മുംബൈ: സിപിഐ നേതാവ് ഗോവിന്ദ് പൻസാരെയുടെ കൊലപാതകക്കേസിൽ അന്വേഷണം ഭീകരവിരുദ്ധ സ്‌ക്വാഡി (എടിഎസ്) ന് കൈമാറി ബോംബെ ഹൈക്കോടതി ഉത്തരവ്. സിഐഡി അന്വേഷണം ഫലപ്രദമല്ലെന്ന് ചൂണ്ടിക്കാട്ടി പൻസാരെയുടെ കുടുംബം നൽകിയ ഹർജിയിലാണ് നടപടി. പൻസാരെ കൊല്ലപ്പെട്ട് ഏഴുവർഷത്തിന് ശേഷമാണ് കേസന്വേഷണം മാറ്റുന്നത്.

അന്വേഷണം എടിഎസിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് പൻസാരെയുടെ കുടുംബാംഗങ്ങൾ സമർപ്പിച്ച ഹർജി അംഗീകരിക്കുകയാണെന്ന് ജസ്റ്റിസുമാരായ രേവതി മൊഹികേ, ഷർമിളി ദേശ്മുഖ് എന്നിവരടങ്ങിയ ഡിവിഷൻബഞ്ച് അറിയിച്ചു.

കേസ് അന്വേഷണത്തിൽ പുരോഗതിയൊന്നുമില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം കഴിഞ്ഞ മാസമാണ് ബോംബെ ഹൈക്കോടതിയിൽ അപേക്ഷ നൽകിയത്. അന്വേഷണം എടിഎസിന് കൈമാറുന്നതിൽ എതിർപ്പില്ലെന്നും അത് സർക്കാർ ഏജൻസിയാണെന്നും എസ്ഐടിക്ക് വേണ്ടി ഹാജരയാ അഭിഭാഷകൻ അറിയിച്ചു

2015 ഫെബ്രുവരി 16ന് കോലാപുരിലെ വീടിന് സമീപം പ്രഭാതസവാരിക്കിടെയാണ് പൻസാരെയ്ക്കു അക്രമികളുടെ വെടിയേറ്റത്. മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.