- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോപ്പിലെ പാപ്പൻ! ജോഷി വീണ്ടും ചതിച്ചു; തിരിച്ചുവരവ് പ്രതീക്ഷിച്ച് എത്തിയ ആരാധകർക്ക് കാണാനായത് അളിഞ്ഞ സുരേഷ് ഗോപിയെ; ഫോക്കസില്ലാത്ത തിരക്കഥയും ബോറൻ സംഭാഷണങ്ങളും; ആശ്വാസം ഗോകുൽ സുരേഷും ഷമ്മി തിലകനും; ജോഷിയും സുരേഷ് ഗോപിയുമൊക്കെ ഇനി സ്വയം വിരമിക്കണം!
''ജോഷി വീണ്ടും ചതിച്ച് ആശാനെ''- കോട്ടയം കുഞ്ഞച്ചനിൽ മമ്മൂട്ടി പറഞ്ഞ ഈ ഡയലോഗാണ്, നീണ്ട ഇടവേളക്കുശേഷം ജോഷി- സുരേഷ് ഗോപി കൂട്ടുകെട്ടിൽ വന്ന പാപ്പൻ എന്ന പുതിയ ചിത്രം കണ്ടിറങ്ങിയപ്പോൾ ആദ്യം തോന്നിയത്. സുരേഷ് ഗോപി ആരാധകർ ഫേസ്‌ബുക്കിൽ എന്തെല്ലാം തള്ളി മറച്ചാലും, ചിത്രം എവിടെയും എത്തിയിട്ടില്ല. യാതൊരു ഫോക്കസുമില്ലാതെ, ഒരു പഴയ കില്ലർ കഥ പൊടി തട്ടിയെടുത്ത്, ജോഷിയുടെ പതിവ് ശൈലിയിൽ ചിത്രീകരിച്ച് വെച്ചിരിക്കുന്നു. പത്രം, ലേലം, വാഴുന്നോർ തുടങ്ങിയ ജോഷി- സുരേഷ് ഗോപി കൂട്ടുകെട്ടിൽ പിറന്ന, പഴയകാല ഹിറ്റുകളുടെ ഏഴയലത്ത് എത്തില്ല ഈ ചിത്രം.
ഒരു ശരാശരി ജോഷി ചിത്രത്തിൽനിന്നും സുരേഷ് ഗോപി ചിത്രത്തിൽനിന്നും പ്രതീക്ഷിക്കുന്ന യാതൊരു ത്രില്ലും ഈ പടത്തിന് നൽകാൻ ആവുന്നില്ല. കന്നിമാസത്തിലെ നായ്്പ്പടപോലെ പാപ്പനും, കുറെ പൊലീസുകാരും തെക്ക് വടക്ക് ഓടുന്നുണ്ടെന്ന് മാത്രം. സാധാരണ തീപ്പൊരി ഡയലോഗുകളും, പഞ്ച് മറുപടികളും, ത്രസിപ്പിക്കുന്ന ആക്ഷനുമൊക്കെയാണ് ഒരു കൊമേർഷ്യൽ സുരേഷ് ഗോപി ചിത്രത്തിൽനിന്ന് നാം പ്രതീക്ഷിക്കുന്നത്. എന്നാൽ കാലം മാറിയതുകൊണ്ടാവണം പഴയതുപോലുള്ള അലറൽ ഡയലോഗുകൾ ഒന്നും ചിത്രത്തിലല്ല. പക്ഷേ ഉള്ളിൽ തട്ടുന്ന സംഭാഷണങ്ങളും ഇല്ല. ജോഷിയുടെ പതിവ് ഗോഡൗൺ ക്ലൈമാക്സിന് പകരം, ഒരു ഇലട്രിക്ക് ക്രിമിറ്റോറിയം ആക്കിയിരിക്കുന്നെന്ന് മാത്രം. തീയും വെടിയും ഇല്ലാതെ ജോഷിക്ക് ഒരു ക്ലൈമാക്സ് ഉണ്ടാക്കാൻ കഴിയില്ലെന്ന് തോനുന്നു!
