- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാട്ടും കൈകൊട്ടുമായി ബസ്സാകെ ബഹളം; ഇറക്കത്തിൽ വേഗം കൂടി; കുറച്ചു സമയം കൊണ്ട് ബസ് നിലവിട്ടു മറിഞ്ഞു; അടുത്തുണ്ടായിരുന്ന ഹൈടെൻഷൻ കമ്പിയിലേക്കാണ് മറിഞ്ഞതെങ്കിൽ എല്ലാം ഭസ്മമായേനെ; പാണത്തൂർ വാഹനാപകടത്തിൽ പരിക്കേറ്റവരിൽ കൂടുതലും സ്ത്രീകളും കുട്ടികളും
കാഞ്ഞങ്ങാട്: 'പാണത്തൂർ പരിയാരം കയറ്റത്തിലാണ് മറിഞ്ഞതെങ്കിൽ ആരും ബാക്കിയാകുമായിരുന്നില്ലെന്ന് - പരിക്കേറ്റ് ജില്ലാ ആശുപത്രിയിൽ കഴിയുന്ന കനകമഞ്ചയിലെ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി ജയലത പറഞ്ഞു. പാണത്തൂർ അപകടത്തിൽ വലിയ ദുരന്തം ഒഴിവായത് തലനാരിഴക്കാണെന്ന് പറയുകയായിരുന്നു അപകടത്തിൽ നിന്നും രക്ഷപെട്ട ജയലത.
വാഹനം നിറയെ ആളുണ്ടായിരുന്നു. പാട്ടും കൈകൊട്ടുമൊക്കെയായി ബസ്സാകെ ബഹളമായിരുന്നു. സാവധാനത്തിലാണ് കയറ്റം കയറിയത്. ഇറക്കത്തിലെത്തിയതോടെ വേഗം കൂടി. എന്തിനാണ് ഇത്രയും വേഗമെന്ന് സംശയിക്ക നിലയിലായിരുന്നു ബസ്സിന്റെ സഞ്ചാരം. തൊട്ടടുത്ത് ഹൈടെൻഷൻ കമ്പി കടന്നുപോകുന്നുണ്ടായിരുന്നു. അതിലേക്കാണ് മറിഞ്ഞതെങ്കിൽ എല്ലാം ഭസ്മമായേനെ. അവർ പറഞ്ഞു.
ഏഴ് പേരാണ് അപകടത്തിൽ മരിച്ചത്. അൻപതോളം പേർക്കു പരുക്കേറ്റു. വളവും ഇറക്കവുമുള്ള സ്ഥലത്താണ് ബസ് മറിഞ്ഞത്. കർണാടകയിലെ പുത്തൂരിനു സമീപം ബൽനാടിൽ നിന്നു കർണാടകയിലെ തന്നെ ചെത്തുകയത്ത് വിവാഹത്തിൽ പങ്കെടുക്കാൻ പോവുകയായിരുന്നവർ സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. വധുവിന്റെയും വരന്റെയും വീട് കർണാടകയിലാണെങ്കിലും കേരളത്തിലൂടെ 18 കിലോമീറ്റർ സഞ്ചരിക്കണം. ഇന്നലെ രാവിലെ 11.30 നായിരുന്നു അപകടം.
ഈശ്വരമംഗലം അർധമൂലയിലെ നാരായണ നായ്കിന്റെ മകൻ ശ്രേയസ് (13), സുള്ള്യയിലെ ശേഷമ്മ (39), രവിചന്ദ്ര (40), ബൽനാടിലെ രാജേഷ് (45), പുത്തൂരിലെ സുമതി (50), ആദർശ് (14), ബണ്ട്വാളിലെ ശശിധര പൂജാരി (43) എന്നിവരാണു മരിച്ചത്. ഇതിൽ ആദർശ്, ശശിധര പൂജാരി എന്നിവർ ആശുപത്രിയിലാണ് മരിച്ചത്. മറ്റുള്ളവർ സംഭവ സ്ഥലത്തും ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴിയിലുമാണ് മരിച്ചത്. പരുക്കേറ്റവരെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാണത്തൂർ - സുള്ള്യ പാതയിൽ പരിയാരം കമ്യൂണിറ്റി ഹാളിന് സമീപം ഇറക്കത്തിലായിരുന്നു അപകടം. വലിയ വളവും ഇറക്കവുമുള്ള റോഡാണ്. ബസ് ആദ്യം സമീപത്തെ കമ്യൂണിറ്റി ഹാളിൽ ഇടിക്കുകയും പിന്നീട് തൊട്ടടുത്ത മരത്തിൽ ഉരസിയ ശേഷം പത്തടിയോളം താഴ്ചയിലുള്ള വീടിന്റെ അടുക്കള ഭാഗത്തേക്ക് പാഞ്ഞുകയറുകയുമായിരുന്നു. വീട്ടിൽ ആൾത്താമസമുണ്ടായിരുന്നില്ല. ഗതാഗത മന്ത്രിയുടെ നിർദ്ദേശത്തെത്തുടർന്ന് കാഞ്ഞങ്ങാട് സബ്കലക്ടർ ഡി.ആർ.മേഘശ്രീക്ക് അന്വേഷണ ചുമതല നൽകി. ബസിൽ മൊത്തം 72 പേർ ഉണ്ടായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു.
