കൊച്ചി: മോഡലുകൾ ഉൾപ്പെടെ മൂന്നു പേർ കൊച്ചിയിൽ വാഹനാപകടത്തിൽ മരിച്ച കേസിലെ മുഖ്യപ്രതി കൊല്ലം നല്ലില സ്വദേശി സൈജു എം. തങ്കച്ചന്റെ കൂടുതൽ കൂട്ടാളികൾക്കെതിരേ കേസെടുക്കും. നിലവിൽ പൊലീസ് കേസെടുത്ത പലരും ഒളിവിലാണ്. സൈജുവിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണു പൊലീസ് നീക്കം.

കൊച്ചിയിൽ പപ്പടവട ഹോട്ടൽ നടത്തിയിരുന്ന മിനു പോൾ, ഭർത്താവ് അമൽ തുടങ്ങിയവർക്കു ലഹരി സംഘവുമായി ബന്ധമുണ്ടെന്നും ഇരുവർക്കുമെതിരേ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കിയെന്ന് മംഗളം റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ചോദ്യംചെയ്യലിന് ഇവർ ഹാജരായിട്ടില്ല. ചുരുങ്ങിയ കാലംകൊണ്ട് ഇവർ വൻ തോതിൽ സ്വത്തു സമ്പാദിച്ചതു പൊലീസ് സംശയത്തോടെയാണ് കാണുന്നത്. ഇതിനൊപ്പം കൊച്ചിയിലെ പല സ്ഥാപനങ്ങളും സംശയ നിഴലിലാണ്. മിനു പോളിനേയും അമലിനേയും ചോദ്യം ചെയ്യുന്നത് കേസിൽ അതീവ നിർണ്ണായകമാകും.

സൈജു സംഘടിപ്പിച്ച പാർട്ടികളിൽ പങ്കെടുത്ത ഏഴു യുവതികളടക്കം 17 പേർക്കെതിരേ മയക്കുമരുന്ന് ഉപയോഗത്തിനു കേസെടുത്തിട്ടുണ്ട്. സൈജുവിനെതിരേ എറണാകുളം സൗത്ത്, മരട്, പനങ്ങാട്, തൃക്കാക്കര, ഇൻഫോപാർക്ക്, ഫോർട്ട്കൊച്ചി സ്റ്റേഷനുകളിലായി എട്ടു കേസുകളും ഇടുക്കി വെള്ളത്തൂവൽ, ആലപ്പുഴ മാരാരിക്കുളം സ്റ്റേഷനുകളിലായി ഒന്നു വീതം കേസുകളുമാണു രജിസ്റ്റർ ചെയ്തത്. കേസെടുത്തവരെ ചോദ്യം ചെയ്യാൻ വിളിപ്പിക്കാൻ തീരുമാനിച്ചെങ്കിലും പലരും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തതിനാൽ ബന്ധപ്പെടാനായിട്ടില്ല. സൈജുവിന്റെ മൊഴി പുറത്തുവന്ന പിന്നാലെ ഇവർ ഫോൺ ഓഫാക്കി മുങ്ങുകയായിരുന്നു.

നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാട്ടിനെ അറസ്റ്റു ചെയ്ത പിന്നാലെ അദ്ദേഹത്തെ പിന്തുണച്ചു സാമൂഹിക മാധ്യമങ്ങളിൽ മിനു പോസ്റ്റിട്ടത് പൊലീസിൽ സംശയം ജനിപ്പിച്ചിരുന്നു. പിന്നീടാണു വീഡിയോ ദൃശ്യങ്ങളിലൂടെ ഇവരുടെ വിവരങ്ങൾ പൊലീസിനു ലഭിക്കുന്നതും റിമാൻഡ് റിപ്പോർട്ടിൽ പേര് വിവരങ്ങൾ പരാമർശിക്കുന്നതും. മനോരമയിലെ ചാനൽ ചർച്ചയിലും മിനു പൊലീസിനെതിരെ പരസ്യമായ നിലപാട് എടുത്തിരുന്നു. നമ്പർ 18 ഹോട്ടലിന് വേണ്ടിയും സംസാരിച്ചു.

