- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വലതു വശത്തു കൂടി ഓവർടേക്കിങ്; ലക്ഷ്യമിട്ടത് സ്കൂട്ടറിൽ പോയവരെ മറിച്ചിടാൻ; യുവതികൾ ചോദ്യമുർത്തിയപ്പോൾ സ്ലോമോഷനിൽ കാറിൽ നിന്ന് ഇറങ്ങി മുഖത്തടി; ഇബ്രാഹിം ബഷീർ അടിച്ചത് അഞ്ചു തവണ; യാത്രക്കാരിയെ ഉപദേശിച്ച് പൊലീസും; പാണമ്പ്രയിൽ വീണ്ടും മൊഴി എടുക്കും
മലപ്പുറം: പാണമ്പ്രയിൽ അമിതവേഗതയിലുള്ള ഡ്രൈവിങ് ചോദ്യം ചെയ്ത പെൺകുട്ടിയെ യുവാവ് മർദ്ദിച്ച സംഭവത്തിൽ പൊലീസിനെതിരെ പെൺകുട്ടികൾ. മുസ്ലിം ലീഗ് നേതൃത്വവുമായി പ്രതി ഇബ്രാഹിം ഷബീറിന് ബന്ധമുള്ളതിനാൽ പൊലീസ് കർശന നടപടി സ്വീകരിച്ചില്ലെന്ന് പരാതിക്കാരിയായ പെൺകുട്ടി അസ്‌ന പറഞ്ഞു. പരാതി പിൻവലിപ്പിക്കാൻ പല രീതിയിലുള്ള സമ്മർദ്ദമുണ്ടായി. താൻ പറഞ്ഞത് പൂർണമായും മൊഴിയായി രേഖപ്പെടുത്താൻ പോലും പൊലീസ് തയ്യാറായില്ലെന്നും പെൺകുട്ടി ആരോപിച്ചു. അതിനിടെ വീണ്ടും പെൺകുട്ടികളിൽ നിന്ന് മൊഴി എടുക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
അപകടകരമായ രീതിയിൽ ഡ്രൈവിങ് ചെയ്തത് ചോദ്യം ചെയ്തതിനാണ് പ്രതി നടുറോഡിൽ വെച്ച് പെൺകുട്ടിയെ മർദ്ദിച്ചത്. അഞ്ചോ ആറോ തവണ പെൺകുട്ടിയുടെ മുഖത്തടിച്ചു. നടുറോഡിൽ വെച്ച് പെൺകുട്ടിയെ മർദ്ദിക്കുന്നത് കണ്ട് എല്ലാവരും ശ്രദ്ധിക്കാൻ തുടങ്ങിയപ്പോൾ പ്രതി അവിടെനിന്നും വേഗത്തിൽ കടന്നു കളയുകയായിരുന്നു. തനിക്കൊപ്പമുണ്ടായിരുന്ന സഹോദരിയെടുത്ത ഫോട്ടോ കാണിച്ച് ഉടൻ പൊലീസിൽ പരാതി നൽകുകയായിരുന്നുവെന്നും പെൺകുട്ടി പറഞ്ഞു. പിന്നീട് വീഡിയോയും പുറത്തു വന്നു. അപ്പോഴും പൊലീസ് വേണ്ട രീതിയിൽ ഇടപെടൽ നടത്തിയില്ല.
യുവാവിന്റെ അപകടകരമായ ഡ്രൈവിങ് ചോദ്യംചെയ്തതോടെ കാർ നിർത്തി ഇറങ്ങിവന്ന് സ്‌കൂട്ടി ഓടിക്കുകയായിരുന്ന സഹോദരികളായ പെൺകുട്ടികളുടെ മുഖത്ത് സിനിമ സ്റ്റൈലിൽ അടിക്കുകയായിരുന്നു പ്രതി. ഇക്കഴിഞ്ഞ 16 ന് മലപ്പുറം പാണമ്പ്രയിൽ അമിതവേഗതയിൽ ഡ്രൈവ് ചെയ്ത് വന്ന യുവാവ് സ്‌കൂട്ടിയിൽ വരികയായിരുന്ന പെൺകുട്ടികളുടെ വാഹനം അപകടത്തിൽപ്പെടുന്ന രീതിയിൽ തെറ്റായ വശത്തു കൂടി ഓടിക്കുകയായിരുന്നു.
