- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടപടികളുടെ ഭാഗമായി നിന്റെ ദേഹപരിശോധന നടത്തുമ്പോൾ പാന്റ്‌സിൽ ബെൽറ്റിന് പകരം കണ്ട ദൈന്യതയുടെ നിറമുള്ള ആ മഞ്ഞ നൂൽ എന്റെ കണ്ണിൽ നിന്നും മായുന്നില്ലല്ലോ ? ആവശ്യമായ സ്‌നേഹവും കരുതലും ലഭിക്കാതെ വളർന്ന നീ വേറിട്ട രീതികളിൽ ചിന്തിച്ച് തുടങ്ങി; പനമരത്ത് ദമ്പതികളെ കൊന്നത് അർജുൻ തന്നെ; സിഐയുടെ കുറിപ്പ് വൈറലാകുമ്പോൾ
കൽപ്പറ്റ: പനമരം-നെല്ലിയമ്പം കാവടത്ത് റിട്ടയേർഡ് അദ്ധ്യാപകൻ പത്മാലയത്തിൽ കേശവൻ (70), ഭാര്യ പത്മാവതി (68) എന്നിവർ കൊല്ലപ്പെട്ട കേസിലെ പ്രതി അർജുനെ കുടുക്കിയത് ആത്മഹത്യാ ശ്രമം. ദമ്പതികളുടെ അയൽവാസിയാണ് യുവാവ്. അതിനിടെ ഇരട്ടക്കൊലപാതകക്കേസിലെ പ്രതിയെക്കുറിച്ചുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ ഫേസ്‌ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു.
'ആവശ്യമായ സ്‌നേഹവും കരുതലും ലഭിക്കാതെ വളർന്ന നീ വേറിട്ട രീതികളിൽ ചിന്തിച്ച് തുടങ്ങി... നീ എപ്പോഴാണ് നിഗൂഢതകളുടെ രാജകുമാരനായത്? നിന്റെ വിഹ്വലതകളും കുറ്റമേറ്റു പറയുമ്പോഴുള്ള കണ്ണീരും അതിന് ശേഷമുള്ള ദീർഘനിശ്വാസവും ചില അടയാളങ്ങളാണെനിക്ക്. ജീവിതത്തിന്റെ സായംസന്ധ്യയിൽ വെച്ച് രണ്ട് വയോധികരെ നിലവിളിക്കാൻ പോലും കഴിയാതെ. ഞങ്ങളുടെ ചോദ്യങ്ങൾക്കുള്ള നിന്റെ ഉത്തരങ്ങളിൽ ഒരു ചേർത്ത് പിടിക്കലിന്റെ കുറവ് വായിച്ചെടുക്കാൻ കഴിഞ്ഞിരുന്നു... നിന്റെ സ്വപ്നങ്ങൾ അടക്കം ചെയ്ത പെട്ടി മനസ്സിൽ നിന്ന് പോകുന്നില്ലല്ലോ....' -പ്രതിയെക്കുറിച്ച് ഫേസ്‌ബുക്ക് കുറിപ്പിൽ വിവരിക്കുന്നത് ഇങ്ങനെയാണ്.
കേസിൽ അർജുനനെയും നേരത്തേ ചോദ്യം ചെയ്തിരുന്നു. മൊഴിയിൽ വൈരുധ്യം കണ്ടതിനാൽ വീണ്ടും ഡിവൈഎസ്‌പി ഓഫീസിൽ എത്തിച്ച് ചോദ്യം ചെയ്യുന്നതിനിടെയാണ് കൈവശം സൂക്ഷിച്ച വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. മോഷണം ലക്ഷ്യമിട്ട് സംഭവ ദിവസം സന്ധ്യക്കു വീട്ടിൽ കയറിക്കൂടി പൂജാമുറിയിൽ പതുങ്ങിയ അർജുനനെ കേശവൻ കാണാനിടയായി. ഇതേത്തുടർന്നു അർജുൻ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ചു ദമ്പതികളെ കുത്തിപ്പരിക്കേൽപിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.
