കൊച്ചി: നഗരത്തിലെ പ്രമുഖ ഹോട്ടലായ പപ്പടവടയിൽ ശമ്പളം ചോദിച്ചെത്തിയ ജീവനക്കാരെ ഉടമയുടെ ഭർത്താവും മറ്റ് ജീവനക്കാരും ചേർന്ന് മർദ്ദിച്ചു. മാസങ്ങളായി മുടങ്ങിക്കിടക്കുന്ന ശമ്പളം ചോദിച്ചെത്തിയപ്പോൾ തരാൻ കഴിയില്ല എന്നും പറഞ്ഞ് വാക്ക് തർക്കമുണ്ടാകുകയും ഉടമ മർദ്ദിക്കുകയുമായിരുന്നു. മർദ്ദനമേറ്റ തൊഴിലാളികൾ പ്രകോപിതരായി തിരിച്ച് അടിക്കുകയും ചെയ്തു. ഇരു വിഭാഗവും തമ്മിലുള്ള സംഘർഷത്തിനൊടുവിൽ ഹോട്ടലിനകം തല്ലി തകർത്ത അവസ്ഥയിലാണ്. സംഭവത്തിൽ ഇരു വിഭാഗങ്ങൾക്കെതിരെയും കേസെടുത്തതായി എറണാകുളം നോർത്ത് എസ് ഐ വിബിൻ ദാസ് മറുനാടൻ മലാളിയോട് പറഞ്ഞു. മിനു പൗളിൻ എന്ന യുവതിയുടെ പേരിലാണ് ഹോട്ടൽ നടത്തുന്നത്. ഇവരുടെ ഭർത്താവ് അമൽ നായരാണ് തൊഴിലാളികളെ മർദ്ദിച്ചത്. ഇതാദ്യമായിട്ടല്ല ശമ്പളം നൽകാതെ തൊഴിലാളികളെ വഞ്ചിക്കുന്നത്. ദമ്പതികളുടെ സ്ഥിരം പരിപാടിയാണ് ഇതെന്ന് നാട്ടുകാർ പറഞ്ഞു.

കഴിഞ്ഞ നാല് മാസമായ ആറോളം ജീവനക്കാർക്കാണ് ഇവർ ശമ്പളം നൽകാതിരുന്നത്. ഒരു ദിവസം 330 രൂപ എന്ന കണക്കിൽ നാല് മാസത്തെ ശമ്പളം കിട്ടാനുണ്ട്. ഇത് പല തവണ നേരിട്ട് പോയി ചോദിച്ചപ്പോഴും തരാം എന്ന സ്ഥിര പല്ലവിയാണ് ഉടമയായ മിനു പൗളിൻ ആവർത്തിച്ചത്. എറണാകുളം കലൂരിലെ റെസ്റ്റോറന്റ് ആരംഭിച്ചത് അഞ്ച് വർഷം മുൻപാണ്. അന്ന് മുതൽ തന്നെ കടുത്ത തൊഴിലാളി വിരുദ്ധ നയങ്ങളാണ് ഇവർ സ്വീകരിക്കുന്നത്. ശമ്പളം നൽകാതിരിക്കുന്നത് പതിവായതോടെ പല ജീവനക്കാരും പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുണ്ട്. എന്നാൽ ഇത് സാമ്പത്തിക ഇടപാടാണെന്നും ഇതിൽ പൊലീസിനെന്ത് കാര്യം എന്ന് ചോദിച്ചും മിനുവും സംഘവും രക്ഷപ്പെടുമായിരുന്നു.

പല തൊഴിലാളികൾക്കും പിന്നീട് കേസും വഴക്കുമായി നടക്കാൻ സമയമില്ലാത്തതിനാൽ തന്നെ ഇവർ രക്ഷപ്പെട്ടുപോവുകയും ചെയ്യും. എന്നാൽ ഇത്തവണ തൊഴിലാളികൾ ശമ്പളം ലഭിക്കാതെ വന്നത് യൂണിയൻ നേതാക്കളെ ഉൾപ്പടെ അറിയിക്കുകയും ഇവരുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ ഉടൻ തന്നെ ശമ്പളം നൽകാമെന്ന് വാഗ്ദാനം ചെയ്‌തെങ്കിലും പതിവ് പോലെ പറ്റിക്കപ്പെടുകയായിരുന്നു. ഇന്ന് ഉച്ചയോടെ ശമ്പളം ചോദിച്ചെത്തിയവരോട് തരാൻ സൗകര്യമില്ലെന്ന രീതിയിൽസംസാരിച്ചതോടെ വാക്കേറ്റമുണ്ടാവുകയും പിന്നീട് അത് കയ്യാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു.

