- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പനിയും ജലദോഷവും അടക്കം കോവിഡ് ലക്ഷണങ്ങൾ ഉള്ളവരെ ആശുപത്രിയിലാക്കാൻ ഓട്ടോയും ടാക്സിയും വിളിച്ചാൽ വരില്ല; സ്വന്തമായി ആംബുലൻസ് വിളിക്കാൻ പലർക്കും കഴിവുമില്ല; കോവിഡ് രോഗികളെ കൊണ്ടുപോകാൻ ഓട്ടോ സേവനവുമായി പഞ്ചായത്തംഗം; കോതമംഗലം നെല്ലിക്കുഴിയിലെ സനലിന്റെ വേറിട്ട പ്രവർത്തനം ഇങ്ങനെ
കോതമംഗലം : കോവിഡ് രണ്ടാം വരവിൽ ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് താങ്ങും തണലുമായി പഞ്ചായത്തംഗം. നെല്ലിക്കുഴി പഞ്ചായത്ത് ആറാം വാർഡ് മെമ്പർ സനൽ പുത്തൻപുരക്കലാണ് കോവിഡ് കാലത്ത് വേറിട്ട പ്രവർത്തനവുമായി രംഗത്തത്ത് ഇറങ്ങിയിരിക്കുന്നത്.
കോവിഡ് പോസിറ്റീവ് കേസുകൾ വാർഡിൽ വർധിച്ചു വരുന്ന സാഹചര്യത്തിൽ കോവിഡ് രോഗികൾക്കും, പനി ജലദോഷം തുമ്മൽ ഉള്ളവർക്കും, കോവിഡ് ലക്ഷണങ്ങൾ ഉള്ളവർക്കും ആശുപത്രിയിൽ പോകേണ്ട അവസ്ഥയിൽ, പല ഓട്ടോ ടാക്‌സിക്കാരും അവരെ വാഹനങ്ങളിൽ കയറ്റി ആശുപത്രിയിൽ എത്തിക്കുവാൻ തയ്യാറാകുന്നില്ല.
ആംബുലൻസ് വിളിച്ചു പോകണമെങ്കിൽ വൻ തുക ആവശ്യമാണ്. പി പി ഇ കിറ്റിനും, വണ്ടി സാനിറ്റൈസ് ചെയ്ത് ഫോഗിങ്ങിനും മറ്റുമായി വാഹന ഉടമകൾ വലിയ തുകയാണ് ആവശ്യപ്പെടുന്നത്. രോഗികൾ കൂടി വരുന്നതുകൊണ്ട് സർക്കാർ ആംബുലൻസുകളും ലഭ്യമാകുന്നുമില്ല.സാധാരണക്കാർക്ക് താങ്ങാവുന്നതിന് അപ്പുറമുള്ള സാമ്പത്തിക ബാധ്യതയാണ് ഈയവസരത്തിലുണ്ടാവുക. ഈ സ്ഥിതി മനസ്സിലാക്കിയാണ്, ഇത്തരക്കാർക്ക് ആശ്വാസമാവുന്ന പ്രവർത്തനവുമായി മെമ്പർ കർമ്മ പഥത്തിൽ സജീവമായിരിക്കുന്നത്.
അസുഖം മൂലം ബുദ്ധിമുട്ടുന്ന വാർഡ് നിവാസികൾക്ക് വാഹന സൗകര്യം ഒരുക്കുന്നതിനാണ് സനൽ മുൻഗണന നൽകുന്നത്. നിരന്തരം ഈ അവശ്യവുമായി നാട്ടുകാർ വിളിക്കാൻ തുടങ്ങിയ സാഹചര്യത്തിലാണ് ഇക്കാര്യം എങ്ങനെ പരിഹരിക്കാമെന്ന് സനൽ ചിന്തിച്ചു തുടങ്ങിയത്.
ഇക്കാര്യം സംസാരിച്ചപ്പോൾ തന്റെ ഓട്ടോറിക്ഷ സേവനത്തിനായി സനലിന് വിട്ട് നൽകാമെന്ന് സുഹൃത്തായ തൃക്കാരിയൂർ പെരുമ്പൻകുടി രാജേഷ് സമ്മതിച്ചു. ഇതോടെ ഇക്കാര്യത്തിൽ സനലിന്റെ മുന്നിലുണ്ടായിരുന്ന പ്രധാന വെല്ലുവിളിക്ക് പരിഹാരമായി.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ഇപ്പോൾ രോഗികൾക്കുവേണ്ടി സനൽ വിട്ടുപടിക്കൽ ഓട്ടോ റിക്ഷയുമായി എത്തി കൊണ്ടിരിക്കുകയാണ്. അത്യാവശ്യ സജ്ജീകരണങ്ങൾ എല്ലാം ഓട്ടോയിൽ ഒരുക്കിയിട്ടുണ്ട്. ഡ്രൈവിങ് സീറ്റിലും സനൽ തന്നെ. സനലിന്റെ നേതൃത്വത്തിൽ ഹെൽപ് ഡെസ്‌ക് പ്രവർത്തനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
രോഗികളെ കയറ്റി ആശുപത്രിയിൽ എത്തിക്കുകയും, അഡ്‌മിറ്റ് ചെയ്യേണ്ടവരെ ആശുപത്രിയിൽ അഡ്‌മിറ്റ് ആക്കുകയും, തിരികെ കൊണ്ട് വന്നു ക്വാറന്റൈനിൽ ഇരുത്തേണ്ടവരെ നിശ്ചിത സ്ഥലങ്ങളിൽ ആക്കുകയും ചെയ്യുന്ന പ്രവർത്തനത്തിലാണിപ്പോൾ സനൽ. ഓരോ തവണ രോഗിയെ കൊണ്ടുപോയി തിരിച്ചെത്തുബോഴും ഓട്ടോറിക്ഷ സാനിറ്റൈസിങ്ങും, ഫോഗിങ് ചെയ്യുന്നതിനും ഉള്ള സംവിധാനവും സനൽ ഒരുക്കിയിട്ടുണ്ട്.
ഈ ദുരിത സമയത്ത് തന്റെ വാർഡ് നിവാസികൾക്കായി സനൽ ഒരുക്കിയിട്ടുള്ള സംവിധാനം നിരവധി പേർക്ക് ആശ്വാസമാവുന്നുണ്ട്. സേവാഭാരതി പ്രവർത്തകൻ കൂടിയായ സനൽ, സംഘടനയുമായി ചേർന്ന് കൂടുതൽ പ്രതിരോധ പ്രവർത്തനങ്ങൾ ഒരുക്കുന്നതിനുള്ള ഓട്ടത്തിലാണിപ്പോൾ. ഡ്രൈവർ ജോലിയാണ് സനലിന്റെ ഉപജീവന മാർഗ്ഗം. കോവിഡ് ബാധിച്ചും, ക്വാറന്റൈനിൽ ഇരിക്കുന്ന വീട്ടുകാർക്കും ആവശ്യമുള്ള പലചരക്ക് -പച്ചക്കറിയും മരുന്നുകളും സനൽ വീടുകളിൽ എത്തിച്ചു നൽകുന്നുണ്ട്. ഇതിലേക്കായി സുമനസുകളുടെ സഹായവും സനൽ അഭ്യർത്ഥിക്കുന്നു.
മറുനാടന് മലയാളി ലേഖകന്.