അർജുൻ സഹോദരനൊപ്പമാണ് വീട്ടിൽ താമസം. ദമ്പതികൾ കൊല്ലപ്പെട്ട വീടിനു പിന്നിലെ വയലിലൂടെ പ്രതിയുടെ വീട്ടിൽ എളുപ്പമെത്താം. ഡിവൈഎസ്‌പിയുടെ കാര്യാലയത്തിൽ ചോദ്യം ചെയ്യുന്നതിനിടെ പുറത്തേക്കോടിയ യുവാവ് വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ചിരുന്നു. മേപ്പാടി അരപ്പറ്റ വിംസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കുശേഷം വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് യുവാവ് കുറ്റസമ്മതം നടത്തിയത്. മോഷണത്തിനിടെ കൊല നടത്തിയെന്നാണ് കുറ്റസമ്മതം. ജൂൺ 10നു രാത്രി അർജുൻ നടത്തിയ ആക്രമണത്തിലാണ് ദമ്പതികൾ കൊല്ലപ്പെട്ടത്. വയറിനും തലയ്ക്കും വെട്ടുംകുത്തുമേറ്റ കേശവൻ രാത്രിതന്നെ മരിച്ചു. നെഞ്ചിനും കഴുത്തിനും ഇടയിൽ കുത്തേറ്റ പത്മാവതി പിറ്റേന്നു മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മരിച്ചത്.
താഴെ നെല്ലിയമ്പത്തു കാപ്പിത്തോട്ടത്തിലാണ് ദമ്പതികളുടെ ഇരുനില വീട്. രാത്രി നിലവിളികേട്ട് നാട്ടുകാർ വീട്ടിലെത്തിയപ്പോൾ മുൻവാതിൽ തുറന്നുകിടക്കുകയായിരുന്നു. അകത്തുനോക്കിയപ്പോഴാണ് ഹാളിൽ കോണിപ്പടിക്കടുത്ത് സോഫയിൽ രക്തംവാർന്നു കമിഴ്ന്നുകിടക്കുന്ന നിലയിൽ കേശവനെ കണ്ടത്. തുണി മുറിവിൽ അമർത്തി നിലവിളിക്കുകയായിരുന്നു പത്മാവതി. സംഭവസമയം വീട്ടിൽ ദമ്പതികൾ മാത്രമാണ് ഉണ്ടായിരുന്നത്. വീടിന്റെ മുകൾനിലയിൽനിന്നു ഇറങ്ങിവന്ന മുഖംമൂടി ധരിച്ച രണ്ടുപേരാണ് അക്രമം നടത്തിയതെന്നാണ് മരണപ്പെടുന്നതിനു മുമ്പ് പത്മാവതി പറഞ്ഞത്. വീട്ടിൽ മോഷണം നടന്നിരുന്നില്ല. കൊലയ്ക്കു ഉപയോഗിച്ച ആയുധം പ്രതിയുടെ വീട്ടിൽനിന്നു പൊലീസ് കണ്ടെടുത്തു.
അർജുൻ ഉപയോഗിക്കുന്ന മൊബൈൽ ഫോൺ ഒന്നര വർഷം മുമ്പ് താഴെ നെല്ലിയമ്പത്തെ ഒരു വീട്ടിൽനിന്നു മോഷ്ടിച്ചതാണെന്നു പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
പൊലീസ് ഉദ്യോഗസ്ഥൻ ഫേസ്‌ബുക്ക് കുറിപ്പ് പൂർണരൂപം:
വയനാട് ജില്ലയെ നടുക്കിയ നെല്ലിയമ്പം ഇരട്ടക്കൊലപാതകത്തിലെ പ്രതിയെ ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തു.. ജില്ലാ പൊലീസിന്റെ ഏറ്റവും അഭിമാനകരമായ നേട്ടം.
വൃദ്ധ ദമ്പതികളുടെ കൊലപാതകം നടന്ന് 96 ദിവസം കഴിഞ്ഞപ്പോഴാണ് അറസ്റ്റ്.. യാതൊരു വിധ സൂചനകളുമില്ലാതെ നടന്ന കൊലപാതകമായതിനാൽ പൊലീസിന് ഏറെ വെല്ലൂവിളികൾ നിറഞ്ഞ കേസായിരുന്നു ഇത്. അഞ്ച് ലക്ഷത്തിലധികം മൊബൈൽ കോളുകൾ പരിശോധിച്ചു. 150ലധികം സി സി ടി വി ക്യാമറകൾ നിരീക്ഷിച്ചു.രണ്ടായിരത്തോളം ആളുകളുടെ വിരലടയാളം പരിശോധിച്ചു. നൂറ് കണക്കിന് കളവ് കേസ് പ്രതികളെ നിരീക്ഷണം നടത്തിയും ചോദ്യം ചെയ്തും വിവിധ റാങ്കിലുള്ള അമ്പതോളം പൊലീസ് ഉദ്യോഗസ്ഥർ രാവും പകലും ഇല്ലാതെ അന്വേഷണം നടത്തി.. എന്നിട്ടും ഡിറ്റക്ഷൻ ആവാതിരുന്നത് പൊതുജനങ്ങളിൽ ആശങ്ക ഉണ്ടാക്കി. അന്വേഷണ സംഘാംഗങ്ങളായ ഞങ്ങൾ ഒരാളും പക്ഷേ പ്രതീക്ഷ കൈ വിട്ടിരുന്നില്ല. കാരണം അത്രയ്ക്കും വിശദമായും ആത്മാർത്ഥമായും അന്വേഷണം നടന്നു വന്നിരുന്നു.
