മലപ്പുറം: മലപ്പുറം കരുവാരക്കുണ്ടിൽ നാട്ടിലിറങ്ങിയ കടുവയെ പേടിച്ച് ജനങ്ങൾ. വനം വകുപ്പിന്റെ ക്യാമറയിൽ കടുവയെ കണ്ടിട്ടും മലപ്പുറം കരുവാരക്കുണ്ടിലിറങ്ങിയ കടുവയെ പിടികൂടാനോ, കാട്ടിലേക്കയക്കാനോ സാധിച്ചില്ല. ജനം ഭീതിയിൽ കഴിയുന്നതിനിടെ വീണ്ടും കാട്ടുപന്നിയുടെ ജഡം കടുവ ഭക്ഷിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ഒന്നര മാസത്തോളമായി കരുവാരക്കുണ്ടിലെ മലയോരവാസികളുടെയും തോട്ടം തൊഴിലാളികളുടെയും സ്വൈരജീവിതത്തിന് ഭീഷണിയായ കടുവയെ പിടികൂടാത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇന്നലെ രാവിലെ പാന്ത്ര സുൽത്താന എസ്റ്റേറ്റിനു സമീപം കാട്ടുപന്നിയുടെ ജഡത്തിന്റെ ഒരു ഭാഗം ഭക്ഷിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് കർഷകരും കർഷക തൊഴിലാളികളും ഭീതിയിലാണ്.

ഒക്ടോബർ 31 മുതൽ നവംബർ മൂന്നു വരെയുള്ള ദിവസങ്ങളിൽ കുണ്ടോട എസ്റ്റേറ്റിലായിരുന്നു ഭീതി പരത്തി കടവയുടെ സാന്നിധ്യമുണ്ടായിരുന്നത്. വനം വകുപ്പിന്റെ കാമറയിൽ കടുവയെ കണ്ടതോടെ പ്രദേശവാസികളുടെ നിർബന്ധത്തിന് വഴങ്ങി അന്ന് രണ്ടിടങ്ങളിൽ കെണികൾ സ്ഥാപിക്കുകയും കൃഷിഭൂമിയിലെ അടിക്കാടുകൾ വെട്ടിമാറ്റി കടുവയ്ക്കായുള്ള തെരച്ചിൽ ഊർജിതപ്പെടുത്തുകയും ചെയ്തു. എന്നാൽ കടുവയെ കണ്ടെത്താൻ സാധിക്കുകയോ കെണിയിൽ കുടുങ്ങുകയോ ചെയ്തില്ല. ഇതിന്റെ അടിസ്ഥാനത്തിൽ കടുവ കാടു കയറിയിട്ടുണ്ടാകും എന്ന നിഗമനത്തിലായിരുന്നു നാട്ടുകാരും വനപാലകരും.

ഇതിനിടയിലാണ് കഴിഞ്ഞ വെള്ളിയാഴ്ച തോട്ടം തൊഴിലാളിയായ ജാർഖണ്ഡ് സ്വദേശിനിയെ കടുവ ആക്രമിക്കാൻ ശ്രമിച്ചത്. ശനിയാഴ്ചയും ഞായറാഴ്‌ച്ചയും പലരും കടുവയെ നേരിട്ട് കാണുകയുണ്ടായി. ചിലർ അമ്മയും കുഞ്ഞുങ്ങളും ഉൾപ്പടെ നാലു കടുവകളെ കണ്ടതായും പറഞ്ഞു. ഞായറാഴ്ച പാന്ത്ര മേഖലയിൽ നിന്ന് കാട്ടുപന്നിയുടെ പകുതി ഭക്ഷിച്ച ജഡം കൂടി കണ്ടെത്തിയതോടെ നാട്ടുകാരുടെ ഭീതി വർധിച്ചു. രാവിലെ റബർ ടാപ്പിംഗിനു പോകുന്ന തൊഴിലാളികളിൽ മിക്കവരും ജോലിക്ക് പോകുന്നതു തന്നെ കടുവാ ഭീതി മൂലം നിർത്തിവച്ച സ്ഥിതിയിലായിരുന്നു.

ഇന്നുരാവിലെ സുൽത്താന എസ്റ്റേറ്റിലേക്ക് തോട്ടം പണിക്ക് പോയ ചിലർ നടവഴിയിൽ കടുവയുടെ കാൽപ്പാടുകൾ പിന്തുടരുന്നതിനിടെയാണ് മറ്റൊരു കാട്ടുപന്നിയെ കൂടി വകവരുത്തിയതായി കണ്ടത്. ജനവാസ മേഖലയിലെത്തി ഇരപിടിക്കുന്നതു തുടരുന്ന കടുവ ഇനി സ്വമേധയാ കാടുകയറില്ല എന്ന നിഗമനത്തിലാണ് നാട്ടുകാർ. അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രതിഷേധങ്ങൾക്ക് ഒരുങ്ങാനുള്ള നീക്കത്തിലാണ് നാട്ടുകാർ.