തിരുവനന്തപുരം: എ.ഡി.ജി.പി ഋഷിരാജ് സിങ് തകർത്തത് വർഷങ്ങളായി കേരളപൊലീസ് കാത്തുസൂക്ഷിച്ചുവന്ന അച്ചടക്കമാണെന്ന് കോൺഗ്രസ് നേതാവ് പന്തളം സുധാകരൻ. കർശനനടപടിയാണ് ഇതിനെതിരേ സ്വീകരിക്കേണ്ടത്. കോൺഗ്രസിലെ പ്രമുഖനായ നേതാവായ ശ്രീ രമേശ് ചെന്നിത്തലയെയല്ല അദ്ദേഹം അപമാനിച്ചത്. സംസ്ഥാനത്തിന്റെ ആഭ്യന്തരമന്ത്രിയെയാണെന്നും ഫേസ്‌ബുക്കിലിട്ട പോസ്റ്റിൽ പന്തളം സുധാകരൻ പറയുന്നു.

യുവാവായിരിക്കെ തന്നെ എംഎ‍ൽഎയും മന്ത്രിയും ആയ എന്നെ അന്നു സർവാദരണീയനായിരുന്ന ഡി.ജി.പി ശ്രീ എം.കെ ജോസഫ് സല്യൂട്ട് ചെയ്യുന്നത് കണ്ടപ്പോൾ എനിക്ക് ഉള്ളിന്റെ ഉള്ളിൽ ജാള്യത തോന്നിയിട്ടുണ്ടെന്ന് പറഞ്ഞാണ് പോസ്റ്റ് തുടങ്ങുന്നത്. ആഭ്യന്തരമന്ത്രിയുടെ കീഴിലാണ് കേരളത്തിലെ മുഴുവൻ പൊലിസ് സേനയും. ഒരു ഉദ്യോഗസ്ഥനും മന്ത്രിയുടെ മുകളിൽ അല്ല. ആഭ്യന്തരമന്ത്രിയോ മറ്റു മന്ത്രിമാരോ കടന്നുവരുമ്പോൾ പൊലിസ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ സല്യൂട്ട് ചെയ്ത് ബഹുമാനിക്കുക എന്നാൽ ജനാധിപത്യസംസ്‌കാരത്തിന് ആ ഉദ്യോഗസ്ഥൻ നൽകുന്ന ബഹുമാനമാണ്.

അതിനാൽ തികച്ചും ജനാധിപത്യവിരുദ്ധതയും അച്ചടക്കലംഘനവുമാണ് ഋഷിരാജ് സിങ്ങിൽ നിന്നും ഉണ്ടായിരിക്കുന്നതെന്നും പന്തളം സുധാകരൻ വിശദീകരിക്കുന്നു.

സുധാകന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

യുവാവായിരിക്കെ തന്നെ എംഎ‍ൽഎയും മന്ത്രിയും ആയ എന്നെ അന്നു സർവാദരണീയനായിരുന്ന ഡി.ജി.പി ശ്രീ എം.കെ ജോസഫ് സല്യൂട്ട് ചെയ്യുന്നത് കണ്ടപ്പോൾ എനിക്ക് ഉള്ളിന്റെ ഉള്ളിൽ ജാള്യത തോന്നിയിട്ടുണ്ട്. എന്നാൽ അത് പന്തളം സുധാകരനു ലഭിക്കുന്ന ആദരവല്ല എന്നു ഞാൻ പെട്ടെന്നു തിരിച്ചറിഞ്ഞു. അതു ഈ നാട്ടിലെ ജനങ്ങൾ തിരഞ്ഞെടുത്ത ജനപ്രതിനിധിക്ക് ഒരു ഉദ്യോഗസ്ഥൻ നൽകുന്ന ബഹുമാനത്തിന്റെ ചിഹ്നമാണ്. ഈ സമീപനം പൊലിസ് സേനാ സംവിധാനത്തിനുവേണ്ട പരമമായ അച്ചടക്കത്തിന്റെ കൂടി ഭാഗമാണ്.

