ചെന്നൈ: അണ്ണാഡിഎംകെ പിളർപ്പിലേക്കെന്ന വ്യക്തമായ സൂചന നല്കി ശശികലയ്‌ക്കെതിരേ തുറന്നടിച്ച് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവച്ച ഒ. പനീർശെൽവം. ശശികലയെ മുഖ്യമന്ത്രിയാക്കുന്നതിന് താൻ രാജിവയ്ക്കാൻ നിർബന്ധിതനാകുകയായിരുന്നുവെന്നും രാജി പിൻവലിക്കാൻ തയാറാണെന്നും അദ്ദേഹം രാത്രി വെളിപ്പെടുത്തി. ചെന്നൈ മറീന ബീച്ചിലെ ജയയുടെ സ്മൃതി മണ്ഡപത്തിൽ മുക്കാൽ മണിക്കൂർ ധ്യാനനിരതനായി പ്രാർത്ഥിച്ചശേഷം മാദ്ധ്യമപ്രവർത്തകർക്കു മുന്നിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.

തന്നെ നിർബന്ധിച്ചു രാജിവയ്‌പ്പിച്ചുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് പനീർശെൽവം നടത്തിയിരിക്കുന്നത്. ശശികലയെ പിന്തുണയ്ക്കാൻ താൻ നിർബന്ധിതനാകുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ശശികലയോടുള്ള എതിർപ്പുമായി 40 എംഎൽഎമാർ അണ്ണാ ഡിഎംകെ വിടുമെന്ന റിപ്പോർട്ടുകൾക്കു പിന്നാലെയാണ് തികച്ചും നാടകീയമായ നീക്കങ്ങളിലൂടെ തമിഴ്‌നാട് രാഷ്ട്രീയത്തെ പിടിച്ചു കുലുക്കുന്ന വെളിപ്പെടുത്തലുകൾ ഒ. പനീർശെൽവം നടത്തിയിരിക്കുന്നത്. മുമ്പ് ശശികല അവകാശപ്പെട്ടതുപോലെ പനീർശെൽവം സ്വയം രാജിവയ്ക്കുകയായിരുന്നില്ലെന്ന സുപ്രധാന വെളിപ്പെടുത്തലാണ് അദ്ദേഹത്തിൽനിന്ന് ഉണ്ടായിരിക്കുന്നത്.

ഇന്ന് വൈകിട്ട് ഒമ്പതിനാണ് പനീർശെൽവം അപ്രതീക്ഷിതമായി ചെന്നൈ മറീന ബീച്ചിലെത്തിയത്. തുടർന്ന് 9.40വരെ അദ്ദേഹം ജയയുടെ ശവകുടീരത്തിനു മുന്നിൽ ധ്യാനിരതനായി ഇരുന്നു. 9.40ന് കണ്ണുനീർ തുടച്ചുകൊണ്ട് എഴുന്നേറ്റു. അമ്മയുടെ ശവകൂടിരത്തിനു മുന്നിൽ സാഷ്ടാംഗം വീണു പ്രണമിച്ചു. തുടർന്നാണ് അദ്ദേഹം മാദ്ധ്യമപ്രവർത്തകരോടു സംസാരിച്ചത്. തികച്ചും വിനീത വിധേയനായി കാണപ്പെടുകയും മാദ്ധ്യമങ്ങളോടുപോലും കാര്യമായി സംസാരിക്കാൻ കൂട്ടാക്കാതിരിക്കുകയും ചെയ്യുന്ന ഒ. പനീർശെൽവമല്ല ഇന്നു രാത്രി മാദ്ധ്യമങ്ങളോടു സംസാരിച്ചത്. സ്മൃതി മണ്ഡപത്തിൽ പ്രാർത്ഥന നടത്തിയ അദ്ദേഹം അമ്മയുടെ ആത്മാവ് തന്നോട് സംസാരിച്ചതായും അവകാശപ്പെട്ടു.

