- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ചെങ്കല്ലിൽ പണിത 35 കിടപ്പു മുറികളുള്ള പതിനാറുകെട്ട്! വിശാലമായ ഹാളും ഇടനാഴികളും ചേരുമ്പോൾ തലഉയർത്തി നിൽക്കുന്ന പാരമ്പര്യ പ്രൗഢി; സ്വത്തുക്കൾ ഭാഗിക്കണമെന്ന വ്യവഹാരം തുടങ്ങിയത് 1944ൽ; കേരളത്തേക്കാൾ പഴക്കമുള്ള കേസിൽ ഹർജിക്കാർ 304 പേർ; അന്തിമ വിധിക്കായി ഒറ്റപ്പാലം സിവിൽ കോടതിയിൽ വാദം തുടങ്ങി
ഒറ്റപ്പാലം: കേരളത്തിലെ പാരമ്പര്യ തനിമയിൽ നിർമ്മിച്ച നിരവധി നിർമ്മിതികൾ വള്ളുവനാട്ടിൽ ഇപ്പോഴുമുണ്ട്. പാരമ്പര്യ തനിമയോടെ തല ഉയർത്തി നിൽക്കുന്ന പന്നിക്കോട് തറവാട് ഇത്തരം നിർമ്മിതികളിൽ ഒന്നാണ്. മലബാർ ഡിസ്ട്രിക്ട് ബോർഡ് ഡപ്യൂട്ടി കലക്ടറായിരുന്ന പന്നിക്കോട്ട് കരുണാകര മേനോൻ നിർമ്മിച്ചതാണു പന്നിക്കോട് തറവാട് ഇപ്പോൾ വാർത്തകളിൽ നിറയുന്നത് ഇതിനെ ചൊല്ലിയുള്ള അപൂർവ്വ നിയമ വ്യവഹാരം കൊണ്ടാണ്.
ചെങ്കല്ലിൽ പണിത പതിനാറുകെട്ടിന്റെ നിർമ്മാണം പൂർത്തിയാക്കാൻ രണ്ട് വർഷത്തിലേറെ സമയം എടുത്തിരുന്നു. വിശാലമായ ഹാളും ഇടനാഴികളും 35 കിടപ്പുമുറികളുമൊക്കെ ഉൾപ്പെട്ട സമുച്ചയമാണ് ഇത്. കേരളത്തേക്കാൾ പഴക്കമുള്ള ഈ കെട്ടിടത്തെയും അനുബന്ധ വസ്തുക്കളെയും ചൊല്ലിയുള്ള നിയമ പോരാട്ടം ഇപ്പോൾ ശ്രദ്ധേയാണ്. ബ്രിട്ടീഷ് കാല നിയമത്തിന്റെ തുടർച്ചയായി തുടങ്ങിയ നിയമ പോരാട്ടം ഇപ്പോൾ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിലെയും അപൂർവ്വ കേസായി നിലനിൽക്കുകയാണ്. ഈ കേസിലെ അന്തിമ വാദം ഒറ്റപ്പാലം സബ് കോടതിയിൽ കേട്ടു തുടങ്ങിയിരിക്കയാണ്.
മലപ്പുറം മഞ്ചേരിക്കടുത്തു തിരുവാലി പഞ്ചായത്തിലെ പ്രശസ്തമായ പന്നിക്കോട് തറവാടിന്റെ അധീനതയിലുള്ള സ്വത്തുക്കൾ ഭാഗിക്കണമെന്ന ആവശ്യവുമായി വ്യവഹാരം ആരംഭിച്ചത് 1944ലായിരുന്നു. ആദ്യം കോഴിക്കോട് സബ് കോടതിയിൽ ഫയൽ ചെയ്ത ഹർജി 6 മാസത്തിനു ശേഷം ഒറ്റപ്പാലം സബ് കോടതിയിലേക്ക് മാറ്റി. തുടക്കത്തിൽ ഹർജിക്കാരായി 22 പേരും എതിർകക്ഷികളായി 125 പേരുമുണ്ടായിരുന്നു. അവകാശികളുടെ ഓഹരികൾ നിർണയിക്കാൻ 1947 ഡിസംബറിൽ പ്രാരംഭവിധി പുറപ്പെടുവിച്ചു. ദേശം അധികാരി കൂടിയായിരുന്ന പന്നിക്കോട്ട് കരുണാകരമേനോൻ സബ് കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചു. പ്രാരംഭവിധി ശരിവച്ചു 1958 ജനുവരിയിൽ ഹൈക്കോടതി അപ്പീൽ തീർപ്പാക്കി.
1958ൽ സ്ഥിരപ്പെടുത്തിയ പ്രാരംഭ വിധി നടപ്പാക്കാൻ ആറു പതിറ്റാണ്ടോളം കഴിഞ്ഞ് 2017ലാണ് അന്തിമവിധിക്കായുള്ള ഹർജി സബ് കോടതിയിലെത്തിയത്. ഇതിനിടെ, മഞ്ചേരിയും പൊന്നാനിയും തൃശൂർ ജില്ലയിലെ ചാവക്കാടുമൊക്കെ ഉൾപ്പെട്ടിരുന്ന ഒറ്റപ്പാലം സബ് കോടതിയുടെ അധികാര പരിധി വിഭജിക്കപ്പെട്ടു. മലപ്പുറം ജില്ല രൂപീകരിച്ച ശേഷം മഞ്ചേരിയിൽ സബ് കോടതി തുടങ്ങിയെങ്കിലും ഈ കേസ് ഒറ്റപ്പാലം കോടതിയിൽ നിലനിന്നു. സബ് ജഡ്ജി കെ.എം. വാണി കഴിഞ്ഞ ദിവസം വാദം കേൾക്കൽ തുടങ്ങി.
കേസ് നീണ്ടും പോകുന്നതിന് അനുസരിച്ച് അവകാശികളുടെ എണ്ണവും കൂടിവന്നു. ഇപ്പോൾ കേസിൽ ഹർജിക്കാരായി 304 പേരും എതിർകക്ഷികളായി 37 പേരുമാണുള്ളത്. പരപ്പിൽ മാധവമേനോൻ, ഓട്ടൂർ നാരായണൻ നമ്പൂതിരി, സ്വാതന്ത്ര്യ സമരസേനാനി കൂടിയായിരുന്ന എൻ. സുന്ദരയ്യർ, എൻ. പരമേശ്വരയ്യർ, കയറാട്ട് ഗോപാലൻ നായർ, കെ.സി.എൻ. നമ്പൂതിരി, വി. സുബ്രഹ്മണ്യയ്യർ, ഇട്ടിരാരിച്ചൻ മേനോൻ, അപ്പുക്കുട്ടി മേനോൻ എന്നിവരായിരുന്നു പ്രാരംഭ കാലത്തെ കാലത്ത് അഭിഭാഷകർ.
കാലദൈർഘ്യത്തിൽ, അഭിഭാഷകരിലും തലമുറമാറ്റങ്ങൾ സംഭവിച്ചു. ഇപ്പോൾ കെ.വി. നാരായണൻ, ജയ്റാം, കെ.പി. മോഹൻകുമാർ, കെ.ആർ. ഗിരി അയ്യർ, മനോജ് പി. മേനോൻ എന്നീ അഭിഭാഷകരാണു ഹാജരാകുന്നത്. അത്യപൂർവ്വ കേസിലെ അന്തിമ വിധി എന്താകുമെന്ന ആകാംക്ഷ കോടതി വൃത്തങ്ങളിലും നിറയുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