തിരൂരങ്ങാടി സ്വദേശി സി എച്ച് ഇബ്രാഹിം ഷബീറാണ് സഹോദരിമാരായ പെൺകുട്ടികളെ മർദ്ദിച്ചത്. ഷബീർ വാഹനത്തിൽനിന്ന് ഇറങ്ങിവന്ന് അസ്നയുടെ മുഖത്ത് അടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. മറ്റൊരു യാത്രക്കാരനാണ് മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയത്.
സംഭവത്തെ തുടർന്ന് പെൺകുട്ടികൾ തേഞ്ഞിപ്പലം പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്നു കേസെടുത്തെങ്കിലും കേസ് ഒത്തുതീർപ്പിനുള്ള ശ്രമമാണുണ്ടായതെന്നും സ്റ്റേഷൻ ജാമ്യത്തിൽ പ്രതിയെ വിട്ടയച്ചതെന്നും മർദനമേറ്റ സഹോദരികൾ പറയുന്നു. കോഴിക്കോട്നിന്നും മലപ്പുറത്ത് പോകുന്ന വഴിയെയാണ് സംഭവമുണ്ടായത്.
അമിതവേഗത്തിൽ കാറോടിച്ചെത്തിയ ഇബ്രാഹിം ഷബീർ പെൺകുട്ടികളോടിച്ച വാഹനം അപകടത്തിൽപ്പെടുന്ന രീതിയിൽ തെറ്റായ വശത്ത് കൂടി ഓവർടേക്ക് ചെയ്തു. ഇതോടെ പെൺകുട്ടികളുടെ വാഹനം മറിയാനായി പോയി. വാഹനം അപകടത്തിൽപ്പെടുന്ന നിലയിലേക്ക് എത്തിയ സാഹചര്യത്തിലാണ് പ്രതികരിച്ചതെന്ന് അസ്‌ന പറയുന്നു. ലീഗിന്റെ സ്വാധീനമുള്ളയാളാണ് ഇബ്രാഹിം ഷെബീറെന്ന് പിന്നീടാണ് അറിഞ്ഞത്. പൊലീസിന്റെ ഭാഗത്ത് നിന്നും നാട്ടുകാരുടെ ഭാഗത്ത് നിന്നും പ്രശ്‌നം ഒതുക്കിത്തീർക്കാൻ ശ്രമമുണ്ടായെന്നും പെൺകുട്ടി പറഞ്ഞു. വീട്ടിലെത്തിയ ശേഷമാണ് ഇയാൾ ലീഗ് ബന്ധമുള്ളയാളാണെന്ന് മനസിലായത്. നാട്ടുകാരാണ് ഒത്തുതീർപ്പിന് ആദ്യം ശ്രമിച്ചത്. എന്നാൽ പരാതിയുമായി മുന്നോട്ട് പോകാൻ തന്നെ തീരുമാനിച്ചു.
പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തെങ്കിലും പ്രതിയെ ഉടൻ ജാമ്യത്തിൽ വിട്ടയച്ചുവെന്നും പെൺകുട്ടി പറഞ്ഞു. നിസാരമായ വകുപ്പുകളാണ് പ്രതിക്കെതിരെ ചേർത്തത്. പൊലീസിൽ നിന്നും തങ്ങൾക്ക് അനുകൂലമായ സമീപനമല്ല ലഭിച്ചതെന്നും 'നിങ്ങൾ നോക്കി ഓടിക്കണ്ടേ' എന്നാണ് പരാതി നൽകാനെത്തിയപ്പോൾ പൊലീസ് പറഞ്ഞതെന്നും പെൺകുട്ടി ആരോപിച്ചു. വീഡിയോ തെളിവുണ്ടായിട്ടും നിസാര വകുപ്പുകളാണ് ചേർത്തത്. നടുറോഡിൽ വെച്ച് ഒരു പെൺകുട്ടിയുടെ മുഖത്ത് അടിച്ചിട്ടും നിസാരമായാണ് പൊലീസ് കാണുന്നതെന്നും ഒത്തുതീർപ്പിനാണ് ശ്രമം നടക്കുന്നതെന്നും അസ്‌ന പറഞ്ഞു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്