രണ്ടേമുക്കാൽ മണിക്കൂറുള്ള ചിത്രത്തിന്റെ ദൈർഘ്യവും പ്രശ്നമാവുന്നുണ്ട്. എഡിറ്റർ ഇല്ലെന്ന് തോന്നുന്നു. അതിനേക്കാളുമൊക്കെ പ്രശ്നമായി തോനുന്നത്, ഒരു സീരിയൽ കില്ലിങ്ങിന്റെ കൺഫ്യുഷൻ ഒന്നൊന്നായി കുരുക്കഴിക്കാൻ കഴിയത്തക്ക രീതിയിൽ വെൽ പാക്കഡ് അല്ല, ആർ ജെ ഷാനിന്റെ തിരക്കഥ എന്നതാണ്. രണ്ടാം പകുതിയിലൊക്കെ, ജാതിക്കൊലയും മറ്റുമായി അതങ്ങ് കാട് കയറുകയാണ്. ഈ തിരക്കഥവെച്ച് ജോഷിക്കെന്നല്ല, സ്പിൽബർഗിനുപോലും ഒന്നും ചെയ്യാൻ കഴിയില്ല. അവസാനം വില്ലന് നായകനോടുള്ള പ്രതികാരത്തിന്റെ കാരണമൊക്കെ അറിയുമ്പോൾ നാം നാണിച്ചുപോകും. ജയൻ, സോമൻ, സുകുമാരൻ കാലട്ടത്തിലെ യുക്തിയാണ്, തിരക്കഥാകൃത്ത് ഇവിടെ ഉപയോഗിക്കുന്നത്. അതും കണ്ട് ഇറങ്ങുമ്പോൾ മറ്റൊരു സുരേഷ്ഗോപിയുടെ തന്നെ ഒരു ഡയലോഗാണ് ഓർമ്മ വരിക, പഫ പുല്ലേന്ന്....!
ആവേശകരമായ തുടക്കം.. പിന്നെ
ഒരു സീരിയൽ കില്ലിങ്ങ് സിനിമയുടെ എല്ലാ ഉദ്യേഗങ്ങളും നിറച്ചുകൊണ്ടാണ് ചിത്രം തുടങ്ങുന്നത്. മലയാളത്തിലെ ഒരു സൂപ്പർ താരത്തെ കൊന്ന് ഒരു മരത്തിന് മുകളിൽ ചാക്കിൽ കെട്ടിത്തൂക്കിയതായുള്ള വാർത്തകൾ പുറത്തുവരുന്നതോടെയാണ്് പാപ്പന്റെ തുടക്കം. വൈകാതെ, മരിച്ചത് സൂപ്പർ താരമല്ല, അയാളുടെ ഡ്രൈവർ ആണെന്ന് വാർത്തകൾ വരുന്നു. ജനനേന്ദ്രിയങ്ങൾവരെ അടിച്ചൊടിച്ച്, മൃതദേഹം കത്തികൊണ്ട് വരഞ്ഞ് വികൃതമാക്കി, കാൽപ്പാദങ്ങളിൽ ചില നമ്പറും എഴുതിയാണ് ആ കൊല. തൊട്ടുപിന്നാലെ ഈ കേസ് അന്വേഷണ ടീമിലെ പൊലീസുകാരനും കൊല്ലപ്പെടുന്നു. അതോടെ അടുത്തകാലത്ത് ജയിലിൽനിന്ന് ഇറങ്ങിയ സീരിയൽ കില്ലർ ചാക്കോയാണ് ഇതിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു.