അതിനിടെ സൈജുവിന്റെ ഉൾപ്പെടെ കാക്കനാട്ടുള്ള ഫ്ളാറ്റുകളിൽ പൊലീസ് റെയ്ഡ് നടത്തി. ലഹരി പാർട്ടി നടന്ന മൂന്നു ഫ്ളാറ്റുകളിലായിരുന്നു റെയ്ഡ്. പാർട്ടി നടന്ന ഫ്ളാറ്റുകളുടെ പേര്, തീയതി, പങ്കെടുത്തവരുടെ വിവരങ്ങൾ എന്നിവ സൈജു അന്വേഷണസംഘത്തിന് കൈമാറിയിരുന്നു. പലരും ആദ്യഘട്ട ചോദ്യംചെയ്യലിനു ഹാജരായശേഷം ഫോൺ ഓഫ് ചെയ്തു മുങ്ങി. മാരാരിക്കുളം, മൂന്നാർ, ബംഗളുരു, ഗോവ, ചിലവന്നൂർ, വയനാട് എന്നിവിടങ്ങളിലെ പാർട്ടിയിലെ ചിത്രങ്ങൾ, അടുക്കളയിൽ വച്ചു കഞ്ചാവ് പേപ്പറിലാക്കി റോൾ ചെയ്യുന്ന വീഡിയോ എന്നിവ ഫോണിൽ നിന്നു ലഭിച്ചിട്ടുണ്ട്.

2020 സെപ്റ്റംബർ 7ലെ 4 വിഡിയോകൾ ചിലവന്നൂരിൽ സലാഹുദീൻ വാടകയ്‌ക്കെടുത്ത ഫ്‌ളാറ്റിൽ അമൽ പപ്പടവട, നസ്ലീൻ, സലാഹുദീൻ മൊയ്തീൻ, ഷീനു മീനു (വെള്ളസാരിയുടുത്തത്) എന്നിവർ പങ്കെടുത്ത പാർട്ടിയുടെ വിഡിയോ പൊലീസിന് കിട്ടിയിരുന്നു. തലേന്ന് അതേ ഫ്‌ളാറ്റിൽ അനു ഗോമസിനെ കമിഴ്‌ത്തിക്കിടത്തി ശരീരത്തിന്റെ നടുഭാഗത്തായി എംഡിഎംഎ 5 ലൈനുകളിട്ടു കൂട്ടത്തിലൊരാൾ കറൻസി നോട്ട് ചുരുട്ടി വലിക്കുന്നതിന്റെ വിഡിയോയാണ്. 2020 ഓഗസ്റ്റ് 30നു അബു, ഡിജെ സന, റോയ്, കൃഷ്ണ, ജെകെ, അനു ഗോമസ്, മെഹർ എന്നിവർ കാക്കനാട് ബ്ലൂസ് ഹോട്ടലിൽ നടത്തിയ ഡിജെ പാർട്ടിയുടെ വിഡിയോയാണ്. 2021 ഓഗസ്റ്റ് 23ലെ വിഡിയോ അനു ഗോമസും കൃഷ്ണ, അനൂപ് എന്നിവൽ സുനിൽ യുഎസ്എ എന്നയാളുെട ഇടച്ചിറയിലുള്ള ഫ്‌ളാറ്റിൽ നടത്തിയ പാർട്ടിയുടെതാണ്.

2020 ഓഗസ്റ്റ് 17ലെ വിഡിയോ വയനാടിലെ റിസോർട്ടിൽ മെഹറിന്റെ ജന്മദിന പാർട്ടിയുടെതാണ്. അടുത്ത വിഡിയോ ജെൻസൻ ജോണും കൂട്ടുകാരുമാണ്. 2020 ഏപ്രിൽ 10ലെ 3 വിഡിയോകൾ ജെയ്‌സൻ ജോസ്, ജെഫിൻ, ജെഫിന്റെ കാമുകി എന്നിവർ വാടക ഫ്‌ളാറ്റിൽ നടത്തിയ പാർട്ടിയുടെതാണ്. ജെഫിൻ സിഗരറ്റ് മുറിച്ച് മേശപ്പുറത്തുള്ള പച്ച അടപ്പുള്ള ഹാഷിഷ് ഓയിൽ ഉപയോഗിക്കുന്ന വിഡിയോയാണ്.

2020 മാർച്ച് 18ലെ 2 വിഡിയോകൾ ഒരു മൊബൈൽ ഫോണിൽ എടിഎം കാർഡ് ഉപയോഗിച്ച് എംഡിഎംഎ ഭാഗം വയ്ക്കുന്നതിന്റേതാണ്. 2020 ഏപ്രിൽ ഒന്നിലെ ഫോട്ടോ സുനിലിന്റെ വീട്ടിൽ വച്ച് എന്റെ കയ്യിൽ കഞ്ചാവ് പിടിച്ചിരിക്കുന്നതാണ്. രണ്ടാം തീയതിയിലെ ഫോട്ടോ റോയിയുടെ വീട്ടിൽ ഞങ്ങൾ ഒന്നിച്ചു മദ്യപിക്കുന്നതിന്റെതാണ്.