ആലപ്പുഴ: പുറത്തുനിന്നും ആരെയും എടുത്ത് ശക്തമാക്കേണ്ട ഗതികേട് ഇടതുമുന്നണിക്ക് ഇതുവരെ ഉണ്ടായിട്ടില്ലെന്ന് സിപിഐ മുൻ സംസ്ഥാന സെക്രട്ടറിയും ദേശീയ നിർവാഹക സമിതി അംഗവുമായ പന്ന്യൻ രവീന്ദ്രൻ മറുനാടനോട്.

സ്വപ്നലോകത്തുള്ളവർ പലതും പറയും. എൽഡിഎഫ് ദല്ലാളന്മാരെ എവിടെയും നിയോഗിച്ചിട്ടില്ല. എൽഡിഎഫിലെ കാര്യങ്ങൾ തീരുമാനിക്കാൻ സ്‌കറിയാ തോമസിനെ ചുമതലപ്പെടുത്തേണ്ട ഗതികേട് ഇതുവരെയുമില്ല. ഇടതുമുന്നണി ഇപ്പോൾ സുശക്തമാണ്. പുറത്തുനിന്നും ആരെയും കൂടെയിരുത്തി മുന്നണി ബലപ്പെടുത്തേണ്ട ഗതികേട് ഉണ്ടായിട്ടില്ലെന്നു പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.

സ്വപ്നം കാണാൻ നല്ല സുഖമാണ്. സുഖമുള്ള സ്വപ്നങ്ങളിലൊന്നാണ് മാണിയുടെ ഇടതുമുന്നണി പ്രവേശനം. കേരളത്തിലെ ജനങ്ങൾക്ക് ഇവരെയെല്ലാം നല്ലതുപോലെ അറിയാവുന്നതാണ്. ഇവരെക്കുറിച്ചൊന്നും പ്രത്യേക വിശദീകരണം നൽകേണ്ടതില്ല. ആറു പാർട്ടികൾ ചേർന്നതാണ് ഇടതുമുന്നണി. മാത്രമല്ല പന്ത്രണ്ടോളം പാർട്ടികൾ പുറത്തുനിന്നു പിന്താങ്ങുന്നുമുണ്ട്. പിന്നെയെന്തിനാ വേറൊരാളെ വലിച്ചോണ്ടു വരുന്നത്? അതിന്റെ ആവശ്യമില്ല.

ഇടതുമുന്നണിയിൽ പ്രവേശനം കാത്ത് പതിറ്റാണ്ടുകളായി കഴിയുന്ന പാർട്ടികളുണ്ട്. ഇതിലും ഭേദം അവരെയൊക്കെ പരിഗണിക്കുന്നതല്ലേ. മാണിയെ മുന്നണിയിൽ എടുക്കുന്ന കാര്യം ഇടതു മുന്നണി ഇതുവരെയും ചർച്ച ചെയ്തിട്ടില്ല. പിന്നെ എങ്ങനെയാണ് സ്‌കറിയാ തോമസിന് വെളിപാടുണ്ടായത്?

കർഷക കൂട്ടായ്മയൊക്കെ നല്ലതുതന്നെയാണ്. ഇതൊന്നും ഇടതുമുന്നണി വിപുലപ്പെടുത്തുന്നതിനു കാരണമല്ല. മാത്രമല്ല മാണി വരുന്നതിനോട് സിപിഐയ്ക്ക് ഒട്ടും യോജിപ്പില്ല. മുന്നണി യോഗം ചേരാതെയും കൂടിയാലോചനയില്ലാതെയും എൽഡിഎഫിൽ ഒന്നും നടക്കില്ല. ഇതൊക്കെ ചിലരുടെ സ്വപ്നങ്ങൾ മാത്രമാണ്. സ്വപ്നം കാണുന്നവരുടെ എണ്ണം ഇപ്പോൾ കൂടുതലാണ്. ശക്തമായി മുന്നോട്ടു പോകുന്ന ഇടതുമുന്നണിയിൽ കൂടുതൽ കുഴപ്പങ്ങൾ ഉണ്ടാക്കാൻ നിലവിലുള്ള ആർക്കും മോഹമില്ല. അതുകൊണ്ടുതന്നെ മാണിയായാലും ആരായാലും പുതുതായി ആരും തന്നെ ഇടതുമുന്നണിയിൽ പ്രവേശിക്കില്ലെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.

കെ എം മാണി യുഡിഎഫ് വിട്ടത് അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പിന് മുൻപ് എൽഡിഎഫിൽ എടുക്കാമെന്ന ഉറപ്പിന്റെ പേരിലാണെന്നതു സംബന്ധിച്ച വാർത്ത മറുനാടൻ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. മാണിക്കെതിരായ ബാർകോഴ അടക്കമുള്ള കേസുകൾ നിലനിൽക്കില്ലെന്ന അവസ്ഥ വന്നതോടെ കേരളകോൺഗ്രസിന്റെ എൽഡിഎഫ് പ്രവേശനത്തിന്റെ പിതൃത്വം ഏറ്റെടുത്ത് സ്‌കറിയ തോമസ് രംഗത്തെത്തുകയായിരുന്നു. സ്‌കറിയ തോമസ് നൽകിയ നിർദ്ദേശ പ്രകാരം മനോരമ ന്യൂസും തുടർന്ന് മറ്റ് ചാനലുകളും ഇത് സംബന്ധിച്ച് വാർത്ത നൽകിയതായാണ് സൂചന. ഇടത് പ്രവേശനത്തിനുള്ള സാധ്യത ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും ചർച്ചകൾ നേരത്തെ പൂർത്തിയാക്കിയതാണെന്നും കേരള കോൺഗ്രസ് നേതാക്കളും വ്യക്തമാക്കിയിരുന്നു.