ഒരു പക്ഷേ വയനാട് ജില്ലയിൽ ഇത്രയും സൂക്ഷ്മമായും വിശദമായും അന്വേഷിച്ച് കണ്ട് പിടിച്ച ഇത്രയും സങ്കീർണ്ണമായ മറ്റൊരു കേസ് ഉണ്ടാവാൻ സാധ്യതയില്ല.. ബഹു.വയനാട് ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ മാനന്തവാടി ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള മികച്ച ഒരു ടീം വർക്ക്.. അതിലൊരു പ്രധാന പങ്ക് വഹിക്കാൻ എനിക്കും കഴിഞ്ഞതിൽ വലിയ സന്തോഷം. ഞങ്ങളിൽ വിശ്വാസം അർപ്പിച്ച എല്ലാവർക്കും നന്ദി.. കേവലം 23 വയസ്സുള്ള ,ജീവിത സാഹചര്യങ്ങൾ തികച്ചും വെല്ല് വിളികൾ നിറഞ്ഞ, ചെറുപ്പത്തിലേ അനാഥനായ അവന്റെ കുറ്റം ഏറ്റ് പറച്ചിലും ,കുറ്റം ചെയ്ത അവന്റെ രീതിയും മനസ്സിൽ നമ്മുടെ സമൂഹത്തെക്കുറിച്ച് ഒരു പാട് ചോദ്യങ്ങൾ ബാക്കിയാക്കുന്നു...
മോട്ടോർ സൈക്കിൾ വാങ്ങാനുള്ള അവന്റെ ആഗ്രഹം ഞങ്ങൾ തിരിച്ചറിഞ്ഞിരുന്നു.
കുറ്റകൃത്യങ്ങളുടെ രീതികളും രൂപങ്ങളും നിറഞ്ഞ സിദ്ധാന്തങ്ങൾ പൊലീസ് ഉദ്യോഗസ്ഥന്റെ ചിന്തകളിൽ എന്നും നിറയാറുണ്ട്.. കുറ്റകൃത്യങ്ങൾ കുറയ്ക്കുന്ന സാമൂഹിക സംവിധാനങ്ങളും ക്രിമിനോളജിയുടെ വിഷയമാണ്..
മനുഷ്യജീവിതത്തിലെ ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങൾ എന്നും ബാക്കിയുണ്ടാവും.. മനുഷ്യ മനസ്സിനെ കീറി മുറിക്കാനുള്ള മനഃശ്ശാസ്ത്രജ്ഞനാവും ചിലപ്പോൾ ഒരു കുറ്റാന്വേഷകൻ..
അണച്ച് കളഞ്ഞ രണ്ട് ജീവനാളങ്ങൾക്ക് ഉത്തരം തേടി പുറപ്പെട്ട ഞങ്ങൾ ചെന്നെത്തുന്നത് ജീവിച്ച് തീർക്കാത്ത കുറേ കഥകളിലാണ്.. നടന്ന് പോയ വഴികളിൽ കാത്ത് നിന്നത് നിഗൂഢതകൾ നിറഞ്ഞ ഇന്റർനെറ്റുകളടക്കം ഇരുണ്ട ലോകത്ത് സഞ്ചരിക്കുന്ന ഒരു യുവാവിന്റെ നിശ്വാസങ്ങളുടെ കൂടി അടക്കമാണ്..
കൊല ചെയ്യപ്പെട്ടവരുടെ അവസാന ശബ്ദത്തിന് ചോരയുടെ നനവാണെന്ന് ഞങ്ങൾക്കറിയാം.. വിരൂപമായ ചില കരച്ചിലുകൾ ഇൻക്വസ്റ്റ് വേളകളിൽ കാതിൽ മുഴങ്ങാറുണ്ട്..
