- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാനൂർ ബോംബ് സ്‌ഫോടനത്തിൽ മരിച്ചത് ടി പി കേസ് പ്രതി കുഞ്ഞനന്തന്റെ വിശ്വസ്തൻ; അപകടം നടന്നിടത്ത് രക്തംചിന്തിയ പാടുകളില്ലെന്ന് പൊലീസ് റിപ്പോർട്ട്; അന്വേഷണം പുരോഗമിക്കുമ്പോൾ ദുരൂഹതകൾ ബാക്കി
കണ്ണൂർ: പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെ സ്‌ഫോടനമുണ്ടായി രണ്ട് പേർ മരിക്കാനിടയായ സംഭവത്തിൽ ദുരൂഹതകൾ മാത്രം ബാക്കിയാക്കി അന്വേഷണം. സ്‌ഫോടനവുമായി സിപിഎമ്മിന് ബന്ധമില്ലെന്ന് പാർട്ടി സെക്രട്ടറി പറയുമ്പോഴും പാനൂർ സ്‌ഫോടനം വരും ദിവസങ്ങളിൽ സിപിഎമ്മിന് ഏറെ രാഷ്ട്രീയ തിരിച്ചടികളുണ്ടാക്കും. കല്ലിക്കണ്ടി ഈസ്റ്റ് ചെറ്റക്കണ്ടിയിലെ കാക്
കണ്ണൂർ: പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെ സ്‌ഫോടനമുണ്ടായി രണ്ട് പേർ മരിക്കാനിടയായ സംഭവത്തിൽ ദുരൂഹതകൾ മാത്രം ബാക്കിയാക്കി അന്വേഷണം. സ്‌ഫോടനവുമായി സിപിഎമ്മിന് ബന്ധമില്ലെന്ന് പാർട്ടി സെക്രട്ടറി പറയുമ്പോഴും പാനൂർ സ്‌ഫോടനം വരും ദിവസങ്ങളിൽ സിപിഎമ്മിന് ഏറെ രാഷ്ട്രീയ തിരിച്ചടികളുണ്ടാക്കും. കല്ലിക്കണ്ടി ഈസ്റ്റ് ചെറ്റക്കണ്ടിയിലെ കാക്ക്രോട്ട് കുന്നിലെ സിപിഐഎം ന്റെ പാർട്ടിഗ്രാമമായ പ്രദേശത്തായിരുന്നു കഴിഞ്ഞ ശനിയാഴ്ച സ്‌ഫോടനമുണ്ടായത്. സ്‌ഫോടനമുണ്ടായി മണിക്കൂറുകൾ കഴിഞ്ഞാണ് പൊലീസ് ഇവിടേക്ക് എത്തുന്നത്.
ഇതിനുള്ളിൽ ഇവിടെയുണ്ടായിരുന്ന ചാക്കിൽ നിറച്ച സ്‌ഫോടക വസ്തുക്കളും ബോംബുകളും മറ്റൊരിടത്തേക്ക് ഒരു സംഘം മാറ്റുകയുമായിരുന്നു. മിനുറ്റുകൾക്കുള്ളിൽ തന്നെ ബോംബ് സ്‌ഫോടനം നടന്ന പ്രദേശത്ത് നിന്നും അൽപം മാറി മറ്റൊരു ഇടം കൃത്രിമമായി നിർമ്മിക്കുകയും ചെയ്തു. അതായത് ബോംബ് നിർമ്മാണം നടത്തിയിരുന്ന സ്ഥലത്ത് നിന്നും മുന്നൂറ് മീറ്റർ അകലെയുള്ള സ്ഥലത്താണ് സ്‌ഫോടനം നടന്നതായി പൊലീസിന്റെ രേഖയിലുള്ളത്. ഇവിടെ ഓല കൂട്ടിയിട്ട് കത്തിച്ചതായും മറ്റ് അവശിഷ്ടങ്ങൾ കത്തി നശിപ്പിച്ചതായും അന്വേഷണ സംഘത്തിന്റെ പരിശോധനയിൽ വ്യക്തമാക്കുന്നു. ഇവിടെയാണ് സ്‌ഫോടനം നടന്നതെന്ന് തോന്നിപ്പിക്കുന്ന വിധമാണ് സാഹചര്യമൊരുക്കിയിരുന്നത്. എന്നാൽ പൊലീസ് കണ്ടെത്തിയ ഈ സ്ഥലത്ത് നിന്നും രക്തം ചിന്തിയതായുള്ള പാടുകളൊന്നും കണ്ടിരുന്നില്ല. പൊലീസ് രേഖയിലും ഇവിടെ നിന്നും രക്തപാടുകൾ കണ്ടെത്തിയതായുള്ള യാതൊരു റിപ്പോർട്ടുമില്ല.
