കോഴിക്കോട്: ചേവായൂരിലെ പീഡനമാണ് 2003ലെ കാരന്തൂരിലെ ഇരട്ടക്കൊലയും ചർച്ചകളിലെത്തിച്ചത്. ഈ കേസിലെ പ്രധാന പ്രതിയാണ് മാനസിക പ്രശ്‌നങ്ങളുള്ള യുവതിയെ പീഡിപ്പിച്ച പ്രതി. 2003 ൽ കാരന്തൂരിലെ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ടിരുന്ന പന്തീർപാടം പാണരുകണ്ടത്തിൽ ഇന്ത്യേഷ് കുമാറിനെയാണ് (38) ചേവായൂർ പീഡന കേസിൽ പിടികിട്ടാനുള്ളത്.

ഇന്ത്യേഷ് കുമാറിന്റെ സ്‌കൂട്ടറിലാണ് ഈ പെൺകുട്ടിയെ കൊണ്ടു പോയി ക്രൂരത കാട്ടിയത്. അതിന് ശേഷം അതേ സ്‌കൂട്ടറിൽ സ്ഥലം വിടുകയും ചെയ്തു ഈ പ്രതി. പ്രായ പൂർത്തിയാകും മുമ്പ് ക്രിമിനലായ പശ്ചാത്തലം മനസ്സിലാക്കിയിട്ടും ഇന്ത്യേഷ് കുമാറിനെ പൊലീസ് കുടുക്കാനുള്ള കരുതലൊന്നും എടുത്തില്ല.

2003ൽ കുന്ദമംഗലത്തിന് അടുത്ത ക്ഷേത്രത്തിലായിരുന്നു കൊലപാതകത്തിന് കാരണമായ തർക്കത്തിന്റെ തുടക്കം. ചെലവൂരിന് അടുത്ത ക്ഷേത്രോൽസവത്തിൽ പങ്കാളിയാകാൻ അന്യമതസ്ഥരായ യുവാക്കളും എത്തി. ചീട്ടുകളിൽ ഏർപ്പെട്ടിരുന്ന ഇന്ത്യേഷിനും സംഘത്തിനും ഇത് പിടിച്ചില്ല. തർക്കങ്ങൾ വെല്ലുവിളിയായി. പുറത്തു വച്ചു കാണാമെന്ന് ഇന്ത്യേഷും സംഘവും വീമ്പും പറഞ്ഞു. എൻഡിഎഫുകാരായിരുന്നു അവിടെ എത്തിയവർ.

മർക്കസിന് അടുത്ത വന്നാൽ കാണിച്ചു തരാമെന്നായിരുന്നു വീമ്പു പറച്ചിൽ. ഇത് കാര്യമായെടുക്കാതെ അവർ മടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ ഈ പ്രദേശത്ത് പോസ്റ്റ് ഒട്ടിക്കുകയായിരുന്ന യുവാക്കളെ തേടി വടിവാളുമായി ഇന്ത്യേഷും സംഘവുമെത്തി. അക്രമത്തിൽ എതിരാളികളെ വെട്ടി വീഴ്‌ത്തി. ബിജെപിക്കാർക്കെതിരെ വലിയ അമർഷം എൻഡിഎഫിൽ ഉണ്ടാവുകയും ചെയ്തു. എന്നാൽ സംഘർഷം കൈവിട്ടു പോകാതെ നോക്കാൻ ആളുകളുണ്ടായിരുന്നു.

മുസ്ലിം ലീഗ് നേതാവും കുന്ദമംഗലത്തെ പഴയ എംഎൽഎയുമായ യുസി രാമന്റെ വീട്ടിന് അടുത്താണ് ഇന്ത്യേഷ് കുമാറിന്റെ വീടും. അയൽവാസിയായ നേതാവ് പ്രശ്‌നങ്ങൾ പറഞ്ഞു പരിഹരിച്ചു. ഇതോടെ ഇന്ത്യേഷ് കുമാറിനോടു പകവീട്ടേണ്ടെന്ന തീരുമാനം എൻഡിഎഫും എടുത്തു. അന്ന് എൻഡിഎഫ് വലിയ രീതിയിൽ രാഷ്ട്രീയ ഇടപെടൽ നടത്താറില്ലായിരുന്നു. ലീഗുമായി ആഭിമുഖ്യവും ഉണ്ടായിരുന്നു. ഇതാണ് ഇന്ത്യേഷിനെ വലിയ പ്രശ്‌നങ്ങളിൽ നിന്നും രക്ഷപ്പെടുത്തിയത്.

പ്രായപൂർത്തിയാകും മുമ്പ് നടന്ന ഈ കൊലപാതകത്തിൽ വിചരണ കഴിഞ്ഞ് ശിക്ഷ വരുമ്പോൾ ഇന്ത്യേഷിന് പ്രായപൂർത്തിയായിരുന്നു. എന്നാലും കൊല നടക്കുമ്പോഴുള്ള പ്രായത്തിന്റെ ആനുകൂല്യം കിട്ടി. ഏഴ് കൊല്ലം തടവു ശിക്ഷ പൂർത്തിയാക്കുകയും ചെയ്തു. അതിന് ശേഷം നാട്ടിലെത്തിയ ഇന്ത്യേഷിന് ഗുണ്ടാ പ്രവർത്തനത്തിനോടായിരുന്നു താൽപ്പര്യം

സ്വാതന്ത്ര്യ ദിനത്തിൽ ജനിച്ചതു കൊണ്ടാണ് ദേശീയ നിറയുന്ന പേര് മതാപിതാക്കൾ ഇന്ത്യേഷിന് ഇട്ടത്. എന്നാൽ പേരിനോട് നീതി പുലർത്തുന്നതൊന്നും ഇന്ത്യേഷ് ഒരിക്കലും ചെയ്തിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. ചേവായൂരിലെ ബസ് പീഡനത്തിലും ഇതു തന്നെയാണ് നാട്ടുകാർക്ക് പറയാനുള്ളത്.

