- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സത്യത്തിനും ധർമ്മത്തിനും വേണ്ടി അടിയുറച്ചു നിന്ന വ്യക്തിത്വമാണ് രാമൻ; മാപ്പിളരാമായണം പോലും ഈ നാട്ടിൽ പ്രചാരത്തിലുണ്ടായിരുന്നു; രാമായണത്തെ അക്രമോത്സുകമായ പ്രത്യയശാസ്ത്ര പ്രചരണത്തിനായി ഫാസിസ്റ്റ് സംഘടനകൾ ഉപയോഗപ്പെടുത്തുകയാണ്; രാമായണത്തിന്റെ പുനർവായനയുമായി സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ പുസ്തകം രചിക്കുന്നു
കോഴിക്കോട്: ഭൗതികവാദം അടിസ്ഥാനമായ പ്രപഞ്ച വീക്ഷണത്തിൽ വിശ്വസിക്കുന്നവരാണ് മാർക്സിറ്റുകൾ. അതുകൊണ്ടുതന്നെ ഹിന്ദുപുരാണങ്ങളോടും ഇതിഹാസങ്ങളോടുമെക്കെ എക്കാലത്തും ഒരു അകൽച്ചയായിരുന്നു അവർക്കുണ്ടായിരുന്നത്. പക്ഷേ ഇപ്പോൾ കമ്യൂണിസ്റ്റ് നേതാക്കൾ പോലും പുരാണ ഇതിഹാസങ്ങളിൽ അഭയം പ്രാപിക്കുന്ന കാഴ്ചയാണ് കാണുന്നത്. രാമായണത്തെ അധികരിച്ച് പുസ്തകമെഴുതുകയാണ് മൻ എംപിയും മുതിർന്ന നേതാവും സിപിഐ ദേശീയ കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ.
'രാജ്യത്തും രാജ്യത്തിന് വെളിയിലും രാമകഥയ്ക്ക് പ്രചാരമുണ്ട്. മാപ്പിളരാമായണം പോലും നാട്ടിൽ പ്രചാരത്തിലുണ്ടായിരുന്നു. എന്നാൽ പിന്നീടുണ്ടായ വ്യാഖ്യാനങ്ങളാണ് രാമായണത്തെ അക്രമോത്സുകമായ പ്രത്യയശാസ്ത്ര പ്രചരണത്തിനായി ഫാസിസ്റ്റ് സംഘടനകൾ ഉപയോഗപ്പെടുത്തിയത്. രാജാധികാരം പോലും ഉപേക്ഷിക്കാൻ തയ്യാറായ രാമന്റെ പേരിലാണ് സംഘപരിവാർ രാജ്യത്തെ കലാപത്തിലേക്ക് തള്ളിവിട്ടതെന്നും ശ്രദ്ധേയമാണ്.'- പന്ന്യൻ പറയുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് രാമായണത്തിന്റെ പുനർവായനയുമായി താൻ പുതിയ പുസ്തകം രചിക്കുന്നതെന്ന് കോഴിക്കോട് മാധ്യമ പ്രവർത്തകരുമായി സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി.
രാമായണത്തിന്റെ ഉള്ളടക്കത്തെയും നീതിമാനായ രാമന്റെ സ്വഭാവ സവിശേഷതകളും വ്യത്യസ്തമായ രീതിയിൽ വായിക്കാനുള്ള ശ്രമമാണ് ഇത്തരമൊരു പുസ്തകത്തിന്റെ രചനയ്ക്ക് പിന്നിലെന്ന് പന്ന്യൻ രവീന്ദ്രൻ വ്യക്തമാക്കുന്നു. പുസ്തകം എഴുതിത്ത്ത്തുടങ്ങിയെന്നും അടുത്ത വർഷം പുറത്തിറക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ആദികാവ്യത്തിന്റെ സവിശേഷതകൾ നഷ്ടപ്പെടാതെ അതിലേക്കിറങ്ങിച്ചെന്നുകൊണ്ടുള്ള രചനയാണ് നിർവ്വഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
