ഇടുക്കി: പണിക്കൻകുടി കൊലപാതകത്തിൽ വഴിത്തിരിവ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനങ്ങൾ പുറത്തുവന്നു. സിന്ധുവിനെ ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. സിന്ധുവിന് ക്രൂരമായി മർദ്ദനമേറ്റിരുന്നുവെന്നും മർദ്ദനത്തെതുടർന്ന് വാരിയെല്ലുകൾ പൊട്ടിയിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്.

വിശദമായ പോസ്റ്റ് മോർട്ടം റിപ്പോർട്ട് രണ്ട് ദിവസത്തിനകം ലഭിക്കുമെന്നും പൊലീസ് അറിയിച്ചു. പ്രതിയെ കണ്ടെത്തുന്നതിനായി സമഗ്രമായ അന്വേഷണമാണ് നടത്തുന്നത്. ഇടുക്കി ഡിവൈഎസ്‌പി യുടെ നേതൃത്വത്തിൽ മൂന്ന് സംഘങ്ങളായാണ് അന്വേഷണം നടത്തുന്നത്.

സംസ്ഥാനതിനകത്തും പുറത്തും വ്യാപക തെരച്ചിൽ തുടങ്ങിയതായും പൊലീസ് വ്യക്തമാക്കി.സിന്ധുവിന്റെ മൃതദേഹം അടുക്കളയിൽ കുഴിച്ചുമൂടിയ ബിനോയ് മൃതദേഹം ഒളിപ്പിക്കാൻ ചെയ്തത് വൻ ശ്രമങ്ങളാണ്. മൃതദേഹം പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞ ശേഷമാണ് അടുക്കളയിൽ കുഴിച്ചുമൂടിയത്. അന്വേഷണമുണ്ടായാൽ പൊലീസ് നായ മണം പിടിച്ചെത്താതിരിക്കാൻ കുഴിയിലാകെ മുളക് പൊടി വിതറി. വസ്ത്രം പൂർണമായും മാറ്റിയിട്ടുണ്ട്. മൃതദേഹം ശനിയാഴ്ച രാവിലെ പുറത്തെടുത്തു. കാണാതായ സിന്ധുവിന്റേത് തന്നെയാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞിരുന്നു.

അതിനിടെ കേസ് അന്വേഷണത്തിൽ പൊലീസിന്റെ ഭാഗത്ത് വലിയ വീഴ്‌ച്ചയുണ്ടായെന്ന് ആരോപിച്ച് സിന്ധുവിന്റെ കുടുംബം രംഗത്തെത്തിയിരുന്നു. സിന്ധുവിനെ ബിനോയ് കൊല്ലപ്പെടുത്തി കുഴിച്ചിട്ടതാകാമെന്ന തരത്തിലുള്ള മകന്റെ മൊഴിയുണ്ടായിട്ടും പൊലീസ് അത് ഗൗരവമായെടുത്തില്ലെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. മൃതദേഹം കണ്ടെത്തിയ അടുകളയിലെ തറയിലെ മണ്ണ് മാറ്റിയെന്ന് മൊഴിയുണ്ടായിട്ടും അന്വേഷിച്ചില്ല. ഓഗസ്റ്റ് 16ന് മാത്രമാണ് ബിനോയി ഒളിവിൽ പോയതെന്നും ബന്ധുക്കൾ പറഞ്ഞു.



കഴിഞ്ഞ 12 മുതലാണ് സിന്ധുവിനെ കാണാതായത്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് സിന്ധുവിന്റെ മാതാവ് വെള്ളത്തൂവൽ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചതോടെ ബിനോയ് മുങ്ങി. വെള്ളിയാഴ്ച, ബിനോയിയുടെ വീടിന്റെ അടുപ്പിനു കീഴിൽ മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തുകയായിരുന്നു.

അടുക്കളയുടെ അടുപ്പിനു താഴെ 2 അടിയോളം താഴ്ചയിൽ ബന്ധുക്കൾ മണ്ണ് നീക്കം ചെയ്തതോടെ 4 വിരലുകൾ കണ്ടെത്തി. തുടർന്ന് പൊലീസ് എത്തി പരിശോധന നടത്തുകയായിരുന്നു. മൃതദേഹത്തിന് മൂന്നാഴ്ച പഴക്കമുണ്ടെന്നാണ് നിഗമനം. ബിനോയിയുമായി സൗഹൃദത്തിലായിരുന്ന സിന്ധു, ഭർത്താവുമായി പിരിഞ്ഞ് ഇളയ മകനോടൊപ്പം 2016ൽ ആണ് കാമാക്ഷിയിൽനിന്ന് പണിക്കൻകുടിയിൽ എത്തി വാടകവീട്ടിൽ താമസമാരംഭിച്ചത്.

ബിനോയിയുടെ വീടിനോടു ചേർന്നായിരുന്നു ഇത്. കഴിഞ്ഞ 11നു സിന്ധുവിന്റെ മകനെ ബിനോയിയുടെ സഹോദരിയുടെ വീട്ടിലേക്ക് ഇയാൾ പറഞ്ഞയച്ചു. തുടർന്നാണ് കൊലപാതകം നടത്തിയതെന്നാണ് നിഗമനം. പിറ്റേന്ന് മകൻ തിരികെ എത്തിയപ്പോൾ അമ്മയെ കണ്ടില്ല. പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് ബിനോയ് സ്ഥലംവിട്ടതോടെ ഇയാളെയും സിന്ധുവിനെയും കണ്ടെത്തുന്നതിനുള്ള ശ്രമം ഊർജിതമായത്.