അവിടെയാണ് ഏബ്രഹാം മാത്യു മാത്തനെന്ന പഴയ സിഐയുടെ വരവ്. കാരണം മാത്തൻ എന്ന പ്രിയപ്പെട്ടവരുടെ പാപ്പന് മാത്രമേ, ചാക്കോ കുത്താൻ ഉപയോഗിക്കുന്ന, ഇരട്ടവായുള്ള കത്തിയെക്കുറിച്ചും, അയാളുടെ രീതിയെക്കുറിച്ചും കൂടുതൽ അറിയൂ. കേസിന്റെ അന്വേഷണച്ചുമതല പാപ്പന്റെ മകളായ വിൻസി ഏബ്രഹാമെന്ന ഐപിഎസുകാരിക്കാണ്. അപ്പനും മകളും തമ്മിൽ അമ്മയുടെ മരണത്തെ തുടർന്ന് സ്വരച്ചേർച്ചയില്ല. പക്ഷേ ഈ കൊലപാതക പരമ്പരയുടെ അനൗദ്യോഗിക അന്വേഷണത്തിനായി, മാത്തനെയും ടീമിൽ ഉയർന്ന പൊലീസ് ഉദ്യോഗസഥർ ഉൾപ്പെടുത്തുകയാണ്.
പതിഞ്ഞ താളത്തിൽ കഥ പറഞ്ഞുപോവുന്ന ശൈലിയാണ് പാപ്പനിലുള്ളത്. തുടക്കത്തിൽ കിട്ടിയ ഊർജം പക്ഷേ സിനിമക്ക് പിന്നീട് കിട്ടുന്നില്ല. അടിക്കടി ട്വിസ്റ്റുകൾ കൊടുക്കണം എന്ന തിരക്കഥാകൃത്തിന് എന്തോ നിർബന്ധം ഉള്ളപോലെ തോന്നുന്നുണ്ട്. ട്വിസ്റ്റുവേണ്ടി ട്വിസ്റ്റ് ഉണ്ടാക്കിയതിനാൽ പല രംഗങ്ങളിലും കൃത്രിമത്വമാണ്.
പകയും വാശിയും തുടർകൊലപാതകങ്ങളിലൂടെയുള്ള പകരം വീട്ടലുമൊക്കെയായി പടം കാടുയറിയങ്ങോട്ട് നീങ്ങുകയാണ്.
ജോഷിയും സുരേഷ് ഗോപിയും വിരമിക്കണം
സ്‌ക്രീനിൽ ജോഷിയെന്ന പേര് തെളിയുമ്പോൾ തന്നെ മലയാളികൾ കൈയടിച്ച ഒരു കാലം ഉണ്ടായിരുന്നു. മൂർഖനും, ന്യൂഡൽഹിയും, നായർസാബും, ജനുവരി ഒരു ഓർമ്മയും, ട്വന്റി-ട്വന്റിയുമൊക്കെ അടക്കം എത്രയെത്ര ഹിറ്റുകൾ. 1978 ടൈഗർ സലീം എന്ന ചിത്രത്തിൽ തുടങ്ങിയ സംവിധായക സപര്യ, കഴിഞ്ഞ 45 വർഷമായി തുടരുകയാണ്. അറുപതോളം ചിത്രങ്ങൾ ഏറെയും ഹിറ്റുകൾ. കൂടെയുണ്ടായിരുന്ന സംവിധായകർ ഒക്കെ ഫീൽഡ് ഔട്ട് ആയിട്ടും ജോഷി പിടിച്ചുനിന്നു. പക്ഷേ പാപ്പൻ അടക്കമുള്ള അദ്ദേഹത്തിന്റെ സമീപകാല വർക്കുകൾ നോക്കുമ്പോൾ, 70കാരനായ ജോഷി ഇനി സ്വയം വിരമിക്കയാണ് വേണ്ടത്. അദ്ദേഹം ചെയ്ത നല്ല സിനിമകളോടുള്ള ബഹുമാനം കൊണ്ടാണ് ഇത് പറയുന്നത്. ഇത്തരം ചവറ് പടങ്ങളുടെ സംവിധായകൻ ആയിട്ടല്ല, മലയാളത്തിന്റെ സ്പിൽ ബർഗായ ജോഷി ഓർമ്മിക്കപ്പെടേണ്ടത്.