തുടർന്ന് ഇരു വിഭാഗവും ഏറ്റുമുട്ടിയതോടെ ഹോട്ടലിനകം അടിച്ച്തകർത്ത അവസ്ഥയിലായിരുന്നു. പിന്നാമ്പുറത്ത് നിന്നും ആരംഭിച്ച അടി പിന്നീട് മുൻവശത്തേക്ക് എത്തുകയായിരുന്നു. രാവിലെ ആയിരുന്നതിനാൽ ഹോട്ടലിൽ അധികം ആളുകൾ ഉണ്ടായിരുന്നുമില്ല.ആരും കൊതിക്കുന്ന അഞ്ചക്ക ശമ്പളവുമായി ഉണ്ടായിരുന്ന ബാങ്ക് ജോലി വേണ്ടെന്നു വച്ചിട്ടാണ് മിനു പൗളിൻ ഒരു റെസ്റ്റോറന്റ് തുടങ്ങാം എന്ന് തീരുമാനിക്കുന്നത്.2013 ലാണ് മിനു എറണാകുളം എംജി റോഡിൽ പപ്പടവട എന്ന പേരിൽ തന്റെ ആദ്യ സ്ഥാപനം തുടങ്ങുന്നത്. നിന്നുകൊണ്ട് ചായയും പലഹാരവും കഴിക്കാൻ പറ്റിയ ഒരു ചെറിയ കട മാത്രമായിരുന്നു അത്.

ആദ്യകാലങ്ങളിൽ തൊഴിലാളികൾക്ക് ശമ്പളം നൽകുന്നതിൽ വലിയ പിശുക്കില്ലായിരുന്നെങ്കിലും സ്ഥാപനം വളർന്നതോടെ മിനുവിന്റെ ശമ്പളം നൽകാനുള്ള മടിയു വർധിച്ചു. ഇതിന് കൂടുതലും ഇരയായതാകട്ടെ ഇതരസംസ്ഥാന തൊഴിലാളികളും. അവർ പരാതിക്ക് പോകില്ലെന്ന ഉറപ്പിലാണ് ഇവർ ചൂഷണം തുടർന്നത്. ഇത് സാവധാനം മലയാളികളായ തൊഴിലാളികളോടും ആവർത്തിക്കുകയായിരുന്നു.

എന്നാൽ തങ്ങളുടെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന എല്ലാവർക്കും ശമ്പളം നൽകിയിട്ടുണ്ടെന്നും ഇന്ന് റസ്റ്റൊറന്റിൽ വന്ന് പ്രശ്നം ഉണ്ടാക്കിയ ആൾ ജോലി നിർത്തി പോയ ആളാണെന്നും പപ്പടവട ഉടമ അറിയിച്ചു. ഇയാൾക്ക് നൽകാനുള്ള ശമ്പള കുടിശ്ശിക 16ാം തീയതി നൽകാനിരിക്കെ സുഹൃത്തുക്കളുമായെത്തി വെറുതെ പ്രശ്നമുണ്ടാക്കുകയായിരുന്നുവെന്നാണ് അവർ പറയുന്നത്. പ്രകോപനം സൃഷ്ടിച്ച് അക്രമം നടത്തിയത് അവർ തന്നെയാണെന്നും ഉടമ പറഞ്ഞു.

അതേ സമയം ഇവർക്കെതിരെ മുൻപ് കിട്ടിയ പരാതികളും ഇന്ന് നടന്ന സംഭവം ചേർത്ത് ലേബർ ഓഫീസർക്ക് ഫയൽ കൈമാറിയിരിക്കുകയാണ് പൊലീസ്. മികച്ച നിലയിൽ പ്രവർത്തിക്കുന്ന കലൂരിലെ പ്രമുഖ റസ്റ്റൊറന്റാണ് പപ്പടവട. എന്തുകൊണ്ടാണ് സ്റ്റാഫുകൾക്ക് ശമ്പളം നൽകാത്തത് എന്ന ചോദ്യമാണ് നാട്ടുകാർ ചോദിക്കുന്നത്.