ദുബായ്: ലാകത്തിലെ ആദ്യ സ്മാർട്ട് നഗരമാകുവാനുള്ള ശ്രമങ്ങൾ ദുബായ് ആരംഭിച്ചു. ഇതിന്റെ ആദ്യ പടിയെന്നോണം സർക്കാർ ഓഫിസുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നെല്ലാം കടലാസിനെ പുറത്താക്കുകയാണ് ആദ്യം ചെയ്യുന്നത്. പൂർണമായും കടലാസ് രഹിത വിപ്ലവത്തിനാണ് ദുബായ് നഗരമൊരുങ്ങുന്നത്. 2021 ഡിസംബർ 12ന് ശേഷം ഒരു കടലാസ് പോലുമില്ലാതെ ഇടപാടുകൾ നടത്താനുള്ള ശ്രമമാണ് അധികൃതർ നടത്തുന്നത്.

സ്മാർട്ട് ദുബായ്, ദുബായ് പേപ്പർലെസ് പദ്ധതിയുടെ പുരോഗതിയെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ പ്രഖ്യാപിച്ച അവസരത്തിലാണ് എമിറേറ്റ് പൂർണമായും പേപ്പർ രഹിതമാകുന്നതിന്റെ തീയതി പുറത്തുവിട്ടിരിക്കുന്നത്. പദ്ധതി നടപ്പാക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കും പേപ്പർ ഉപഭോഗത്തിൽ ഉണ്ടായ മൊത്തം കുറവ് 82.82 ശതമാനമാണ്. ഇതിന്റെ ഫലമായി അനവധി സാമ്പത്തിക നേട്ടങ്ങളും മാലിന്യങ്ങളും കുറയ്ക്കുവാനും സാധിച്ചിട്ടുണ്ട്.

ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അഥോറിറ്റി (ദീവ), ദുബൈ മുനിസിപ്പാലിറ്റി, ദുബൈ സ്പോർട്സ് കൗൺസിൽ, ദുബൈ സ്റ്റാറ്റിസ്റ്റിക്‌സ് സെന്റർ എന്നിവക്ക് ഇതിനകം 100 ശതമാനം ഡിജിറ്റൽ സ്റ്റാമ്പ് നൽകിയിട്ടുണ്ട്. കടലാസ് പൂർണമായും ഇല്ലാതാക്കാൻ ദുബായ് സർക്കാർ തയ്യാറെടുപ്പ് തുടങ്ങിയതോടെ ഇതിന്റെ കൗണ്ട്ഡൗണും ആരംഭിച്ചു.