എ.ഡി.ജി.പിയായ ഋഷിരാജ് സിങ് ഐ.പി.എസ് തൃശൂരിൽ തകർത്തത് വർഷങ്ങളായി കേരളപൊലീസ് കാത്തുസൂക്ഷിച്ചുവരുന്ന ആ അച്ചടക്കമാണ്. കർശനനടപടിയാണ് ഇതിനെതിരേ സ്വീകരിക്കേണ്ടത്. കോൺഗ്രസിലെ പ്രമുഖനായ നേതാവായ ശ്രീ രമേശ് ചെന്നിത്തലയെയല്ല അദ്ദേഹം അപമാനിച്ചത്. സംസ്ഥാനത്തിന്റെ ആഭ്യന്തരമന്ത്രിയെയാണ്. ആഭ്യന്തരമന്ത്രിയുടെ കീഴിലാണ് കേരളത്തിലെ മുഴുവൻ പൊലിസ് സേനയും. ഒരു ഉദ്യോഗസ്ഥനും മന്ത്രിയുടെ മുകളിൽ അല്ല. ആഭ്യന്തരമന്ത്രിയോ മറ്റു മന്ത്രിമാരോ കടന്നുവരുമ്പോൾ പൊലിസ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ സല്യൂട്ട് ചെയ്ത് ബഹുമാനിക്കുക എന്നാൽ ജനാധിപത്യസംസ്‌കാരത്തിന് ആ ഉദ്യോഗസ്ഥൻ നൽകുന്ന ബഹുമാനമാണ്. അതിനാൽ തികച്ചും ജനാധിപത്യവിരുദ്ധതയും അച്ചടക്കലംഘനവുമാണ് ഋഷിരാജ് സിങ്ങിൽ നിന്നും ഉണ്ടായിരിക്കുന്നത്.

വേദിയിലുണ്ടായിരുന്ന ഉയർന്ന ഉദ്യോഗസ്ഥരെല്ലാം ആഭ്യന്തരമന്ത്രിയെ സല്യൂട്ട് ചെയ്തു സ്വീകരിക്കുമ്പോഴും അലക്ഷ്യഭാവത്തിലിരുന്ന സിങ്ങിന്റെ പെരുമാറ്റം തികച്ചും ബോധപൂർവമാണ് എന്നു വ്യക്തമാണ്.ജനപ്രതിനിധികളെ ജനങ്ങൾ 'ഇലക്ട്' ചെയ്യുന്നു. ഉദ്യോഗസ്ഥരെ സർക്കാർ 'സെലക്ട്'ചെയ്യുന്നു.ജനപ്രതിനിധികളെ ആദരിക്കുന്നതിലൂടെ ജനങ്ങളെയാണ് ഉദ്യോഗസ്ഥർ ആദരിക്കുന്നത്.ഇത് ഋഷിരാജ് സിങ്ങിനു ബാധകമല്ലേ? സ്വയം സൃഷ്ടിക്കാൻ ശ്രമിക്കുന്ന താരപരിവേഷമാണോ ഈ അന്ധതയ്ക്കു കാരണം? ഇതെല്ലാം ചെയ്തിട്ട് അദ്ദേഹം നൽകിയിരിക്കുന്ന വിശദീകരണം രാജ്യത്തോടു തന്നെയുള്ള അവഹേളനമാണ്.

പ്രൊട്ടക്കോളിൽ അങ്ങനെ ഇല്ലത്രെ. ദേശീയഗാനം പാടുമ്പോൾ മാത്രം എഴുന്നേറ്റുനിന്നാൽ മതിയെന്നാണത്രെ പ്രോട്ടക്കോൾ പറയുന്നത്! അതായത് പ്രൊട്ടക്കോൾ ഇല്ലായിരുന്നു എങ്കിൽ ദേശീയഗാാനം ഉയരുമ്പോഴും അദ്ദേഹം അവിടെ ചടഞ്ഞുകൂടി ഇരിക്കുമായിരുന്നു! ഓരോ ഇന്ത്യാക്കാരന്റെയും രാജ്യസ്‌നേഹത്തിന്റെ അലയടിയാണ് ദേശീയ ഗാനം മുഴങ്ങുമ്പോൾ ഉണ്ടാകുക. രാജ്യത്തോടുള്ള കൂറിന്റെയും അഭിമാനബോധത്തിന്റെയും പേരിലാണ് നാം അപ്പോൾ എഴുന്നേറ്റുനിൽക്കുന്നത്. അല്ലാതെ പ്രോട്ടക്കോളിന്റെ പിൻബലത്തിൽ അല്ല. ദേശീയഗാനത്തേയും സംസ്ഥാനത്തിന്റെ ആഭ്യന്തരമന്ത്രിയേയും അപമാനിച്ച ഈ ഉദ്യോഗസ്ഥനെതിരേ കേരളസമൂഹം തന്നെ പ്രതികരിക്കണം. ആഭ്യന്തരമന്ത്രിയുടെ മാന്യത സർക്കാരിന്റെ ദൗർബല്യമായി മാറരുത്.