ചേവായൂരിൽ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ രണ്ടാം പ്രതി ഇന്ത്യേഷിനായുള്ള അന്വേഷണം തുടരുന്നു. ഇയാൾ ജില്ല വിട്ടതായാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. യുവതിയെ കൊണ്ടുപോയ സ്‌കൂട്ടറിലാണ് ഇയാൾ കടന്നുകളഞ്ഞത്. നാടിനെ ഞെട്ടിച്ച സംഭവം നടന്ന് നാലു ദിവസം പിന്നിടുമ്പോഴും രണ്ടാം പ്രതി ഇന്ത്യേഷ് കുമാർ ഒളിവിൽ കഴിയുന്നത് അന്വേഷണ സംഘത്തെയും സമ്മർദ്ദത്തിലാക്കുന്നുണ്ട്.

ഞായറാഴ്ച യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്തു നിന്ന് മുണ്ടിക്കൽ താഴത്തെ ബസ് ഷെഡിലേക്ക് കൊണ്ടുപോയ സ്‌കൂട്ടറിലാണ് ഇന്ത്യേഷ് ജില്ല വിട്ടത്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ഇയാളുടെ പേരിലുള്ള KL 57 B 9587 എന്ന ഈ സ്‌കൂട്ടർ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതി ഇന്ത്യേഷ് ജനിച്ചത് ഓഗസ്റ്റ് 15 നാണ്. അതുകൊണ്ടാണ് ഇയാൾക്ക് വീട്ടുകാർ ഇന്ത്യേഷ് എന്ന് പേരിട്ടത്. യുവതിയെ ഷെഡ്ഡിൽ നിറുത്തിയിട്ട ബസ്സിൽ കൂട്ടമാനഭംഗത്തിന് ഇരയാക്കിയ മൂവർസംഘത്തിലെ രണ്ട് പ്രതികൾ അറസ്റ്റിലായി. ഒളിവിലായ മൂന്നാമനെ പിടികൂടാൻ തെരച്ചിൽ വ്യാപകമാക്കിയിട്ടുണ്ട്.

ഞായറാഴ്ചയാണ് കേസിനാസ്പദമായ ക്രൂരപീഡനം. കുന്ദമംഗലം സ്വദേശികളായ മലയൊടിയാവുമ്മൽ വീട്ടീൽ ഗോപീഷ് (38), പന്തീർപാടം മേലേ പൂളോറ വീട്ടിൽ മുഹമ്മദ് ഷമീർ (32) എന്നിവരെയാണ് കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡും ചേവായൂർ പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. രക്ഷിതാക്കളോട് പിണങ്ങി ചേവായൂരിലെ വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു യുവതി. മുണ്ടിക്കൽത്താഴം വയൽ സ്റ്റോപ്പിനടുത്ത് വച്ചാണ് സ്‌കൂട്ടറിലെത്തിയ ഗോപീഷും ഇന്ത്യേഷ് കുമാറും യുവതിയെ കയറ്റിക്കൊണ്ടുപോയത്. കോട്ടാംപറമ്പിലെ ഷെഡ്ഡിൽ നിറുത്തിയിട്ട ബസ്സിൽ കയറ്റി ഇരുവരും പീഡനത്തിന് ഇരയാക്കി. പിന്നീട് സുഹൃത്തായ മുഹമ്മദ് ഷമീറിനെയും വിളിച്ചുവരുത്തി. പിന്നീട് ഹോട്ടലിൽ നിന്ന് ഭക്ഷണം പാഴ്‌സൽ വാങ്ങിക്കൊടുത്ത ശേഷം യുവതിയെ കുന്ദമംഗലം ഓട്ടോ സ്റ്റാന്റിനടുത്ത് ഇരുട്ടിന്റെ മറവിൽ ഇറക്കി വിടുകയായിരുന്നു

.രാത്രി വീട്ടിലെത്തിയ യുവതിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ രക്ഷിതാക്കൾ ചോദിച്ചതോടെയാണ് പീഡനത്തെക്കുറിച്ച് അറിഞ്ഞത്. തുടർന്ന് ചേവായൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സമീപപ്രദേശങ്ങളിലെ സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ സ്‌കൂട്ടർ കണ്ടതോടെ പ്രതികളെ പിടികൂടാനായി. ബസ്സിൽ ഫോറൻസിക് വിഭാഗം തെളിവെടുപ്പ് നടത്തി.പിടിയിലായ ഗോപീഷ് ബസ് തൊഴിലാളിയാണ്. പ്രവാസിയായ മുഹമ്മദ് ഷമീർ ഈ അടുത്ത കാലത്ത് നാട്ടിലെത്തിയതായിരുന്നു.