ചില സത്യങ്ങൾ വെളിപ്പെടുത്താനുണ്ടെന്നു പറഞ്ഞുകൊണ്ടാണ് പനീർശെൽവം സംസാരിച്ചു തുടങ്ങിയത്. ജയലളിതയാണ് തന്നോടു മുഖ്യമന്ത്രിയാകാൻ ആവശ്യപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. ജനസമ്മതി കാരണമാണ് തന്നോടു മുഖ്യമന്ത്രിയാകാൻ അമ്മ ആവശ്യപ്പെട്ടത്. പാർട്ടിയെയും സർക്കാരിനെയും സംരക്ഷിക്കണമെന്നായിരുന്നു അമ്മ ആവശ്യപ്പെട്ടത്. മനസാക്ഷികുത്തു കാരണമാണ് ഇപ്പോൾ ഇക്കാര്യങ്ങൾ തുറന്നു പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ജയലളിതയുടെ തീരുമാനങ്ങൾ അട്ടിമറിച്ചത് മുതിർന്ന നേതാവ് തമ്പുദുരൈ ആണെന്ന് പനീർ ശെൽവം ആരോപിച്ചു. മധുസൂധനനെ പാർട്ടി ജനറൽ സെക്രട്ടറി ആക്കണമെന്നാണ് അമ്മ ആഗ്രഹിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ശശികലയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്ത എംഎൽഎമാരുടെ യോഗത്തിൽ മുതിർന്ന നേതാവും റവന്യൂ മന്ത്രിയുമായ ആർ.ബി. ഉദയകുമാറാണ് തന്റെ രാജി ആവശ്യപ്പെട്ടത്. രാജിവയ്ക്കാൻ താൻ നിർബന്ധിതനാകുകയായിരുന്നു. ജനസമ്മിതിയിവല്ലാത്ത ഒരാളെ മുഖ്യമന്ത്രിയാക്കുന്നതിനോട് താൻ അനുകൂലിക്കുന്നില്ല. പാർട്ടി പിളർത്തണമെന്ന് തനിക്ക് ആഗ്രഹിക്കുന്നില്ല.

മുഖ്യമന്ത്രിയെന്ന നിലയിൽ തന്റെ പ്രവർത്തനങ്ങൾ ശശികലയ്ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. തന്റ തീരുമാനങ്ങൾ പല നേതാക്കൾക്കും ഇഷ്ടപ്പെടാത്തതുകൊണ്ടാണ് താൻ രാജി വച്ചത്. മുഖ്യമന്ത്രിയാക്കി തന്നെ അവഹേളിച്ചു. ശശികല മുഖ്യമന്ത്രിയാകുമെന്നു മന്ത്രിമാർ പറഞ്ഞുനടന്നു. അവരെ മുഖ്യമന്ത്രിയാക്കാൻ എല്ലാവരും കൂടി തീരുമാനിച്ചു. നിയമസഭാകക്ഷിയോഗം വിളിച്ചതു തന്നെ അറിയിച്ചില്ല. പാർട്ടിയിലെ ഐക്യം തകരുമെന്നു പറഞ്ഞാണു തന്നെ രാജിവയ്‌പ്പിച്ചത്. തനിച്ച് പോരാടുമെന്നും അദ്ദേഹം വെളിപ്പെടുത്തി.

തന്റെ കടമ താൻ ഭംഗിയായി ചെയ്തു. അമ്മ തെളിച്ച വഴിയിലൂടെയായിരുന്നു താൻ മുന്നോട്ടു പോയത്. പാർട്ടിക്കാരും ജനങ്ങളും ആവശ്യപ്പെട്ടാൽ ആവശ്യമെങ്കിൽ രാജി പിൻവലിക്കും. ജനങ്ങളും പാർട്ടിയും ആവശ്യപ്പെട്ടാൽ മുഖ്യമന്ത്രിയായി തുടരുമെന്നും പനീർശെൽവം കൂട്ടിച്ചേർത്തു.