ഇതിനാൽ നിർമ്മാണം നടത്തിയ സ്ഥലവും പൊലീസ് കണ്ടെത്തിയ സ്ഥലവും രണ്ടാണെന്ന് ഇതിൽ നിന്നും വ്യക്തമാക്കുന്നു. മാത്രമല്ല ഈ പരിസരങ്ങളിൽ നിന്നും നിരവധി നാടൻ ബോംബുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സ്‌ഫോടനം നടന്നയുടനെ നിരവധി പേർ ഇവിടെ തടിച്ചു കൂടിയിരുന്നു. എന്നൽ പാർട്ടി സഖാക്കൾ ഈ പ്രദേശത്തേക്ക് ആളുകൾക്ക് വിലക്ക് ഏർപ്പെടുത്തുകയായിരുന്നു. സത്യം പുറത്തറിയരുതെന്നാണ് ഇവരുടെ ലക്ഷ്യം. സ്‌ഫോടനത്തിൽ രണ്ടു പേർ മരിക്കുകയും രണ്ടു പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുകയുമാണെന്നാണ് കണക്ക്. എന്നാൽ സ്‌ഫോടന നിർമ്മാണത്തിൽ പതിനെഞ്ചോളം പേർ പങ്കാളികളായതായാണ് സൂചന. മറ്റാർക്കും പ്രവേശനമില്ലാത്ത പാർട്ടി ഗ്രാമങ്ങളിൽ ഇവർ ഇപ്പോഴും ചികിത്സയിൽ കഴിയുകയാണ്. എന്നാൽ കൂടുതൽ പേർ പങ്കാളികളായെന്ന വിവരം ലഭിച്ചതോടെ പൊലീസ് പരിസരത്തെ ആശുപത്രി കേന്ദ്രീകരിച്ചും പരിശോധന നടത്തുന്നുണ്ട്. ആഭ്യന്തര മന്ത്രി കർശന നടപടിയെടുക്കുമെന്നും ബോംബ് നിർമ്മാണ കുടിൽ വ്യവസായം തുടച്ചുകളയുമെന്നും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നെങ്കിലും ഇതുവരെയും കേസുമായി ബന്ധപ്പെട്ട് മറ്റാരെയും പിടികൂടാനായിട്ടില്ല.
കണ്ണൂരിലെ സാധാരണക്കാരായ പൊലീസുകാർ മുതൽ ഉന്നത പൊലീസ് മേധാവികൾ വരെയുള്ളവർ ഇന്നും കോടിയേരി ബാലകൃഷ്ണന്റെ സ്വന്തക്കാരാണ്. ഇവർ നിശ്ചയിക്കുന്നതിലും അപ്പുറം മുകളിൽ നിന്നുള്ള സമ്മർദമല്ലാതെ ഒരു പൊലീസുകാരും ഒന്നും ചെയ്യാൻ തയ്യാറാകില്ല. പാനൂർ സ്‌ഫോടനക്കേസിലും അട്ടിമറി സാധ്യതകൾ തള്ളിക്കളയാനാകില്ല. പാനൂർ സ്‌ഫോടനത്തിനു പിന്നാലെ ഷിബിൻ വധക്കേസിലെ മുഖ്യ പ്രതി ജാമ്യത്തിലിറങ്ങിയ തെയ്യമ്പാടി ഇസ്മാഈലിനു മേൽ കാപ്പ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തതിനു പിന്നിലും പൊലീസിലെ ഇടത് സ്വാധീനമാണെന്ന് ലീഗ് വൃത്തങ്ങൾ പറയുന്നു. എന്നാൽ ഇസ്മായേലിന്റെ അറസ്റ്റ് വന്നതോടെ പാനൂർ സ്‌ഫോടനത്തെ കുറിച്ച് ലീഗ് നേതൃത്വം മിണ്ടാൻ തയ്യാറായിട്ടില്ല.
