- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കലാശക്കൊട്ട് നിയന്ത്രിക്കാനാകുമോ എന്ന ആശങ്കയിൽ പൊലീസ്; ഒന്നാംഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം ഇന്ന് അവസാനിക്കും; തിരുവനന്തപുരം ഉൾപ്പടെ അഞ്ച് ജില്ലകൾ 8ന് പോളിങ്ങ് ബൂത്തിലേക്ക്
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ഒന്നാംഘട്ട തെരഞ്ഞെടുപ്പ് അഞ്ച് ജില്ലകളിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും.ആദ്യഘട്ടമായി ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ പരസ്യ പ്രചരണമാണ് ഇന്ന് പൂർത്തിയാവുക. വൈകിട്ട് 6 വരെയാണ് പ്രചരണത്തിന് സമയം നൽകിയിരിക്കുന്നത്. ആൾക്കൂട്ടം ഒഴിവാക്കാനായി കലാശക്കൊട്ട് വിലക്കിയിട്ടുണ്ടെങ്കിലും ഇത് ഉറപ്പാക്കാനാകുമോ എന്ന ആശങ്കയിലാണു തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പൊലീസും. 5 ജില്ലകളിലായി 88.66 ലക്ഷം സമ്മതിദായകരുണ്ട്. 7271 വാർഡുകളിലായി 24,582 സ്ഥാനാർത്ഥികൾ ജനവിധി തേടുന്നു. കൊല്ലം പന്മന ഗ്രാമപ്പഞ്ചായത്തിലെ 2 വാർഡുകളിൽ സ്ഥാനാർത്ഥികൾ മരിച്ചതിനാൽ വോട്ടെടുപ്പു മാറ്റിയിരിക്കുകയാണ്.തിരഞ്ഞെടുപ്പിന്റെ 2,3 ഘട്ടങ്ങൾ 10,14 തീയതികളിലാണ്. 16നാണു വോട്ടെണ്ണൽ.
പോളിങ് ബൂത്ത് ഉള്ള സ്ഥാപനങ്ങളുടെ പരിസരങ്ങളിലെ പ്രചാരണ സാമഗ്രികൾ ഇന്നു വൈകിട്ട് 5നു മുൻപു നീക്കണമെന്നു കലക്ടർമാർ നിർദ്ദേശിച്ചു.നാളെ ഉച്ച കഴിഞ്ഞു 3 വരെ കോവിഡ് സ്ഥിരീകരിക്കുകയോ ക്വാറന്റീനിലാകുകയോ ചെയ്യുന്നവർക്കു തപാൽ വോട്ട് സൗകര്യമുണ്ട്.ഈ സമയത്തിനു ശേഷം കോവിഡ് പോസിറ്റീവാകുന്നവർക്കും ക്വാറന്റീനിലാകുന്നവർക്കും സർക്കാർ ഡോക്ടർ നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റുമായി പിപിഇ കിറ്റ് ധരിച്ച് ചൊവ്വാഴ്ച വൈകിട്ട് 6നു മുൻപ് ബൂത്തിലെത്തി, സാധാരണ വോട്ടർമാരുടെ ഊഴത്തിനു ശേഷം വോട്ട് ചെയ്യാം. ഈ സമയം പോളിങ് ഉദ്യോഗസ്ഥരും ഏജന്റുമാരും പിപിഇ കിറ്റ് ധരിക്കണം.
പോളിങ് ബൂത്തുകളെല്ലാം നാളെ അണുവിമുക്തമാക്കും. ബൂത്തിൽ ഏജന്റുമാരുടെ ഇരിപ്പിടങ്ങൾ അകലം പാലിച്ചു ക്രമീകരിക്കും. ബൂത്തിനു പുറത്ത് വെള്ളവും സോപ്പും ബൂത്തിനകത്ത് സാനിറ്റൈസറുമുണ്ടാകും. ബൂത്തിനു പുറത്ത് വോട്ടർമാർക്കു അകലം പാലിച്ചു ക്യൂ നിൽക്കാൻ അടയാളമിടും. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ക്യൂ ഉണ്ടാകും. പ്രായമായവർ, ഭിന്നശേഷിക്കാർ, രോഗികൾ എന്നിവർക്കു ക്യൂ നിർബന്ധമല്ല.
മറുനാടന് മലയാളി ബ്യൂറോ