തിരുവനന്തപുരം: കോൺഗ്രസിൽ സമ്പൂർണ അഴിച്ചു പണി അപര്യാപ്തമാവുമെന്ന് കോൺഗ്രസ് നേതാവ് പന്തളം സുധാകരൻ. അഴിച്ചു പണിയാൻ ഇവിടത്തെ കല്ലും മണ്ണും മരവും തന്നെയല്ലെ ഉപയോഗിക്കേണ്ടതെന്ന് അദ്ദേഹം പരിഹസിച്ചു. 'കെപിസിസിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമിതിയാണ് ഇപ്പോഴുള്ളത്. കോവിഡ് പ്രോട്ടകോൾ വന്നതോടു കൂടി യോഗം കെപിസിസി യോഗം പോലും ഒരു ഹാളിൽ നടത്താൻ പറ്റാത്തത്ര വലിയ സമിതി. കെപിസിസി വൈസ് പ്രസിഡന്റായ വാഴയ്ക്കൽ പറയുന്നത് കേട്ടു കോൺഗ്രസിന്റെ മുകൾതട്ടിലുള്ള കുഴപ്പമാണെന്ന്. അദ്ദേഹം കെപിസിസിയുടെ വൈസ് പ്രസിഡന്റാണ്.' പന്തളം പറഞ്ഞു.

പരസ്പരം പഴി ചാരുന്നതിന് പകരം വീഴ്ചകൾ എല്ലാവരും സ്വയം പരിശോധിക്കണമെന്നും പരാജയത്തിന്റെ ഉത്തരാവാദിത്തം എല്ലാവർക്കുമുണ്ടെന്നും പന്തളം സുധാകരൻ കൂട്ടിച്ചേർത്തു.

''ഹൈക്കമാന്റിന്റെ തീരുമാനങ്ങളും പ്രവർത്തനങ്ങളും സദുദ്ദേശപരമായിരുന്നു. സമീപകാലത്ത് കണ്ട ശക്തനായ പ്രതിപക്ഷ നേതാവായിരുന്നു രമേശ് ചെന്നിത്തല. എന്നിട്ടും എങ്ങനെ തോറ്റു എന്നത് ആർക്കും അറിയാത്തതല്ല. ഞങ്ങൾ ഈ ഹൈടെക് പ്രചരണത്തിന്റെ കൊടുമുടിയിലൂടെ പോയപ്പോൾ താഴ്‌വാരത്ത് നിൽക്കുന്ന പാവപ്പെട്ടവന്റെ ഹൃദയ മിടിപ്പ് കാണാൻ കഴിഞ്ഞില്ല,''

ഷാനിമോൾ ഉസ്മാൻ കഴിഞ്ഞ ദിവസം നടത്തിയ വിമർശനത്തിലും പന്തളം സുധാകരൻ പ്രതികരിച്ചു.

''സ്ഥാനാർത്ഥി നിർണയത്തിന് അങ്ങേയറ്റം മത്സരമുണ്ടായിരുന്നു. കാരണം അത് ഞങ്ങളുടെ ഒരു സ്വഭാവമാണ്. ഒരു ബൂത്ത് പ്രസിഡന്റിനെ വെക്കുന്നത് പോലും യഥാർത്ഥത്തിൽ ഗ്രൂപ്പ് നോക്കിയാണ്. ആർക്കും അതിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ല. കഴിവും ജനസ്വാധീനവുമൊന്നുമല്ല പലപ്പോഴും ഭാരവാഹികളെ തീരുമാനിക്കുന്നതിൽ സ്വീകരിക്കുന്ന മാനദണ്ഡം. ഷാനിമോൾ പറഞ്ഞത് തീർച്ചയായും ഗൗരവമായി കാണണം. ഷാനി മോൾ വെറുതെ പറയുന്ന ആളല്ല''

''പിന്നെ ഓരോ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമ്പോഴും ഒരു പഠനം നടത്തും വിശകലനം നടത്തും എന്നൊക്കെ പറഞ്ഞ് കണ്ണീരൊഴുക്കിയിട്ട് കാര്യമില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ പരാജയമുണ്ടായപ്പോൾ അതേപറ്റി ന്യായീകരിക്കാൻ ഞങ്ങളൊക്കെ ബുദ്ധിമുട്ടി. അന്ന് ഞങ്ങൾ പറഞ്ഞതെന്നതാണ്. രണ്ട് മാസം കഴിഞ്ഞ് നടക്കാൻ പോവുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കൊടുങ്കാറ്റ് പോലെ തിരിച്ചുവരുമെന്നാണ്. ആ കൊടുങ്കാറ്റ് വന്നു. ആ കൊടുങ്കാറ്റ് അനുകൂലമായത് പിണറായി വിജയന് ആയിപ്പോയെന്നതാണ് സത്യം,'' പന്തളം സുധാകരൻ പറഞ്ഞു.