സിപിഐയുടെ ശക്തമായ വിയോജിപ്പ് തുടരുന്നതിനിടെയാണ് കെ.എം. മാണിയെ ഇടതുപാളയത്തിലെത്തിക്കാനുള്ള ശ്രമം. അഴിമതി ആരോപണങ്ങളിൽ കോടതി വിധികളെല്ലാം കെ.എം. മാണിക്ക് അനുകൂലമാണെന്നും എ.കെ. ആന്റണിയും ഉമ്മൻ ചാണ്ടിയും ഉൾപ്പെടെയുള്ളവർ അവഗണിച്ചപ്പോൾ കേരളാ കോൺഗ്രസിന് അഭയം നൽകിയ ഇടതുപക്ഷത്തെ മാണി മറക്കുമെന്ന് കരുതുന്നില്ലെന്നും ദൗത്യത്തിനു ചുക്കാൻ പിടിക്കുന്ന ഇന്നലെ മനോരമയോട് സ്‌കറിയാ തോമസ് വ്യക്തമാക്കി. കേരളാ കോൺഗ്രസ് (ജേക്കബ്) ചെയർമാൻ ജോണി നെല്ലൂരും സഖ്യത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ഇവർകൂടി പങ്കെടുത്ത പ്രാരംഭ ചർച്ചകളും പലവട്ടം കഴിഞ്ഞുവെന്നും പറഞ്ഞു. എന്നാൽ, കർഷക കൂട്ടായ്മ ഉണ്ടെങ്കിലും അതിന് രാഷ്ട്രീയമായ ഏതെങ്കിലും നീക്കങ്ങളോട് യോജിപ്പില്ലെന്നാണ് മാണി ഗ്രൂപ്പിലെ ഒരു വിഭാഗത്തിന്റെ നിലപാട്.


അതേസമയം കെ.എം മാണി യുഡിഎഫ് വിട്ട് സ്വതന്ത്രമായി നിൽക്കുന്നത് അദ്ദേഹത്തിന്റെ ഇടതു അനുഭാവം കൊണ്ട് തന്നെയാണ്. ബാർകോഴ കേസിൽ നിന്നും തടിയൂരുക എന്ന ലക്ഷ്യം കൂടി ഇതിനുണ്ടായിരുന്നു. ഇടതു സർക്കാർ അധികാരത്തിലേറിയതിന് ശേഷം ഈ കേസിലെ കാര്യങ്ങളെല്ലാം മാണിക്ക് അനുകൂലമായാണ് നീങ്ങിയത്. നിലവിൽ ഇടതു സർക്കാർ ഇപ്പോൾ നേരിടുന്ന കടുത്ത വിമർശനങ്ങൾ കെ എം മാണിക്കും കൂട്ടർക്കും അനുകൂലമായി മാറുമെന്നാണ് വിലയിരുത്തൽ. കാരണം ലോക്സഭാ തെരഞ്ഞെടുപ്പ് അടുക്കുന്ന വേളയിൽ ഭരണവിരുദ്ധ വികാരത്തെ മറികടക്കാൻ മുന്നണിയെ ശക്തിപ്പെടുത്താനാണ് സി.പി.എം ആലോചന. ഒരിക്കലും കിട്ടാത്ത കോട്ടയം ലോക്സഭാ സീറ്റ് ജോസ് കെ മാണിക്ക് തന്നെ നൽകി വിജയിക്കാനും കഴിയും. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും മാണി മുന്നണിയിൽ സ്ഥാനം ഉറപ്പിക്കുകയും ചെയ്യുമെന്നാണ് അറിയുന്നത്. ഏറെക്കാലമായി യുഡിഎഫ് മുന്നണി ബന്ധം ഉപേക്ഷിച്ച കെഎം മാണി ഇപ്പോൾ രണ്ട് മുന്നണികളോടും ഒരേ നിലപാടാണ് സ്വീകരിക്കുന്നത്.

ഫ്രാൻസിസ് ജോർജ്ജ് വിഭാഗത്തിലുള്ള വിശ്വാസം ഇടതുമുന്നണിക്ക് ഇതിനോടകം നഷ്ടമായിട്ടുണ്ട്. നേതാക്കൾ മാത്രമേയുള്ളൂ, അണികൾ ഇല്ലെന്ന ബോധ്യം എൽഡിഎഫിനുണ്ട്. അതുകൊണ്ട് തന്നെയാണ് അവർ മാണിയുമായി ഡീലുണ്ടാക്കിയത്. മാണിയെ കൂടെക്കൂട്ടിയാൽ മധ്യതിരുവിതാംകൂറിൽ കൂടുതൽ ശക്തരാകുകയും ചെയ്യം. അതുകൊണ്ടാണ് ബാർകേസ് പോലും ഇപ്പോൽ മെല്ലെപ്പോകുന്നത്. പതിയെ മാണിയുമായി അടുത്ത് ലോക്സഭാ തെരഞ്ഞെടുപ്പോടെ ഇടതു പാളയത്തിൽ മാണിയെ എത്തിക്കാമെന്നാണ് നേതാക്കളുടെ കണക്കുകൂട്ടൽ. എന്നാൽ മാണിയുടെ മുന്നണി പ്രവേശത്തെ ശ്ക്തമായി എതിർക്കുമെന്ന സിപിഐയുടെ നിലപാട് സിപിഎമ്മിന് വെല്ലുവിളിയാകുമെന്നുറപ്പാണ്.