വിജനമായ റോഡിലൂടെ തനിച്ചുവരുമ്പോൾ ആരെങ്കിലും പിന്തുടരുന്നുണ്ടെന്ന് തോന്നിയാലോ ഒറ്റയ്ക്ക് കാറിൽ യാത്ര ചെയ്യുമ്പോൾ ഡ്രൈവറുടെ സ്വഭാവത്തിൽ സംശയം തോന്നിയാലോ കൈയിലുള്ള മൊബൈലിൽ വിരലൊന്നമർത്തിയാൽ മതി. നിങ്ങൾക്ക് സഹായം വിളിപ്പുറത്താണ്.

സ്ത്രീകൾക്ക് രക്ഷാമാർഗമായി മൊബൈൽ ഫോണുകൾ മാറുകയാണ്. 2017 ജനുവരി ഒന്നുമുതൽ പുറത്തിറക്കുന്ന എല്ലാ മൊബൈൽ ഫോണുകളിലും പാനിക് ബട്ടണുകളുണ്ടാവും. ഈ ബട്ടണിൽ അൽപനേരം അമർത്തിയാൽ നിങ്ങളുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും സന്ദേശം പോകും. അതിൽ നിങ്ങൾ ഇപ്പോൾ എവിടെയാണെന്ന വിവരവുമുണ്ടാകും.

വനിതാ ശിശുക്ഷേമ മന്ത്രാലയവും വാർത്താവിനിമയ മന്ത്രാലയവും ചേർന്നുള്ള ചർച്ചയിലാണ് ഇത്തരമൊരു ആശയം ഉരുത്തിരിഞ്ഞത്. നിർഭയ പദ്ധതിപ്രകാരമാകും ഇതിനുള്ള ഫണ്ടുകൾ വിനിയോഗിക്കുക. നിലവിൽ ഇപ്പോൾ ഉപയോഗിക്കുന്ന ഫോണുകളിൽ എന്തുചെയ്യാനാകും എന്ന കാര്യത്തിൽ ചർച്ചകൾ നടത്തിവരികയാണ്.

പാനിക് ബട്ടൺ പോലെ ഉപയോഗിക്കാവുന്ന ആപ്ലിക്കേഷനുകൾ നിലവിലുള്ള ഫോണുകളിൽ ഉപയോഗിക്കാനുള്ള സാധ്യതകളാണ് ഇപ്പോൾ ആലോചിക്കുന്നത്. സാധാരണ ഫോൺ ഉപയോഗിക്കുന്നവർക്ക് സർവീസ് സെന്ററിൽച്ചെന്ന് സൗജന്യ നിരക്കിൽ പാനിക് ബട്ടൺ ഘടിപ്പിക്കാനുള്ള സംവിധാനവും നിലവിൽ വരും.