തൊട്ട് മുമ്പ് ഇറങ്ങിയ 'പൊറിഞ്ചും മറിയം ജോസ്' എന്ന ചിത്രം ഒഴിച്ചാൽ സമീപകാലത്തെ ജോഷി ചിത്രങ്ങൾ എല്ലാം വൻ ദുരന്തങ്ങൾ ആയിരുന്നു. മോഹൻലാലിന്റെ ലോക്പാൽ, ജയറാമും സുരേഷ്ഗോപിയും നായകരായ സലാം കാശ്മീർ, ദിലീപിന്റെ അവതാരം എന്നിവയൊക്കെ ദേശീയ ദുരന്തങ്ങളായി പ്രഖ്യാപിക്കപ്പെടേണ്ട സിനിമകളാണ്. കാലം മാറുന്നതും, ആസ്വാദന നിലവാരത്തിൽ വരുന്ന മാറ്റവും ജോഷിയെപ്പോയെലുള്ളവർക്ക് മനസ്സിലാവുന്നില്ല. പുതിയ പിള്ളേർപോലും കൊറിയൻ വെബ്സീരീസ് കാണുന്ന ഇക്കാലത്താണ്, ഗോഡൗൺ ക്ലൈമാക്സിനെ പുതിയ കുപ്പിയിലാക്കി ജോഷി വരുന്നത്. സ്വരം നന്നാവുമ്പോൾ പാട്ടു നിർത്തുക എന്നത്, ഏതൊരു കലാകാരനെ സംബന്ധിച്ചും പ്രധാനപ്പെട്ടതാണ്.
അതുപോലെ തന്നെയാണ് സുരേഷ് ഗോപിയുടെ കാര്യവും. ഈ 63ാം വയസ്സിൽ ഇതുപോലെ ഒരു സാഹസം വേണ്ടിയിരുന്നില്ല. കമ്മീഷണറിലും, എകലവ്യനിലും, വടക്കൻ വീരഗാഥയിലും, ഇന്നലെയിലും, കളിയാട്ടത്തിലുമൊക്കെ നമ്മെ ഞെട്ടിപ്പിച്ച, ആ നടന വിസ്മയത്തിന്റെ പ്രേതമാണ് ഈ പടത്തിൽ എന്ന് തോന്നിപ്പോകും. സുരേഷ് ഗോപിയുടെ അടിപൊളി പെർഫോമൻസ് കാണാൻ വന്ന കട്ട ആരാധകർ പോലും ആ അളിഞ്ഞ, വികാരരഹിതമായ മുഖം കണ്ട് അമ്പരന്നു പോവുകയാണ്. രാഷ്ട്രീയത്തിൽ ഇറങ്ങി വെയിലുകൊണ്ട് നടന്നത്, അദ്ദേഹത്തിന്റെ ഫിസിക്കിനെ വല്ലാതെ ബാധിച്ചിട്ടുണ്ടെന്ന് തോനുന്നു. ശരിയാണ്, ഈ പടത്തിലെ പാപ്പൻ ഒരു 55ന് മുകളിൽ പ്രായമുള്ള കഥാപാത്രമാണ്. അയാൾ ജരാനരകളും, ഒരു കൊലപാതകിയുടെ ആക്രമണത്തിന്റെ ഫലമായി ഒരുകൈക്ക് ക്ഷതം ഉള്ളവനും ആണ്. അയാൾ ഭരത്ചന്ദ്രനാവില്ലെന്ന് നമുക്ക് നന്നായി അറിയാം. പക്ഷേ മൊത്തത്തിൽ നായകന് ഒരു ചുണയും ചൊടിയും വേണ്ടേ. അല്ലെങ്കിൽ അത്തരം ഒരു കഥാപാത്രത്തെകൊണ്ട് സംഘട്ടന രംഗങ്ങൾ ഒന്നും ചെയ്യിക്കരുത്.
