ചെന്നൈ: അണ്ണാഡിഎംകെ ജനറൽസെക്രട്ടറി ശശികല റിസോർട്ടിൽ തടവിലിട്ടിരിക്കുന്ന എംഎൽഎമാർ പീഡിപ്പിക്കപ്പെടുകയാണെന്ന ആരോപണവുമായി കാവൽ മുഖ്യമന്ത്രി ഒ. പനീർശെൽവം. എംഎൽഎമാർ തടവിലാണെന്ന ആരോപണം നിഷേധിച്ച് ശശികല വാർത്താസമ്മേളനം നടത്തിയതിനു പിന്നാലെയാണ് പനീർശെൽവം ആരോപണവുമായി രംഗത്തെത്തിയത്. എംഎൽഎമാരെ മോചിപ്പിക്കാൻ തിങ്കളാഴ്ച പൊലീസിനെ അയയ്ക്കാൻ പനീർശെൽവം പദ്ധതിയിടുന്നതായി റിപ്പോർട്ടുണ്ട്.

റിസോർട്ടിൽനിന്ന് പലരും തന്നെ ബന്ധപ്പെട്ടതായി പനീർശെൽവം അവകാശപ്പെട്ടു. എംഎൽഎമാർ ചിന്തിച്ചു തീരുമാനം എടുക്കണം. ജനം വോട്ടു ചെയ്തത് തനിക്കോ ശശികലയ്‌ക്കോ അല്ലെന്നും ജയലളിതയ്ക്കാണെന്നും പനീർശെൽവം ഓർമിപ്പിച്ചു.

ജയലളിതയുടെ ബന്ധുവായ ദീപയ്ക്കു പോലും ജയലളിതയുടെ മൃതദേഹം കാണാൻ അനുവദി ലഭിച്ചില്ല. എന്തു കൊണ്ടാണിത്. ഇന്നലെയും ശശികല കൂവത്തൂരിലേക്ക് പോയി. ഇന്ന് വീണ്ടും പോകേണ്ടി വരുന്നു. എന്തിനാണിത്? ശശികല മുഖ്യമന്ത്രിയാകുന്നതിനെതിരെ ചെന്നൈയ്ക്ക് പുറത്തുള്ള പാർട്ടി പ്രവർത്തകർ പോലും എതിർപ്പ് ഉന്നയിക്കുന്നുണ്ടെന്നും പനീർസെൽവം പറഞ്ഞു.

ഇതിനിടെ, റിസോർട്ടിൽ 'ബന്ദികളാക്കി'യ എംഎൽഎമാരെ മോചിപ്പിക്കാൻ കാവൽ മുഖ്യമന്ത്രി ഒ. പനീർസെൽവം തിങ്കളാഴ്ച പൊലീസിനെ അയച്ചേക്കുമെന്ന് അണ്ണാ ഡിഎംകെ നേതാവും പനീർസെൽവം ക്യാംപിലെ പ്രമുഖനുമായ ദുരൈ പാണ്ഡ്യൻ പറഞ്ഞു.

കൂവത്തൂരിലെ റിസോർട്ടിൽ പാർപ്പിച്ചിരിക്കുന്ന എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് ശശികല മാദ്ധ്യമപ്രവർത്തകരെ കണ്ടത്. തടവിലിട്ടിട്ടില്ലെന്നു ബോധ്യപ്പെടുത്താനായി എംഎൽഎമാരെയും അവർ വാർത്താ സമ്മേളനത്തിൽ പങ്കെടുപ്പിച്ചു. എത്രപേരുടെ പിന്തുണയുണ്ടെന്ന ചോദ്യത്തിന് എണ്ണി നോക്കിക്കോളാനായിരുന്നു ശശികലയുടെ മറുപടി.

എംഎൽഎമാരെ തടവിലിട്ടിരിക്കുകയാണെന്ന ആരോപണം ശശികല നിഷേധിച്ചു. എംഎൽഎമാരെ ചിലർ ഭീഷണിപ്പെടുത്തുണ്ട്. പാർട്ടിയുടെ ശത്രുക്കൾ കള്ളം പ്രചരിപ്പിക്കുയാണ്. എംഎൽഎമാർ അവരുടെ ഫോൺ ഉപയോഗിക്കുന്നുണ്ട്. അവർ കുടുംബത്തോടും കുട്ടികളോടും സ്ഥിരമായി സംസാരിക്കുന്നുണ്ടെന്നും ശശികല പറഞ്ഞു. എംഎൽഎമാർ കുടുംബത്തെ പോലും ഉപേക്ഷിച്ചാണ് ഇവിടെ കഴിയുന്നത്. ഇത് അവർക്ക് പാർട്ടിയോടുള്ള ആത്മാർഥതയാണ് കാണിക്കുന്നത്.

കൂവത്തൂരിലെ റിസോർട്ടിൽ എംഎൽഎമാർക്കൊപ്പമായിരുന്നു ശശികല മാദ്ധ്യമങ്ങളെ കണ്ടത്. എല്ലാവരും ഇവിടെ സ്വതന്ത്രരായി ഇരിക്കുകയാണെന്നും, പുറത്തു പോയവർ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്നും ശശികല പറഞ്ഞു. എത്ര എംഎൽഎമാർ കൂടെയുണ്ട് എന്ന ചോദ്യത്തിന് എണ്ണി നോക്കിക്കൊളാനായിരുന്നു ശശികലയുടെ മറുപടി. കൽപ്പാക്കത്ത് കഴിഞ്ഞിരുന്ന എംഎൽഎമാരെയും കൂവത്തൂരിലെത്തിച്ചാണ് മണിക്കൂറുകൾ നീണ്ട ചർച്ച അവസാനിച്ചത്. ഇന്നലെയും ശശികല റിസോർട്ടിലെത്തി മൂന്നു മണിക്കൂറോളം എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

തമിഴ്‌നാടിന്റെ ചുമതലയുള്ള ഗവർണർ സി. വിദ്യാസാഗർ റാവുവിനെതിരെയും ശശികല ആഞ്ഞടിച്ചു. ഗവർണർക്കെതിരെ പ്രതിഷേധിക്കുമെന്നു പറഞ്ഞ അവർ, മന്ത്രിസഭ രൂപീകരിക്കാൻ തന്നെ വിളിക്കാത്തതിൽ ദുരൂഹതയുണ്ടെന്നും ആരോപിച്ചു. ഇതിനു പിന്നിൽ ബിജെപിയും ഡിഎംകെയുമാണെന്നും അവർ പറഞ്ഞു.