- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓണക്കിറ്റിലെ പപ്പടത്തിൽ നിരോധിത വസ്തുക്കളില്ലെന്ന് സപ്ലൈകോ; പപ്പടക്കാരത്തിന്റെ അളവ് നേരിയ അളവിൽ കൂടിയതുകൊണ്ടാണ് പിഎച്ച്, ക്ഷാരാംശം എന്നിവയിൽ വ്യത്യാസം വന്നിരിക്കുന്നത്; ഭക്ഷ്യസുരക്ഷ നിയമത്തിന് വിരുദ്ധമായ ഒന്നും തന്നെ പപ്പടത്തിലില്ലെന്നും വിശദീകരണം
തിരുവനന്തപുരം: ഓണക്കിറ്റിൽ വിതരണം ചെയ്ത പപ്പടത്തിന്റെ സാമ്പിൾ പരിശോധനയിൽ ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം നിരോധിച്ചിട്ടുള്ള വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് സപ്ലൈകോ. വിവിധ ഡിപ്പോകളിൽ നിന്നും സാമ്പിളെടുത്ത് ക്വാളിറ്റി അഷ്വറൻസ് ഓഫീസർമാർ ലാബിൽ പരിശോധനക്കയച്ച 14 സാമ്പിളിൽ മൂന്നെണ്ണത്തിന്റെ ഫലം വന്നതിൽ ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം നിരോധിച്ചിട്ടുള്ള രാസവസ്തുക്കളൊന്നും ഇല്ലെന്ന് സപ്ലൈകോ അധികൃതർ അറിയിച്ചു. ഇന്ത്യൻ സ്റ്റാൻഡേർഡ് 2639 അടിസ്ഥാനമാക്കി തയ്യാറാക്കിയ ഗുണനിലവാര മാനദണ്ഡങ്ങൾ അനുസരിച്ചാണ് പപ്പടത്തിന്റെ ഗുണനിലവാരം പരിശോധിച്ചിട്ടുള്ളത്.
ലാബ് പരിശോധനാ ഫലത്തിൽ ഈർപ്പം, ജലാംശത്തിന്റെ പി എച്ച്, ക്ഷാരാംശം എന്നിവ നിശ്ചിത മാനദണ്ഡത്തിനേക്കാൾ അല്പം കൂടുതലുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യൻ സ്റ്റാൻഡേർഡ് നിർദ്ദേശിച്ചിട്ടുള്ള മാനദണ്ഡ പ്രകാരം പപ്പടം നിർമ്മിക്കുന്ന അസംസ്കൃത വസ്തുക്കളിൽ ഒന്നായ പപ്പടക്കാരത്തിന്റെ അളവ് പ്രസ്തുത ബാച്ചിലെ പപ്പടത്തിൽ നേരിയ അളവിൽ കൂടിയതുകൊണ്ടാണ് പി എച്ച് ക്ഷാരാംശം എന്നിവയിൽ വ്യത്യാസം വന്നിരിക്കുന്നത്. അല്ലാതെ ഭക്ഷ്യസുരക്ഷ നിയമത്തിന് വിരുദ്ധമായ ഒന്നും തന്നെ പപ്പടത്തിലില്ല. കൂടാതെ പപ്പടത്തിന്റെ സാമ്പിളുകൾ പരിശോധനയ്ക്കായി സർക്കാർ അനലിറ്റിക്കൽ ലാബിലും അയച്ചിട്ടുണ്ട്. ജനജീവിതത്തെ ദുഷ്കരമാക്കുന്ന ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും സപ്ലൈകോ അധികൃതർ അഭ്യർത്ഥിച്ചു.
റാന്നിയിലെ ഡിഎഫ്ആർഡിയിൽ നടത്തിയ പരിശോധനയിൽ സാമ്പിളുകളിൽ ഈർപ്പത്തിന്റെയും സോഡിയം കാർബണേറ്റിന്റെയും (അലക്കുകാരം) അളവും പിഎച്ച് മൂല്യവും അനുവദനീയമായ പരിധിക്ക് മുകളിലാണെന്ന് കണ്ടെത്തിയിരുന്നു. സോഡിയം കാർബണേറ്റിന്റെ അമിതോപയോഗം കാഴ്ചശക്തിയെത്തന്നെ ബാധിക്കാമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. കിറ്റിലെ ശർക്കരയ്ക്ക് നിലവാരമില്ല എന്ന വാർത്ത വലിയ ചർച്ചയായിരുന്നു. ഫഫ്സർ ട്രേഡിങ് കമ്പനി എന്ന സ്ഥാപനമാണ് ഓണക്കിറ്റിലേക്കുള്ള പപ്പടം സപ്ലൈകോയ്ക്ക് നൽകിയത്. കേരള പപ്പടത്തിനായാണ് ടെണ്ടർ നൽകിയതെങ്കിലും ആ പേരിൽ വാങ്ങിയത് തമിഴ്നാട്ടിൽ നിന്നുള്ള അപ്പളമാണെന്ന ആരോപണം ആദ്യമേ ഉയർന്നിരുന്നു.
ഓണക്കിറ്റ് തട്ടിപ്പിൽ അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്ക് ബിജെപി സംസ്ഥാന സമിതി അംഗം സന്ദീപ് വാചസ്പതി കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു. ഓണക്കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് നിരവധി തട്ടിപ്പുകൾ നടന്നതായി സന്ദീപ് പരാതിയിൽ ചൂണ്ടിക്കാട്ടി. ശർക്കര, പപ്പടം, വെളിച്ചെണ്ണ, തുണി സഞ്ചി എന്നിവയുടെ എല്ലാം വിതരണത്തിൽ അഴിമതി ഉണ്ട്. തൂക്കം, നിലവാരമില്ലായ്മ, ടെൻഡറിൽ തട്ടിപ്പ് എന്നിവയെല്ലാം നടന്നിട്ടുണ്ട്.
മാത്രവുമല്ല ഇതേ വിതരണക്കാർക്ക് തന്നെ വീണ്ടും കരാർ നൽകാൻ നീക്കം നടക്കുകയും ചെയ്യുന്നുണ്ട്. കുറഞ്ഞ തുക വാഗ്ദാനം ചെയ്ത വിതരണക്കാരനെ മറികടന്ന് കരാർ നൽകിയിട്ടുണ്ട്. ഗുണനിലവാരമില്ലാത്ത സാധനങ്ങൾ വിതരണം ചെയ്ത കരാറുകാരനെ കരിമ്പട്ടികയിൽ പെടുത്താൻ സപ്ലൈക്കോ തയ്യാറായിട്ടുമില്ല. ഇത്തരത്തിൽ നിരവധി ക്രമക്കേട് നടന്നതിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. ഭക്ഷ്യ മന്ത്രി പി തിലോത്തമൻ, സപ്ലൈകോ എംഡി എന്നിവരടക്കം 13 പേരെ പ്രതിയാക്കിയാണ് കേസ് നൽകിയിരിക്കുന്നത്. ഇതിൽ 7 കരാറുകാരുമുണ്ട്.
മറുനാടന് ഡെസ്ക്