സിപിഐ(എം) സ്‌ഫോടന ഉത്തരവാദിത്വത്തിൽ നിന്നും ഒളിച്ചോടാൻ ശ്രമിക്കുമ്പോഴും ചുറ്റുപാടുകൾ അവർക്ക് എതിരാകുന്നു. പാർട്ടിയുമായി ബന്ധമില്ലെന്നു സെക്രട്ടറി പറഞ്ഞിട്ടും സിപിഎമ്മിന്റെ ജില്ലാ സംസ്ഥാന നേതാക്കളായിരുന്നു മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങിയതും സംസ്‌കാരിച്ചതുമെല്ലാം. മൃതദേഹത്തിന്മേൽ അരിവാൾ ചുറ്റിക പതിച്ച ചുവന്ന പതാക പി.ജയരാജൻ, എം.വി ജയരാജൻ തുടങ്ങിയ നേതാക്കൾ ചേർന്ന് പുതപ്പിച്ചതും പാർട്ടിയുടെ പേരിലുള്ള കാക്രോട്ട് കുന്നിനു താഴെയുള്ള ഭൂപ്രദേശത്ത് മൃതദേഹങ്ങൾ സംസ്‌കരിച്ചതുമെല്ലാം നഗ്ന സത്യങ്ങളായി നിലനിൽക്കുന്നു. സിപിഎമ്മുകാർ നിഷേധിക്കുമ്പോഴും കണ്ണൂരിൽ ബോംബ് നിർമ്മാണവും വിവിധ ഇനം ബോംബുകളുടെ മൊത്ത കച്ചവടങ്ങളും സഖാക്കന്മാരുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. മരണപ്പെട്ട കിളമ്പിൽ ഷൈജു എന്നയാൾ ടി.പി കേസിൽ ശിക്ഷയനുഭവിച്ച കുഞ്ഞനന്തന്റെ വിശ്വസ്തനാണ് എന്നതും വസ്തുതയാണ്. ചരുവങ്ങലത്ത് സുബീഷ് ആണ് മരണപ്പെട്ട മറ്റൊരാൾ.
തെല്ലൊരു ഇടവേളക്കു ശേഷം കണ്ണൂരിലെ ബോംബ് രാഷ്ട്രീയം സജീവമാകുന്നതിന്റെ സൂചനയാണ് കഴിഞ്ഞ ദിവസങ്ങളിൽ കണ്ണൂരിന്റെ വിവിധ പ്രദേശങ്ങളിലുണ്ടായ ബോംബ് സ്‌ഫോടനങ്ങളും അനുബന്ധ പ്രശ്‌നങ്ങളും. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി നടക്കുന്ന ബോംബേറുകളിൽ കഴിഞ്ഞ കാലങ്ങളിൽ പൊലിഞ്ഞത് നിരവധി ജീവനുകളാണ്. ബോംബേറുകൾ സമ്മാനിച്ച അടയാളങ്ങളുമായി ഇന്നും ജീവിതം തള്ളി നീക്കുന്നവരും അനേകമുണ്ടിവിടെ.
കഴിഞ്ഞ കാലങ്ങളിലെ കണക്കുകൾ പരിശോധിക്കുമ്പോൾ ബോംബെറിഞ്ഞ് മരിക്കുന്നവരേക്കാളും കൂടുതൽ നിർമ്മാണത്തിനിടെ സ്‌ഫോടനമുണ്ടായി ജീവൻ നഷ്ടമാകുന്നവരാണ് അധികവും. ചമതക്കാട് തച്ചേന്റവിട രതീഷ്, മീത്തലെ ചെറ്റക്കണ്ടി നിജീഷ് എന്നിവരാണ് പരിക്കേറ്റ് കോഴിക്കോട് ബേബി മെമോറിയൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. സ്‌ഫോടക വസ്തുക്കൾ കൈവശം സൂക്ഷിച്ചതിന് ഇവർക്കെതിരിൽ കൊളവല്ലൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. പാനൂർ സി.ഐ അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്.