പ്രതിസന്ധി ഘട്ടങ്ങളിൽ പിന്തിരിഞ്ഞ് നടക്കാത്ത പൊലീസുദ്യോഗസ്ഥരുടെ കാലുകൾ പല കേസുകളിലും കാണാം.. മരിച്ചവർക്ക് വേണ്ടി സംസാരിക്കാൻ പൊലീസ് മാത്രമുള്ള സാഹചര്യങ്ങൾ പലപ്പോഴും കണ്ടിട്ടുണ്ട്..
ചില ഏറ്റ് പറച്ചിലുകളും അറസ്റ്റുകളും ചില അറിയിപ്പുകൾ കൂടെയാണ്.. നിന്റെ ആഗ്രഹങ്ങളും പ്രതീക്ഷകളും കണ്ണീരിന്റെ തടവറകളിലെത്തിച്ചതിൽ സമൂഹത്തിന് പങ്കുണ്ടോ..?
ബാല്യകാലത്തോ യുവത്വത്തിന്റെ പ്രാരംഭ ഘട്ടത്തിലോ ആണ് കുറ്റവാസന ജന്മമെടുക്കന്നത് എന്ന് മന:ശാസ്ത്ര പഠനങ്ങളിൽ കാണാറുണ്ട്..
ആവശ്യമായ സ്‌നേഹവും കരുതലും ലഭിക്കാതെ വളർന്ന നീ വേറിട്ട രീതികളിൽ ചിന്തിച്ച് തുടങ്ങി...
നീ എപ്പോഴാണ് നിഗൂഢതകളുടെ രാജകുമാരനായത്??..
നിന്റെ വിഹ്വലതകളും കുറ്റമേറ്റു പറയുമ്പോഴുള്ള കണ്ണീരും അതിന് ശേഷമുള്ള ദീർഘനിശ്വാസവും ചില അടയാളങ്ങളാണെനിക്ക്..
ജീവിതത്തിന്റെ സായംസന്ധ്യയിൽ വെച്ച് രണ്ട് വയോധികരെ നിലവിളിക്കാൻ പോലും കഴിയാതെ.....
ആ ക്രൂരത....
ഞങ്ങളുടെ ചോദ്യങ്ങൾക്കുള്ള നിന്റെ ഉത്തരങ്ങളിൽ ഒരു ചേർത്ത് പിടിക്കലിന്റെ കുറവ് വായിച്ചെടുക്കാൻ കഴിഞ്ഞിരുന്നു...
നിന്റെ സ്വപ്നങ്ങൾ അടക്കം ചെയ്ത പെട്ടി മനസ്സിൽ നിന്ന് പോകുന്നില്ലല്ലോ..
'നിയമത്തിന് മുന്നിൽ എല്ലാവരും സമന്മാരാണ്'...
അത് നീയാണെങ്കിലും ഞാനാണെങ്കിലും...
ജീവിതത്തിലെ നിറമുള്ള വസന്തത്തെ നിന്നിൽ കാലം അടയാളപ്പെടുത്തിയില്ലേ...
വഴുതിപ്പോയ മനസ്സിൽ തൊടാൻ ആരും ഉണ്ടായിരുന്നില്ലേ..
നീ നൽകുന്ന പാഠം എന്ത്?
നിയമത്തിലെ തെളിവുകൾ നിനക്കെതിരെ ഒട്ടേറെ..
കൊല്ലപ്പെട്ടവർക്കും കുടുംബത്തിനും നീതി ലഭിച്ചേ മതിയാവൂ.. അത് ഞങ്ങൾ വാങ്ങിക്കൊടുക്കുക തന്നെ ചെയ്യും..
എന്നിട്ടും...
നടപടികളുടെ ഭാഗമായി നിന്റെ ദേഹപരിശോധന നടത്തുമ്പോൾ പാന്റ്‌സിൽ ബെൽറ്റിന് പകരം കണ്ട ദൈന്യതയുടെ നിറമുള്ള ആ മഞ്ഞ നൂൽ എന്റെ കണ്ണിൽ നിന്നും മായുന്നില്ലല്ലോ.
??????????
അബ്ദുൾ കരീം.
ഇൻസ്‌പെക്ടർ ഓഫ് പൊലീസ്.
മാനന്തവാടി.
17.9. 21
മറുനാടന് മലയാളി ബ്യൂറോ