- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യ പദ്ധതി മുറ്റത്തുള്ള കുഴിയിൽ കുഴിച്ചു മൂടാൻ; പന്തിയല്ലെന്ന് കണ്ട് വീട്ടിനുള്ളിലെ അടുക്കളയിൽ എത്തി; മകനെ കൂടെ നിർത്തി അമ്മയുടേത് ഒളിച്ചോട്ടമാക്കാനും ശ്രമിച്ചു; എല്ലാം പൊളിച്ചത് പന്ത്രണ്ടുകാരന്റെ അടുക്കള സംശയം; കാമുകിയെ കുഴിച്ചു മൂടി പദ്ധതിയിട്ടത് സർക്കാർ ചെലവിൽ വീട് പുതുക്കി പണിയാൻ; പണിക്കൻകുടിയിലെ വില്ലൻ സത്യം പറയുമ്പോൾ
അടിമാലി: കാമാക്ഷി സ്വദേശിനി സിന്ധുവിനെ കൊലപ്പെടുത്തിയത് കണക്കൂട്ടലുകൾ ഏറെ നടത്തിയെന്ന് ബിനോയിയുടെ കുറ്റസമ്മതം. സംശയമാണ് എല്ലാത്തിനും കാരണമെന്ന് ബിനോയ് പറയുന്നു. സിന്ധുവിന്റെ ഇളയ മകനെ കൂടെ നിർത്താൻ തീരുമാനിച്ചതാണ് കള്ളം പുറത്താക്കിയത്. അടുക്കളിയിലെ മാറ്റം ഈ 12കാരനാണ് കണ്ടെത്തിയത്. ഇതോടെയാണ് സിന്ധു ഒളിച്ചോടിയെന്ന കഥ പ്രചരിപ്പിക്കാനുള്ള ശ്രമം പൊളിഞ്ഞത്. വലിയ ആലോചനകൾ നടത്തിയാണ് കൊലപാതകം എന്നാണ് പൊലീസ് വിലയിരുത്തൽ. സംഭവത്തിൽ പ്രതി പണിക്കൻകുടി മാണിക്കുന്നേൽ ബിനോയ് സേവ്യറിനെ (45) വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തി.
സിന്ധുവിന്റെ മകനുമായി അടുപ്പം കാത്തുസൂക്ഷിക്കാനും കൊലയ്ക്കു ശേഷം ശ്രദ്ധിച്ചു. അടുത്തിടെ 7,500 രൂപയോളം വിലയുള്ള മൊബൈൽ ഫോൺ വാങ്ങിനൽകിയിരുന്നു. ഒരു മാസം മുൻപ് ബാലനു വീഴ്ചയിൽ കൈക്ക് പരുക്കേറ്റിരുന്നു. അടിമാലി താലൂക്ക് ആശുപത്രിയിലാണ് ചികിത്സ തേടിയിരുന്നത്. 12നു രാവിലെ ഇയാൾ കുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കു വേണ്ടി എത്തിച്ചിരുന്നു. കൊലപാതകത്തിന്റെ പിറ്റേന്ന് മകൻ എത്തി അമ്മയെ തിരക്കിയപ്പോൾ ആടിനു പുല്ലരിയാൻ പോയതാണെന്ന് ആദ്യം പറഞ്ഞു. പിന്നീട് ആരുടെയെങ്കിലും കൂടെ പോയിക്കാണും എന്നറിയിച്ചു. സിന്ധുവിന്റെ ബന്ധുക്കൾ പരാതി കൊടുക്കും വരെ മകൻ ഇയാൾക്കൊപ്പമാണ് താമസിച്ചത്. എന്നാൽ മകൻ സംശയങ്ങൾക്ക് പിന്നാലെ പോയി. സിന്ധുവിന്റെ ബന്ധുക്കൾ പൊലീസിൽ പരാതിയും കൊടുത്തു. ഇതോടെ ഇയാൾ മുങ്ങി. പക്ഷേ പൊലീസ് കരുതലോടെ കുടുക്കി. ഇന്നലെ തെളിവെടുപ്പും നടത്തി. ഭാവ വ്യത്യാസമില്ലാതെ എല്ലാം പൊലീസിനോട് പറയുകയും കാട്ടിക്കൊടുക്കുകയും ചെയ്തു. അങ്ങനെ സിന്ധു കൊല സംശയങ്ങൾക്ക് അതീതമായി തെളിയുകയാണ്.
സിന്ധുവിനെ കുഴിച്ചുമൂടിയ ഭാഗം ഉൾപ്പെടുത്തി ഇയാൾ വീട് പുതുക്കിപ്പണിയാൻ തീരുമാനിച്ചിരുന്നു. സർക്കാരിന്റെ ഭവന പദ്ധതിയിൽ ബിനോയിക്ക് വീട് അനുവദിച്ചിരുന്നു. ഇതു കൊണ്ടാണ് അടുക്കളയിൽ മൃതദേഹം ഒളിപ്പിക്കാൻ തീരുമാനിച്ചത്. വീടുപണി ആരംഭിക്കുമ്പോൾ ഈ ഭാഗം തറയ്ക്കുള്ളിൽ നിലനിർത്തുകയായിരുന്നു ലക്ഷ്യം. ഓഗസ്റ്റ് 11ന് ഇടുക്കി പിന്നാക്ക വിഭാഗ വികസന കോർപറേഷനിൽ നിന്നു വായ്പ തരപ്പെടുത്തിയ ശേഷം ബിനോയ് വൈകിട്ട് വീട്ടിലെത്തിയപ്പോൾ സിന്ധു മൊബൈൽ ഫോണിൽ ആരോടോ സംസാരിക്കുന്നതു കണ്ടു. ആരോടാണ് സംസാരിച്ചത് എന്നു ചോദിച്ചെങ്കിലും സിന്ധു വെളിപ്പെടുത്തിയില്ല. ഇതാണ് കലഹം ഉണ്ടാക്കിയത്. എന്നാൽ ഈ വിഷയം പെട്ടെന്ന് അവസാനിപ്പിച്ചു. ഈ ഘട്ടത്തിൽ ആലോചന തുടങ്ങി.