നേരത്തേ പനീർശെൽവം സ്വയം രാജിവച്ച് തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്കു നിർദ്ദേശിച്ചുവെന്നാണ് ശശികല അവകാശപ്പെട്ടിരുന്നത്. ഈ അവകാശവാദം തികച്ചും തെറ്റാണെന്നാണ് പനീർ ശെൽവത്തിന്റെ വെളിപ്പെടുത്തുലുകളോടെ വ്യക്തമാകുന്നത്. അണ്ണാ ഡിഎംകെ പാർട്ടി ഇപ്പോൾ ശശികല പക്ഷവും പനീർശെൽവം പക്ഷവുമായി തിരിഞ്ഞ് പോരടിക്കുന്നതായിട്ടാണ് തമിഴ് രാഷ്ട്രീയവിശകല വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. പനീർ ശെൽവത്തിന് 50 എംഎൽഎമാരുടെ പിന്തുണ ഉള്ളതായി സൂചനയുണ്ട്. പനീർശെൽവത്തിന്റെ വെളിപ്പെടുത്തലുകൾക്കു പിന്നാലെ പോയസ് ഗാർഡനിൽ ശശികലയുടെ നേതൃത്വത്തിൽ യോഗം വിളിച്ചു. എല്ലാ എംഎൽഎമാരും പങ്കെടുക്കണമെന്നാവശ്യപ്പെട്ടുള്ള വിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

ജയലളിതയുടെ മരണത്തിനു പിന്നാലെ അണ്ണാഡിഎംകെ പാർട്ടി മുഴുവനായി തന്റെ നിയന്ത്രണത്തിൽ കൊണ്ടുവന്ന് മുഖ്യമന്ത്രി പദത്തിലേറാമെന്നുള്ള ശശികലയുടെ മോഹങ്ങളെല്ലാം വിഫലമാകുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. 40 എംഎൽഎമാർ ശശികലയോടുള്ള എതിർപ്പുമായി പാർട്ടി വിടാൻ തയാറായിക്കഴിഞ്ഞതായി സൂചനയുണ്ട്. ഇതിനിടെ പാർട്ടിയിലെ മുർന്ന നേതാവായ വി.എച്ച്. പാണ്ഡ്യൻ ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ശശികലയ്‌ക്കെതിരേ ഒളിയമ്പ് എയ്തിട്ടുണ്ട്. സെപ്റ്റംബർ 22ന് പോയസ് ഗാർഡനിൽ വാക്കുതർക്കമുണ്ടായെന്നും തർക്കത്തിൽ ആരോ ജയയെ പിടിച്ചുതള്ളിയെന്നും ഇതിനിടെ കുഴഞ്ഞുവീണതിനെ തുടർന്നാണ് ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നുമാണ് പാണ്ഡ്യൻ പറഞ്ഞത്.

ഇതൊടൊപ്പം ശശികലയുടെ സത്യപ്രതിജ്ഞാ ചടങ്ങും നീണ്ടുപോകുകയാണ്. അന്തരിച്ച ജയലളിതകൂടി പ്രതിയായ അനധികൃത സ്വത്തു സമ്പാദനക്കേസിൽ ഒരാഴ്ചയ്ക്കകം സുപ്രീംകോടതി വിധി പറയും. വിധി പ്രതികൂലമാകുമെന്ന വിലയിരുത്തലിൽ തമിഴ്‌നാടിന്റെ ചുമതലയുള്ള മഹാരാഷ്ട്ര ഗവർണർ വിദ്യാസാഗർ റാവു സത്യപ്രതിജ്ഞാ ചടങ്ങ് നീട്ടിക്കൊണ്ടുപോകുകയാണ്. കഴിഞ്ഞദിവസം ചെന്നൈയ്ക്കു തിരിച്ച അദ്ദേഹം ശശികലയുമായി ബന്ധപ്പെട്ട കേസിൽ നിയമോപദേശം ലഭിച്ചതിനെതുടർന്ന് മുംബൈയിലേക്കു മടങ്ങി. ബുധനാഴ്ചയും ഗവർണർ ചെന്നൈയിൽ എത്തില്ല. പനീർസെൽവം തന്നെ ഇടക്കാല മുഖ്യമന്ത്രിയായി തുടരുമെന്നും ശശികലയുടെ സ്ഥാനമേൽക്കലുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങൾ വ്യക്തമായി മനസ്സിലാക്കിയിട്ടേ ഗവർണർ എത്തുകയുള്ളെന്നുമാണ് സൂചന.