പക്ഷേ ഇവിടെ ഫ്ളാഷ് ബാക്കിലെ യൗവന കാലം കാണിക്കുമ്പോഴും, കുടവയറും, ഉറക്ക ക്ഷീണവും പ്രകടമായ, കൺപീലിക്ക് താഴെ കറുപ്പുവീണ മുഖമാണ് കാണാൻ കഴിയുന്നത്! ഈ 70ാം വയസ്സിലും മമ്മൂട്ടി തന്റെ ശരീരം സൂക്ഷിക്കുന്നത് നോക്കുക. സുരേഷ് ഗോപിയിലെ നടനെ വല്ലാതെ സ്നേഹിക്കുന്നതുകൊണ്ടാണ്, ഈ രീതിയിലുള്ള ചപല കഥാപാത്രങ്ങളെ ചെയ്യാതെ അദ്ദേഹം സ്വയം വിരമിക്കണം എന്ന് പറയുന്നത്. സുരേഷ് ഗോപി എന്ന് ഓർക്കുമ്പോൾ, കാമ്പുള്ള അദ്ദേഹത്തിന്റെ പഴയ കഥാപാത്രങ്ങൾ തന്നെയാണ് മനസ്സിലേക്ക് ഓടിവരേണ്ടത്. ഇത് അദ്ദേഹം അദ്ദേഹത്തോട് തന്നെ ചെയ്യുന്ന അതിക്രമമാണ്. നല്ല കഥയില്ലെങ്കിൽ ഇനി സിനിമ ചെയ്യില്ല എന്ന ഉറച്ച് നിലപാട് എടുക്കാൻ ഈ വലിയ നടന് കഴിയണം.
ഗോകുലിനും ഷമ്മിക്കും കൈയടിക്കാം
ഈ ചിത്രത്തിൽ ഒരു വലിയ താര നിരയുണ്ട്. പക്ഷേ പാപ്പനെപ്പോലെ തന്നെ നിരാശപ്പെടുത്തിയത്്, പാപ്പന്റെ മകളായി വന്ന നീത പിള്ള ചെയ്ത വിൻസി ഐപിഎസ് ഓഫീസറുടെ കഥാപാത്രമാണ്. എബ്രിഡ് ഷൈനിൽ 'പൂമരം' സിനിമയിൽ, പ്രേമത്തിലെ മലരിന് സമാനമായി യുവ ഹൃദയങ്ങളിൽ കൂടുകൂട്ടിയ നടിയാണ് നീത പിള്ള. പക്ഷേ ഈ പടത്തിൽ നീതയെ ഒരു പൊലീസ് ഓഫീസറായി ഫീൽ ചെയ്യുന്നില്ല. ആ കഥാപാത്രത്തിലൂടെയാണ് സിനിമയിലെ നിർണ്ണായക മുഹൂർത്തങ്ങൾ ചുരുളഴിയുന്നത്. പക്ഷേ ആ കഥാപാത്രത്തിന് വലിയ ഇമ്പാക്റ്റ് ഉണ്ടാക്കാൻ കഴിഞ്ഞില്ല. ഒറ്റ നോട്ടത്തിൽ തന്നെ മിസ് കാസ്റ്റ് എന്ന് വ്യക്തം.
