ആലപ്പുഴ: കൊല്ലും കൊലയും മുഖമുദ്രയാക്കിയ ആർഎസ്എസ്സിനെ കൂട്ടുപിടിച്ച് കേരളത്തിൽ മുന്നാം മുന്നണിയുണ്ടാക്കാനുള്ള വെള്ളാപ്പള്ളി നടേശന്റെ നീക്കം വിലപ്പോവില്ലെന്ന് സിപിഐ മുൻ സംസ്ഥാന സെക്രട്ടറിയും ദേശീയ നിർവാഹക സമിതി അംഗവുമായ പന്ന്യൻ രവീന്ദ്രൻ മറുനാടന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.

ഗാന്ധിജിയെ കൊന്നവരെ കൂട്ടുപിടിക്കുന്ന വെള്ളാപ്പള്ളി എന്തു ഗുരുദർശനമാണ് പ്രാവർത്തികമാക്കുന്നത്. ഗുരുവിനെ നിന്ദിച്ച് അമ്പലങ്ങളിൽ പോലും കയറ്റാതെ ആട്ടിപ്പായിച്ച സവർണ്ണന്മാരെ കൂട്ടിപിടിച്ച് വെള്ളാപ്പള്ളി നടത്തുന്ന തട്ടിപ്പ് കേരളത്തിലെ ജനങ്ങൾക്ക് നല്ലതുപോലെ മനസിലാകും. പരസ്പരം കൊല്ലുന്നവർക്ക് ഗുരുദർശനം പറയാൻ അവകാശമില്ലെന്ന വെള്ളാപ്പള്ളിയുടെ പാരമാർശത്തിന് മറുപടിയെന്നോണമാണ് പന്ന്യൻ ഇക്കാര്യം വ്യക്തമാക്കിയത്.

ബിജെപി ഇപ്പോഴും സംവരണത്തെ എതിർക്കുകയാണ്. കേരളത്തിൽ സംവരണമുന്നണിക്ക് രൂപം നൽകുകയും നേതാവാകുകയും ചെയ്ത വെള്ളാപ്പള്ളി സ്വന്തം സമുദായക്കാരോട് ഇനിയെന്തു പറയും. താല്ക്കാലിക ലാഭത്തിനുവേണ്ടി വെള്ളാപ്പള്ളി നടത്തുന്ന ഇത്തരം വിദ്യകൾക്ക് പിന്നീട് വലിയ വില നൽകേണ്ടിവരും. കേരളത്തിലെ കമ്മ്യൂണിസ്റ്റുകാർ മുഴുവൻ കൊലയാളികളാണെന്ന് പറയുന്ന വെള്ളാപ്പള്ളി ആർഎസ്എസ്സിന്റെ ചരിത്രം പഠിക്കണം. എന്നിട്ടുവേണം വാചകം വിളമ്പാൻ.

അക്രമം കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ അജണ്ടയല്ല. തലശേരിയിലെ ജഗന്നാഥ ക്ഷേത്രത്തിനു സമീപം സ്ഥാപിച്ചിരുന്ന ഗുരുപ്രതിമയുടെ തലവെട്ടി ദുരെയെറിഞ്ഞ ആർഎസ്എസ്സിനോട് വെള്ളാപ്പള്ളിക്ക് പൊറുക്കാൻ കഴിയുമോ? സ്വാർത്ഥ താൽപര്യങ്ങൾക്കുവേണ്ടി വെള്ളാപ്പള്ളിക്ക് മറക്കാൻ കഴിയുമെങ്കിലും ഈഴവ സമൂഹം അത്ര പെട്ടെന്ന് മറക്കില്ല. തലസ്ഥാന നഗരിയിലെ കോളജിൽ പൊലീസ് സർക്കിൾ ഇൻസ്‌പെക്ടറുടെ കാൽ തകർത്ത ആർഎസ്എസ്സിനെക്കുറിച്ച് വെള്ളാപ്പള്ളി മറന്നുപോയി.

ഇന്ന് വെള്ളാപ്പള്ളി ഗുരുവിനെക്കാൾ ഏറെ സ്‌നേഹിക്കുന്ന മോദി ഭരിച്ചുമുടിച്ചു പോയ ഗുജറാത്തിൽ ഇന്നും അയിത്തം നിലനിൽക്കുകയല്ലെ. അവിടെ ഒരു സ്‌കൂളിൽ അവർണ്ണനായ അഞ്ചാംതരം വിദ്യാർത്ഥിയെ ക്ലാസിൽ മുൻനിരയിലിരുത്തിയതിന്റെ പേരിൽ ആർഎസ്എസ് കലാപമുണ്ടാക്കി. കുട്ടി പഠനത്തിൽ മികവ് പുലർത്തിയതിന്റെ അടിസ്ഥാനത്തിലാണ് മുൻനിരയിലിരുത്തിയതെന്ന അദ്ധ്യാപകൻ പറഞ്ഞിട്ടും ആർഎസ്എസ് വഴങ്ങിയില്ല. ഒടുവിൽ കുട്ടിയെയും അദ്ധ്യാപകനെയും പുറത്താക്കിയ ശേഷമാണ് സമരം പിൻവലിച്ചത്.

ഇതു കേരളത്തിലെ പ്രബുദ്ധജനത വായിക്കുകയും കാണുകയും ചെയ്യുന്നത് വെള്ളാപ്പള്ളി കാണുന്നില്ലേ. ഗുരുദേവൻ അടിച്ചമർത്തപ്പെട്ട ഒരു വലിയ സമൂഹത്തിന്റെ ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടി പ്രവർത്തിച്ച ആളാണ്. അതുകൊണ്ടുതന്നെയാണ് അവരെ സംഘടിച്ച് ശക്തരാകാൻ ഉദ്‌ഘോഷിച്ചതും. ഇങ്ങനെ സംഘടിച്ചവരെയാണ,് ആരാണോ ആട്ടിപ്പായിച്ചത് അവരുടെ ആലയിൽ കെട്ടാൻ വെള്ളാപ്പള്ളി ശ്രമിക്കുന്നതും, പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.