പനമറ്റം: സ്വന്തം ജീവൻ മറന്നാണ് അർജുനെ രക്ഷിക്കാൻ പൊട്ടക്കിണറ്റിലേക്ക് രണ്ടും കൽപ്പിച്ച് ഇറങ്ങിയത്. എന്നിട്ടും പതിനൊന്നുകാരന്റെ ജീവൻ രക്ഷിക്കാനായില്ല. ഇളങ്ങുളം ഒട്ടയ്ക്കൽ മാടത്താനിൽ സജി(കുഞ്ഞ്37)യാണ് സ്വന്തം ജീവൻ പണയം വച്ചും രക്ഷാ പ്രവർത്തനത്തിന് ഇറങ്ങിയത്. പനമറ്റം പീരുക്കുന്നേൽ ഉണ്ണിക്കൃഷ്ണൻ കർത്തയുടെ മകൻ അർജുൻ കർത്ത(11)യാണ് മരിച്ചത്. രാവിലെ 11ന് പരീക്ഷ കഴിഞ്ഞു മറ്റു കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെ ആൾമറയില്ലാത്ത കിണറ്റിൽ വീഴുകയായിരുന്നു.

പനമറ്റം ഗവ.സ്‌കൂളിലെ ആറാംക്ലാസ് വിദ്യാർത്ഥി അർജുൻ കിണറ്റിൽ വീണതറിഞ്ഞ് ആദ്യം ഓടിയെത്തിയത് പനമറ്റത്തെ ഈ ഓട്ടോറിക്ഷാ ഡ്രൈവർ. കൊച്ചുമാടപ്പള്ളിൽ അനി കയർ വഴി കിണറ്റിലേക്ക് ഇറങ്ങിയെങ്കിലും പത്തടിയോളം വെള്ളത്തിൽ ആഴ്ന്നു പോയ അർജുനെ രക്ഷിക്കാനായില്ല. ഇതിനുശേഷം പനമറ്റം സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയായ മിഥുൻ കിണറ്റിലിറങ്ങാൻ ശ്രമിച്ചെങ്കിലും പാതിയിറങ്ങിയപ്പോൾ അതിന് കഴിഞ്ഞില്ല.. ഇതിനിടെയാണ് ചെത്തുതൊഴിലാളിയായ സജി ഇതുവഴി ബൈക്കിലെത്തുന്നത്. സംഭവമറിഞ്ഞ സജി മറ്റൊന്നും ചിന്തിച്ചില്ല. സർവ്വ ധൈര്യവുമെടുത്ത് കണിറ്റിലേക്ക് ഇറങ്ങി.

കയറുകെട്ടിയായിരുന്നു ഇറങ്ങിയത്. പത്തടിയോളം മലിനജലം നിറഞ്ഞുകിടന്ന കിണറിന്റെ അടിത്തട്ടിൽ കമിഴ്ന്നു കിടക്കുകയായിരുന്ന അർജുനെ പൊക്കിയെടുത്ത് തന്റെ തോളിലിട്ട് കയറിലൂടെ തിരിച്ചു കയറി. ഉടൻതന്നെ പൊൻകുന്നത്ത് പി.എൻ.പി.ഹിന്ദുമെഡിക്കൽ മിഷൻ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തും മുമ്പേ കുട്ടി മരിച്ചു. ആൾമറയില്ലാതെ ഉപയോഗ്യശൂന്യമായി കിടക്കുന്ന ഈ കിണറ്റിൽ ഇതിനു മുമ്പ് ഒരു യുവാവും അനേകം മൃഗങ്ങളും പെട്ടിട്ടുണ്ട്. പനമറ്റം സ്‌കൂളിനു മുമ്പിലെ ദേശീയ വായനശാലയുടെ എതിർവശത്തെ മുട്ടത്തുകുന്നേൽ പുരയിടത്തിലാണ് കാടുമൂടിയ കിണർ.

പനമറ്റം ഭഗവതി ക്ഷേത്രത്തിലേക്കുള്ള റോഡിൽനിന്ന് 15 അടി മാത്രം അകലത്തിലാണിത്. അർജുൻ പരീക്ഷ കഴിഞ്ഞ് മടങ്ങുമ്പോൾ കൂട്ടുകാരനൊപ്പം ഓടിക്കളിക്കുന്നതിനിടെ പറമ്പിലേക്ക് ഓടിക്കയറുകയും കിണറ്റിൽ വീഴുകയുമായിരുന്നു. പനമറ്റം ഗവൺമെന്റ് ഹൈസ്‌കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു അർജുൻ. സ്‌കൂളിന് സമീപമാണ് വിവാദ കിണറുള്ള സ്വകാര്യ വ്യക്തിയുടെ പുരയിടം. ഒപ്പമുണ്ടായിരുന്ന കുട്ടികൾ കുറച്ചു സമയത്തിനു ശേഷമാണ് വിവരമറിയുന്നത്.

മുപ്പതടിയോളം ആഴമുള്ള കിണറ്റിൽ പത്തടിയോളം വെള്ളമുണ്ടായിരുന്നു. ചെരിവുള്ള പ്രദേശത്ത് ദൃശ്യമല്ലാത്ത രീതിയിൽ കാടുമൂടിക്കിടക്കുകയായിരുന്നു കിണർ. ഒപ്പമുണ്ടായിരുന്ന കുട്ടികൾ സമീപത്തെ ഓട്ടോസ്റ്റാൻഡിലെത്തി വിവരമറിയിച്ചു. ഓടിക്കൂടിയവർ രക്ഷാപ്രവർത്തനത്തിനു ശ്രമിക്കുന്നതിനിടെ സജി കയർവഴി കിണറ്റിലിറങ്ങുകയായിരുന്നു. സ്‌കൂളിൽ ഉച്ചകഴിഞ്ഞു നടത്തേണ്ടിയിരുന്ന പരീക്ഷ മാറ്റിവെച്ചു. അമ്മ: ചന്ദ്രകുമാരി(ഓമന). സഹോദരങ്ങൾ: അനന്തകൃഷ്ണൻ, അപർണ(പനമറ്റം ഗവ. സ്‌കൂൾ ഒൻപതാംക്ലാസ് വിദ്യാർത്ഥിനി).