- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പന്ന്യൻ രവീന്ദ്രന്റെ പേരലുള്ള ഫൗണ്ടേഷൻ പിരിച്ചുവിടാൻ സിപിഐ നേതൃത്വത്തിന്റെ നിർദ്ദേശം; ജീവിച്ചിരിക്കെ സ്വന്തം പേരിൽ ഫൗണ്ടേഷൻ ഉണ്ടാക്കി പരിപാടി സംഘടിപ്പിച്ചത് ശരിയായില്ലെന്നും ആക്ഷേപം
കോഴിക്കോട്: ജീവിച്ചിരിക്കെ സ്വന്തം പേരിൽ ഫൗണ്ടേഷൻ ഉണ്ടാക്കി പരിപാടി സംഘടിപ്പിച്ച സിപിഐ. നേതാവ് പന്ന്യൻ രവീന്ദ്രനെതിരെ സിപിഐ നേതൃത്വം. ഫൗണ്ടേഷൻ പിരിച്ചുവിടാൻ നിർദ്ദേശം. കേന്ദ്ര കൺട്രോൾ കമീഷൻ ചെയർമാൻകൂടിയായ പന്ന്യൻ രവീന്ദ്രനെതിരെ സിപിഐ സംസ്ഥാന നിർവാഹക സമിതിയാണ് രംഗത്തുവന്നത്.
പന്ന്യൻ രവീന്ദ്രൻ (പി.ആർ) ഫൗണ്ടേഷൻ എന്ന പേരിൽ രൂപവത്കരിച്ച സംഘടനയുടെ പേരിൽ കഴിഞ്ഞ ദിവസം പന്ന്യന്റെ സാന്നിധ്യത്തിൽ ചില പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഇത് പാർട്ടി സമ്മേളനങ്ങളിൽ ചർച്ചയായപ്പോഴാണ് സംസ്ഥാന നേതൃത്വം ശ്രദ്ധിച്ചത്. ബുധനാഴ്ച ചേർന്ന നിർവാഹക സമിതിയിൽ അംഗങ്ങൾ കൂട്ടത്തോടെ പന്ന്യന്റെ നടപടിയെ വിമർശിച്ചു. കാര്യം സമ്മതിച്ച പന്ന്യൻ, അതൊരു വാട്സ്ആപ് കൂട്ടായ്മ മാത്രമാണെന്ന് വാദിച്ചു. തന്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പറഞ്ഞു. വിശദീകരണം തള്ളിയ നേതൃത്വം ഇത്തരം നടപടി ആവർത്തിക്കരുതെന്ന് നിർദേശിച്ചു.
തിരുവനന്തപുരം ആസ്ഥാനമായാണ് ഫൗണ്ടേഷൻ തുടങ്ങിയത്. വ്യക്തിയാരാധനയുടെ പേരിൽ ഇത്തരമൊരു സംഘടന രൂപവത്കരിച്ചത് ശരിയല്ലെന്നാണ് പാർട്ടിക്കുള്ളിലെ വിമർശകപക്ഷം. യുവനേതാക്കളാണ് തെക്കൻജില്ലകളിലെ മണ്ഡലം സമ്മേളനങ്ങൾക്കിടെ വിഷയം ആഞ്ഞടിക്കുന്നത്.
തെറ്റായ കീഴ് വഴക്കമാണ് ഇതെന്നും വ്യക്തികേന്ദ്രീകൃത മുദ്രാവാക്യം വിളിക്കുന്നതുപോലും നിഷേധിക്കുന്ന പാർട്ടിക്കുള്ളിൽ ഇത്തരം രീതി തുടരുന്നത് ശരിയല്ലെന്നുമുള്ള പരാതികൾ മണ്ഡലം സമ്മേളനങ്ങൾക്കിടെ ഉയർന്നുകഴിഞ്ഞിരുന്നു. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ഒരു കുട്ടിയെ ആദരിക്കുന്ന ചടങ്ങിലാണ് പി.ആർ. ഫൗണ്ടേഷൻ എന്ന പേര് പാർട്ടിക്കുള്ളിൽ ചർച്ചയായത്.
അത് പന്ന്യൻ രവീന്ദ്രൻ ഫൗണ്ടേഷനാണെന്ന് പലർക്കും അറിയില്ലായിരുന്നു. പിന്നീടാണു പന്ന്യന്റെ യുവാക്കളായ സുഹൃത്തുക്കൾ ചേർന്നാണ് ഇതുണ്ടാക്കിയത് എന്ന് വ്യക്തമായത്. താൻ രൂപവത്കരിച്ചതല്ലെന്നുമായിരുന്നു പന്ന്യന്റെ പ്രതികരണം.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്