രാമായണവും മഹാഭാരതവും ഇതിഹാസ കാവ്യങ്ങൾ എന്നതിനപ്പുറം നമ്മുടെ പൈതൃകം കൂടിയാണ്. മഹാഭാരതത്തേക്കാൾ ഉയർന്ന തലത്തിലുള്ളതാണ് രാമായണം. ഏറെ മഹത്വമുള്ള കഥാപാത്രമാണ് രാമൻ. സത്യത്തിനും ധർമ്മത്തിനും വേണ്ടി അടിയുറച്ചു നിന്ന വ്യക്തിത്വം. ഏതൊരു സാധാരണമനുഷ്യനെയും പോലെ ഗുണവും ദോഷവും രാമന്റെ ജീവിതത്തിലുമുണ്ട്. എല്ലാം നിറഞ്ഞ പച്ച മനുഷ്യനാണ് രാമൻ. രാമായണത്തെ വിശകലനം ചെയ്താൽ അത് നീതിയുടെയും ധർമ്മത്തിന്റെയും സത്യത്തിന്റെയും കഥയാണെന്ന് വ്യക്തമാകും. പിതൃഹിതം അനുസരിക്കുകയാണ് ഉത്തമ പുത്രന്റെ ലക്ഷണമെന്നറിയാവുന്ന രാമൻ ഉത്തമ പുത്രനാകാൻ ആഗ്രഹിച്ചു. അതുകൊണ്ടാണ് രാജാധികാരവും രാജ്യവുമുപേക്ഷിച്ച് വനയാത്രയ്ക്ക് രാമൻ ഒരുങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
സ്വന്തം ഭാര്യയെപോലും രാജ്യ താത്പര്യത്തിന് വേണ്ടി രാമന് ഉപേക്ഷിക്കേണ്ടതായി വരുന്നുണ്ട്. സീതയെ ഉപേക്ഷിക്കുമ്പോൾ ഭാര്യ സംശയങ്ങൾക്ക് അതീതയായിരിക്കണം എന്ന രാഷ്ട്ര നീതിയാണ് ശ്രീരാമൻ ഉയർത്തിപ്പിടിക്കുന്നത്. എന്നാൽ സീത രാമനോട് എന്നും വിശ്വാസം പുലർത്തിയിരുന്നു. ഇവിടെ രാജാവ് എന്ന നിലയിൽ രാഷ്ട്ര നീതി ഉയർത്തിപ്പിടിക്കുമ്പോഴും രാമനെന്ന വ്യക്തി തീരെ നിസ്സഹായനായി മാറുന്നുണ്ട്.
മഹാഭാരതം ഇതിഹാസ രചനയാണെങ്കിലും രാമായണത്തോളം അതിന് ഉയർച്ചയില്ലെന്ന് പന്ന്യൻ പറയുന്നു. യുദ്ധത്തിൽ ഉൾപ്പെടെ വലിയ ചതികൾ അതിൽ നിറഞ്ഞു നിൽക്കുന്നു. കളവുകളും ചതികളും അതിലുടനീളമുണ്ട്. അശ്വത്ഥാമാ ഹത: കുഞ്ജര: (അശ്വത്ഥാമാവ് എന്ന ആന മരിച്ചു) എന്നാണ് കുരുക്ഷേത്ര യുദ്ധത്തിൽ ദ്രോണാചാര്യരെ കീഴ്പ്പെടുത്താൻ ധർമ്മ പുത്രർ അർധസത്യം പറഞ്ഞത്. അശ്വത്ഥാമാവ് എന്ന് പേരിട്ട ആനയെ ഭീമൻ അതിന് മുമ്പ് കൊലപ്പെടുത്തിയിരുന്നു. ധർമ്മപുത്രർ ഇക്കാര്യം വിളിച്ചുപറഞ്ഞപ്പോൾ കുഞ്ജര: എന്നു പറഞ്ഞത് വളരെ പതുക്കെയായിരുന്നു. ദ്രോണാചാര്യർ അതുകേട്ടില്ല. പ്രിയപുത്രന്റെ മരണവാർത്തയാണു ധർമ്മ പുത്രർ പറഞ്ഞതെന്നു തെറ്റിദ്ധരിച്ച അദ്ദേഹം ആയുധം താഴെയിട്ടു. ആ സമയത്താണ് അർജുനൻ ആചാര്യനെ വധിക്കുന്നതെന്നും പന്ന്യൻ രവീന്ദ്രൻ പറയുന്നു.വാത്മീകി രാമായണത്തെയോ രാമായണ കഥാപാത്രങ്ങളേയോ ഭാരതത്തിന്റെ അധ്യാത്മികതയുമായി കൂട്ടിയിണക്കേണ്ടതില്ലെന്നതാണ് യാഥാർത്ഥ്യമെന്നും അദ്ദേഹം പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