കുടുങ്ങിയവരെ പുറത്തെത്തിക്കാൻ ബസ് കുത്തിപ്പൊളിച്ചു
പാണത്തൂർ പരിയാരത്തുണ്ടായ ബസ്സപകടം അക്ഷരാർഥത്തിൽ മലയോരത്തെ ഞെട്ടിച്ചു. പരിയാരം ഇറക്കത്തിൽ വൻ ശബ്ദമാണ് ആദ്യം നാട്ടുകാർ കേട്ടത്. റോഡിന് താഴെയായുള്ള ആൾതാമസമില്ലാത്ത വീട്ടിനടുത്തായി മറിഞ്ഞു കിടക്കുന്ന ബസ്സാണ് ഓടിക്കൂടിയ നാട്ടുകാർ കാണുന്നത്.
ആർത്തനാദവും നിലവിളിയും കേട്ട് എന്ത് ചെയ്യണമെന്നറിയാതെ നാട്ടുകാർ ഒരു നിമിഷം പകച്ചുപോയി. പെട്ടന്ന് തന്നെസമചിത്ത കൈവരിച്ചു ബസിനകത്തുള്ളവരെ പുറത്ത് ഇറക്കാനുള്ള ശ്രമം ആരംഭിച്ചു. പലരുടെയും ദേഹത്ത് നിന്നും ചോര ഒലിക്കുന്നുണ്ടായിരുന്നു. സംഭവമറിഞ്ഞു കൂടുതൽ ആളുകൾ അപകടസ്ഥലത്തേക്ക് എത്തി. ബസിൽ നിന്നും പകുതിയോളം ആളുകളെ പുറത്തു എടുത്തു. പലരും ബസിനടിയിൽപ്പെട്ടു പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. ബസ് കുത്തി പൊളിച്ചാണ് ആളുകളെ പുറത്തുകൊണ്ടുവന്നത്.
മണിക്കൂറോളം നാട്ടുകാരും പൊലീസും പരിശ്രമം നടത്തിയയാണ് എല്ലാവരേയും പുറത്തു എടുത്തത്. സമീപത്തെ പാണത്തൂർ ആശുപത്രിയിലും, താലൂക്ക് ആശുപത്രിയിലും എത്തിച്ചു. ബസിന്റെ മുൻ ഭാഗത്ത് ഇരുന്നവർക്കും പുറക് ഭാഗത്ത് ഇരുന്നവർക്കുമാണ് കൂടുതൽ പരിക്ക്.
മണിക്കൂറുകളോളം മൃതദേഹം തിരിച്ചറിയാൻ സാധിക്കാത് സംഭവവും ഉണ്ടായത്. പലരും ഭർത്താവിനെയും, മക്കളെയും, മാതാപിതാക്കളെയും കാണാതെ അലറി വിളിച്ചു. ഗുരുതര പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാനുള്ള തിരക്കിൽ രക്ഷാപ്രവർത്തനം നടത്തിയവർ പരിക്കേറ്റവരുടെ മേൽ വിലാസം പോലും ചോദിച്ചിരുന്നില്ല. അതിനാൽ ഒന്നിച്ച് യാത്ര ചെയ്ത അടുത്ത ബന്ധുക്കളെ കാണാതെ പലരും അലമുറയിട്ടു.
അപകടത്തിനിടയിൽ ഫോൺ നഷ്ടപ്പെട്ടതിനാൽ പലർക്കും പരസ്പരം ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല. 6 പേരുടെ മൃതദേഹം തിരിച്ചറിയാൻ മണിക്കൂറുകളോളം എടുത്തു. പലരും വഴിയിൽ വെച്ച് ബസിൽ കയറിയതിനാൽ പരസ്പരം പരിചയം കുറവായിരുന്നു. അടുത്ത ബന്ധുക്കൾ എത്തിയ ശേഷം മാത്രമാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്.
പരിക്കേറ്റവരിൽ ഭൂരിപക്ഷവും സ്ത്രികളും കുട്ടികളും. പലരുടെയും കൈ-കാലുകൾ ഒടിഞ്ഞ നിലയിലാണ്. പലർക്കും തലയ്ക്ക് ഗുരുതര പരിക്കേറ്റു. പൂടംങ്കല്ല് താലൂക്ക് ആശുപത്രിയിൽ മാത്രം 57 പേർ ചികിത്സ തേടിയെത്തി. നിരവധി പേർക്ക് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിലും ചികിത്സ നൽകി.
മറുനാടന് മലയാളി ബ്യൂറോ