ്യുന്നത് വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ച കേസിൽ
ന്യൂഡൽഹി: വിദേശത്തെ സമ്പാദ്യങ്ങൾ സംബന്ധിച്ച് പനാമ രേഖകളിലുൾപ്പെട്ട ബോളിവുഡ് നടി ഐശ്വര്യ റായ് അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിൽ ഹാജരായി. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകിയതിന് പിന്നാലെ ഐശ്വര്യ റായ് ഇഡി ഓഫീസിൽ എത്തിയെന്നാണ് റിപ്പോർട്ടുകൾ. വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ച കേസിലാണ് മുൻ ലോകസുന്ദരിയെ കേന്ദ്ര അന്വേഷണ ഏജൻസി ചോദ്യം ചെയ്യുക.
പനാമ പേപ്പർ കേസ് അന്വേഷിക്കുന്ന ഇഡി, ആദായനികുതി വകുപ്പ് അടക്കം വിവിധ ഏജൻസികളുടെ ഉദ്യോഗസ്ഥർ അടങ്ങുന്ന പ്രത്യേക സംഘമാണ് ഐശ്വര്യ റായിക്ക് ചോദ്യം ചെയ്യലിന് നോട്ടീസ് നൽകിയത്. ഡൽഹിയിലെ ഇഡി ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് എത്തണമെന്നായിരുന്നു നോട്ടീസ്.
ഇ.ഡി ഉദ്യോഗസ്ഥർ ചോദ്യങ്ങളുടെ പട്ടിക തയ്യാറാക്കിയിരുന്നു. പാനമ രേഖകളിലൂടെ പുറത്തുവന്ന വിവരങ്ങളിൽ അന്വേഷണം നടത്തുന്ന പ്രത്യേക സംഘമാണ് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടിസ് അയച്ചത്. ബോളിവുഡ് സൂപ്പർ താരം അമിതാഭ് ബച്ചന്റെ മരുമകളാണ് ഐശ്വര്യ റായ്. പ്രമുഖരായ പലരും നിയവിധേയമല്ലാത്ത നിക്ഷേപങ്ങൾ വിദേശ രാജ്യങ്ങളിൽ നടത്തിയതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പാനമ രേഖകളിലൂടെ പുറത്തു വന്നത്.
ഇത് മൂന്നാം തവണയാണ് ഐശ്വര്യക്ക് ഇഡി നോട്ടീസ് നൽകുന്നത്. രണ്ട് തവണ കേസുമായി ബന്ധപ്പെട്ട് ഐശ്വര്യ റായ്ക്ക് നോട്ടീസ് അയച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. ഒരു മാസം മുമ്പ് അഭിഷേക് ബച്ചനും ഇ ഡി ഓഫീസിലെത്തിയിരുന്നു. ചില രേഖകളും ഇവർ ഇഡി ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്. അമിതാഭ് ബച്ചനേയും ഇഡി വിളിപ്പിക്കുമെന്നാണ് പുറത്ത് വരുന്നു റിപ്പോർട്ടുകൾ.
2004 മുതലുള്ള വിദേശനിക്ഷേപങ്ങളുടെ രേഖകൾ സമർപ്പിക്കാൻ 2017 ൽ ബച്ചൻ കുടുംബത്തോട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന അമിതാഭ് ബച്ചൻ പ്രതികരിച്ചിരുന്നു.
നികുതി വെട്ടിച്ച പണം വിവിധ ബിനാമി പേപ്പർ കമ്പനികളിൽ നിക്ഷേപിച്ച് വെളുപ്പിച്ചെന്നാണ് ആരോപണം. പാനമ പേപ്പർ രേഖകളിൽ ലോക നേതാക്കളും രാഷ്ട്രീയപ്രമുഖരും ഇന്ത്യയിൽ നിന്നുള്ള ബോളിവുഡ് താരങ്ങളും, കായികതാരങ്ങളും ഉൾപ്പെട്ടിരുന്നു. 2016 ൽ ഇതുമായി ബന്ധപ്പട്ട് 1048 ഇന്ത്യക്കാരുടെ പേരുകളാണ് പുറത്ത് വന്നത്. കേരളത്തിലെ 9 മേൽവിലാസങ്ങും ഇതിലുണ്ടായിരുന്നു. മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഐസിഐജെയാണിത് ഇതുസംബന്ധിച്ച പുറത്ത് വിട്ടത്. വെളിപ്പെടുത്തലുകൾ ഇന്ത്യയിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.
ന്യൂസ് ഡെസ്ക്