തുടർന്ന് സിന്ധുവിന്റെ മകനെ തന്റെ സഹോദരിയുടെ വീട്ടിലേക്കു പറഞ്ഞയച്ചു. അതിന് ശേഷം കൊലപാതകവും. രാത്രിയോടെ വീണ്ടും കലഹം ഉണ്ടായി. 12 മണിക്കു ശേഷം സിന്ധുവിനെ ബിനോയ് മർദിച്ചു. തുടർന്ന് മുറ്റത്തേക്കു തള്ളിയിട്ട് ദേഹത്തു കയറിയിരുന്ന് ചവിട്ടുകയും ക്രൂരമായി മർദിക്കുകയുമായിരുന്നു. അനക്കമില്ലാതെ കിടന്നതോടെ വലിച്ചിഴച്ച് മുറ്റത്തിനു സമീപമുള്ള കുഴിയുടെ കരയിൽ എത്തിച്ച് മണ്ണെണ്ണ ഒഴിച്ചു കത്തിച്ചു. ഇതോടെ സിന്ധു ബഹളം ഉണ്ടാക്കി. തുടർന്ന് വെള്ളം ഒഴിച്ചു തീയണച്ച ശേഷം കുഴിയിലേക്ക് തള്ളിയിട്ട് ഉണക്കിലകൾ കൊണ്ടു മൂടി. എന്നാൽ ഈ സ്ഥലം സുരക്ഷിതമല്ലെന്ന് തോന്നിയതോടെ മൃതദേഹം പുറത്തെടുത്തു. പിന്നീട് മൃതദേഹത്തിലെ വസ്ത്രങ്ങൾ മാറ്റിയ ശേഷം അടുപ്പിന്റെ തറയിൽ കുഴിയുണ്ടാക്കി ഇതിലേക്ക് ഇറക്കി ചവിട്ടിത്താഴ്ത്തി മണ്ണിട്ടു മൂടി. മുകളിൽ 2 നിര ഇഷ്ടിക വച്ച് വീണ്ടും അതിനു മുകളിൽ അടുപ്പുണ്ടാക്കി തീ കത്തിച്ചു ജാതിക്കായും മറ്റും ഉണങ്ങാനിട്ടു.
കുഴി താഴ്ത്താൻ ഉപയോഗിച്ച തൂമ്പ, മൺവെട്ടി, കത്തിക്കാൻ ഉപയോഗിച്ച മണ്ണെണ്ണ വിളക്ക്, സിന്ധു ഉപയോഗിച്ചിരുന്ന ആഭരണം എന്നിവ ഇയാളുടെ വീട്ടിൽ നിന്ന് ഇന്നലെ കണ്ടെടുത്തു. വസ്ത്രങ്ങൾ പൊന്മുടി ജലാശയത്തിൽ ഉപേക്ഷിച്ചു. കോടതിയിൽ ഹാജരാക്കിയ ശേഷം കസ്റ്റഡിയിൽ വാങ്ങി തുടരന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. സിന്ധുവിനെ കാണാതായതു മുതൽ ഇയാളെ ലക്ഷ്യമിട്ടാണ് അന്വേഷണം നടന്നിരുന്നത്. എന്നാൽ പൊലീസിനെ പലപ്പോഴും കബളിപ്പിച്ചു മുങ്ങാൻ ഇയാൾക്ക് കഴിഞ്ഞു. നാട്ടിലെത്തി പണം സംഘടിപ്പിച്ച് സമീപ സംസ്ഥാനത്തേക്കു കടക്കാനുള്ള ശ്രമത്തിലായിരുന്നു. അടുത്ത ദിവസം തരപ്പെടുത്തിയ സിം കാർഡ് നമ്പർ കണ്ടെത്തി, ടവർ ലൊക്കേഷൻ സംബന്ധിച്ചുള്ള അന്വേഷണത്തിലൂടെ ബിനോയിയെ പൊലീസ് കുരുക്കി.
ഇടുക്കി ഡിവൈഎസ്പി ഇമ്മാനുവൽ പോൾ, വെള്ളത്തൂവൽ എസ്എച്ച് ആർ.കുമാർ, എസ്ഐമാരായ രാജേഷ് കുമാർ, സജി എൻ.പോൾ, സി.ആർ.സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലാ പൊലീസ് മേധാവി ആർ.കറുപ്പ സ്വാമി പ്രത്യേക സംഘത്തെ നിയമിച്ചത്. ഇന്നലെ രാവിലെ 11ന് ആരംഭിച്ച തെളിവെടുപ്പ് 3 മണിവരെ നീണ്ടു. യാതൊരു ഭാവവ്യത്യാസവും ഇല്ലാതെയാണ് ബിനോയ് കൊലപാതക കഥ പൊലീസിനോട് വിവരിച്ചത്.
മറുനാടന് മലയാളി ബ്യൂറോ