പഴയ സുരേഷ് ഗോപിയിൽ കണ്ടപോലുള്ള വോൾക്കാനിക്ക് ഫയർ ഉള്ള നടനാണ് മകൻ ഗോകുൽ സുരേഷ് എന്ന് നിസ്സംശയം പറയാം. ഇടതുകൈക്ക് ചലനശേഷിയില്ലാത്ത പാപ്പന്റെ വലംകൈയാണ് ചിത്രത്തിൽ ഗോകുൽ. ഇവർ തമ്മിലുള്ള കെമിസ്ട്രി രസകരമാണ്. പക്ഷേ അത് സിനിമയിൽ വികസിപ്പിച്ചില്ല. ഈ ചിത്രത്തിൽ തിളങ്ങിയ മറ്റൊരാൾ, ഷമ്മി തിലകനാണ്. ഒരു സൈക്കോ ക്രിമിനൽ ചാക്കോ ആയുള്ള ഷമ്മിയുടെ മാനറസിങ്ങൾ സമ്മതിക്കണം. 'ജന ഗണ മന'യിലെ അഡ്വക്കേറ്റിന്റെ വേഷവും ഇതും വെച്ച് താരതമ്യം ചെയ്താൽ അറിയാം, അയാളുടെ റേഞ്ച്. പിതാവ് തിലകനെ അനുകരിക്കാതെ ഷമ്മി സ്വന്തമായി ഒരു വ്യക്തിത്വം കണ്ടെത്തിയതുപോലെ, സുരേഷ് ഗോപിയെ അനുകരിച്ചും, ആ നൊസ്റ്റാൾജിയ വിറ്റുമല്ല ഗോകുൽ വളരേണ്ടത്. ഏതാനും സീനുകൾ കണ്ടാൽ തന്നെ അറിയാം. കഴിവുള്ള നടനാണ് അയാൾ. ആരും തള്ളിക്കയറ്റേണ്ട കാര്യമൊന്നുമില്ല. ഗോകുൽ തനിയെ കയറിവരും.
കനിഹയും, നൈല ഉഷയും സുരേഷ് ഗോപിയുടെ ജോഡികളായി വരുന്നുണ്ടെങ്കിലും രണ്ടുപേർക്കും കാര്യമായി റോൾ ഇല്ല. നന്ദു പൊതുവാൾ, വിജയരാഘവൻ, ടിനി ടോം തൊട്ടുള്ള വലിയ ഒരു നിര, സിബിഐ അഞ്ചാംഭാഗത്തിലെന്നപോലെ ഈ ചിത്രത്തിലും എന്തിനോ വേണ്ടിയെന്നോണം ഉണ്ട്. ആശാ ശരത്തിന് ശരിക്കും പെർഫോം ചെയ്യാനുള്ള വേഷമാണ് കിട്ടിയത്. അത് അവർ ഗംഭീരമാക്കിയിട്ടില്ലെങ്കിലും മോശമാക്കിയിട്ടില്ല. ചിത്രത്തിൽ ഒന്നോ രണ്ടോ ഗാനം ഉള്ളതുകൊണ്ട് ടോയിലറ്റിൽ പോവേണ്ടവർക്ക് ആശ്വാസമുണ്ട് എന്നേ പറയാൻ കഴിയൂ. ടെക്കനിക്കൽ ടീമിൽ ക്യാമറാൻ അജയ് ഡേവിഡ് കാച്ചപ്പള്ളിയുടെ വർക്ക് എടുത്തപറയേണ്ടതാണ്.
വാൽക്കഷ്ണം: ഭരതൻ, ഐ വി ശശി, തൊട്ട് സിബിമലയിൽവരെയുള്ള മലയാളത്തിലെ പോപ്പുലർ സിനിമാ സംവിധായകരെ എടുത്താൽ മനസ്സിലാവും, അവർക്കൊന്നും പുതിയ കാലത്തിന് അനുസരിച്ച് ചിത്രം എടുക്കാൻ കഴിഞ്ഞിട്ടില്ല. 90കളിലെ ലെജൻഡ്സായ സംവിധായകിൽ പലരും വെടി തീർന്നു. കെ മധു-എസ് എസ് സ്വാമി കൂട്ടുകെട്ടിൽ ഇറങ്ങിയ സിബിഐ അഞ്ചാഭാഗം അതുവരെയുള്ള സിബിഐ സീരീസിനെ പരിഹസിക്കുന്നത് ആയിപ്പോയി. സത്യൻ അന്തിക്കാടിന്റെ അവസാനം ഇറക്കിയ 'മകൾ' എന്ന ചിത്രവും ദുരന്തമായി. കാലത്തിന് അനുസരിച്ച് മാറിയതുകൊണ്ട് മാത്രമാണ്, മമ്മുട്ടിയും ലാലും പിടിച്ചുനിൽക്കുന്നതെന്ന്, ജോഷിയും സുരേഷ്ഗോപിയും മറക്കരുത്.