മലപ്പുറം: കോവിഡ് ലക്ഷണം ഉള്ളവർ ടെസ്റ്റ് ചെയ്താൽ ടി.പി.ആർ ഇനിയും കൂടും, ടി.പി.ആർ കൂടിയാൽ ട്രിപ്പിൾ ലോക്ക് ഡൗൺ നീട്ടും. അത് ഒഴിവാക്കണം, അതിനായി ലക്ഷണം ഇല്ലാത്തവരെ എത്തിച്ച് ടെസ്റ്റ് നടത്തണമെന്ന് മലപ്പുറത്തെ മുസ്ലിംലീഗ് പഞ്ചായത്ത് പ്രസിഡന്റിന്റെ ആഹ്വാനം. ട്രിപ്പിൾ ലോക്ക്ഡൗൺ ഒഴിവാക്കാൻ കോവിഡ് ടെസ്റ്റിൽ തട്ടിപ്പ് നടത്തണമെന്ന് മലപ്പുറം വെട്ടത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മുസ്തഫയുടെ ശബ്ദ സന്ദേശം സോഷ്യൽ മീഡിയയിൽ. പ്രചരിക്കുന്ന ശബ്ദസന്ദേശം തന്റേത് തന്നെയാണെന്നും അദ്ദേഹം സമ്മതിച്ചു.മലപ്പുറം ജില്ലയിൽ നിലനിൽക്കുന്ന ട്രിപ്പിൾ ലോക്ക്ഡൗൺ ഒഴിവാക്കാനാണ് കോവിഡ് ടെസ്റ്റിൽ തട്ടിപ്പ് നടത്താൻ മുസ്തഫ ആഹ്വാനം ചെയ്തത്.

രോഗ ലക്ഷണമുള്ളവരെ പരിശോധിപ്പിക്കാതെ ലക്ഷണം ഇല്ലാത്തവരെ ടെസ്റ്റ് ചെയ്യണമെന്നാണ് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന ഇദ്ദേഹത്തിന്റെ ശബ്ദ സന്ദേശത്തിൽ പറയുന്നത്. എത്രയോ നല്ല കാര്യങ്ങളും സാമൂഹിക സേവനങ്ങളും ഞങ്ങൾ പഞ്ചായത്തിൽ നടപ്പിലാക്കുന്നുണ്ട്. അതിനൊന്നും വലിയ വില നൽകാതെ ചാനലുകൾ ഇത്തരത്തിലുള്ള കാര്യങ്ങൾ ഉയർത്തിക്കാണിക്കുന്നുവെന്നാണു മുസ്തഫ ആരോപിക്കുന്നത്.

കോവിഡ് ലക്ഷണം ഉള്ളവർ ടെസ്റ്റ് ചെയ്താൽ ടി.പി.ആർ ഇനിയും കൂടും, ടി.പി.ആർ കൂടിയാൽ ട്രിപ്പിൾ ലോക്ക് ഡൗൺ നീട്ടും. അത് ഒഴിവാക്കണം, അതിനായി ലക്ഷണം ഇല്ലാത്തവരെ എത്തിച്ച് ടെസ്റ്റ് നടത്തണം. ഇങ്ങിനെ ചെയ്താൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഒഴിവാകും. സമീപ പഞ്ചായത്തുകളിൽ ഇതെല്ലാം പരീക്ഷിക്കുന്നുണ്ട്. പരമാവധി വാഹനങ്ങളിൽ ലക്ഷണങ്ങൾ ഇല്ലാത്തവരെ എത്തിച്ച് പരിശോധിക്കണം. ടി.പി.ആർ കുറഞ്ഞാൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഒഴിവാക്കിത്തരാമെന്ന് കലക്ടർ ഉറപ്പ് നൽകിയിട്ടുണ്ടെന്നുമാണ് മുസ്തഫ ശബ്ദ സന്ദേശത്തിൽ പറയുന്നു. അതേസമയം ഇതുസംബന്ധിച്ചു കലക്ടർക്ക് പരാതി നൽകുമെന്ന് സിപിഎം വ്യക്തമാക്കിയിട്ടുണ്ട്. ട്രിപ്പിൾ ലോക്ഡൗൺ ഒഴിവാക്കുന്നതിനായി പഞ്ചായത്ത് പ്രസിഡന്റ് നടത്തിയ നീക്കം അംഗീകരിക്കാനാവില്ലെന്നും നടപടി വേണമെന്നും സിപിഎം ആവശ്യപ്പെട്ടു.