അടൂർ: കടലാസിൽ മാത്രം ലാഭത്തിലും യഥാർഥത്തിൽ നഷ്ടത്തിലും പ്രവർത്തിക്കുന്ന പറക്കോട് സർവീസ് സഹകരണ ബാങ്കിലെ എൽഡിഎഫ് ഭരണ സമിതിയുടെ ധൂർത്തിനെതിരേ സിപിഎം സംസ്ഥാന കമ്മറ്റിക്ക് ഒരു വിഭാഗം പരാതി നൽകിയെന്ന വാർത്ത മറുനാടൻ പുറത്തു വിട്ടതോടെ ന്യായീകരിക്കാൻ അധികൃതരുടെ നെട്ടോട്ടം. ബാങ്കിനെതിരേ യൂത്ത് കോൺഗ്രസ് നടത്തിയ സമരത്തിൽ നിന്ന് വിട്ടുനിന്ന് കോൺഗ്രസ് നേതാക്കളുടെ ഐക്യദാർഢ്യം.

ബാങ്ക് പുതുതായി തുടങ്ങാൻ പോകുന്ന ഹോട്ടലിനും സൂപ്പർമാർക്കറ്റിനും ഇന്റീരിയർ ജോലികൾക്കായി 1.58 കോടി രൂപ എഴുതിയെടുത്തതിന് എതിരേ പരാതി ഉയർന്നതാണ് വാർത്തയായത്. സിപിഎം ജില്ലാ സെക്രട്ടറിയെ കാഴ്ചക്കാരനാക്കി ഏരിയാ നേതാവിന്റെ നേതൃത്വത്തിലാണ് ധൂർത്ത് നടക്കുന്നത്.

മറുനാടൻ വാർത്ത വൈറൽ ആയതോടെ നിക്ഷേപകർ ബാങ്കിലെത്തി നിക്ഷേപം തിരികെ ആവശ്യപ്പെട്ടു തുടങ്ങി. ഈ കോവിഡ് കാലത്ത് സഹകാരികൾ കഷ്ടത അനുഭവിക്കുമ്പോൾ യാതൊരു മാനദണ്ഡവും പുലർത്താതെ നടത്തുന്ന ധൂർത്തിനെപ്പറ്റി വിമർശനവും ഉയർന്നു.
അടൂർ നഗരത്തിൽ ബൈപ്പാസിനോട് ചേർന്നുള്ള ബിവറേജസ് മദ്യവിൽപന ശാലയ്ക്ക് സമീപമാണ് പുതിയ ഹോട്ടൽ തുടങ്ങുന്നത്. സഹകരണ മേഖലയിലെ സീ ഫുഡ് റസ്റ്റോറന്റാണ് ഇതെന്നാണ് ഭാരവാഹികൾ അവകാശപ്പെടുന്നത്.

മത്സ്യഫെഡുമായി സഹകരിച്ച് റസ്റ്റോറന്റ് നടത്തുമെന്നാണ് പറയുന്നത്. ഇതിന് ഇന്റീരിയർ ഡിസൈനിങ്ങിനായി 65 ലക്ഷം രൂപയാണ് ഇതു വരെ എഴുതിയെടുത്തിരിക്കുന്നത്. അടൂർ കെപി റോഡരികിൽ ജയ മാർബിൾസിന്റെ താഴത്തെ നിലയിൽ സഹകരണ വകുപ്പുമായി സഹകരിച്ച് കോപ്മാർക്ക് സൂപ്പർ മാർക്കറ്റും തുടങ്ങുന്നുണ്ട്. 4000 ചതുരശ്രയടിയിലാണ് ഇതിന്റെ നിർമ്മാണം. 93 ലക്ഷം രൂപ ഇതിനുള്ള ഇന്റീരിയർ ജോലികൾക്കായി ബാങ്കിൽ നിന്ന് എടുത്തു കഴിഞ്ഞു. നാലു കോടിയോളം മുടക്കി ഇപ്പോൾ ഈ രണ്ടു സ്ഥാപനങ്ങളും തുടങ്ങുന്നത് ബാങ്കിനെ സംബന്ധിച്ചിടത്തോളം ആത്മഹത്യാ പരമാണെന്ന് സഹകാരികളും സിപിഎമ്മിന്റെ ഒരു വിഭാഗം നേതാക്കളും ചൂണ്ടിക്കാട്ടുന്നു. ഇതേ വിഷയം പരാമർശിച്ചാണ് സംസ്ഥാന കമ്മറ്റിക്ക് സിപിഎമ്മിലെ ഒരു വിഭാഗം പരാതി അയച്ചിരിക്കുന്നത്.

സിപിഎമ്മിന്റെ ഏരിയാ സെക്രട്ടറിയുടെ ഒത്താശയോടെയാണ് ഇപ്പോൾ രണ്ടു സ്ഥാപനങ്ങൾ തുടങ്ങാൻ തീരുമാനിച്ചിരിക്കുന്നത്. സാങ്കേതികമായി ലാഭത്തിലാണ് പറക്കോട് സഹകരണ ബാങ്ക് പ്രവർത്തിക്കുന്നത്. പക്ഷേ, യഥാർഥത്തിൽ നഷ്ടത്തിലുമാണ്. നാലു കോടിയോളം രൂപ ചെലവഴിച്ച് ഇപ്പോൾ രണ്ടു സ്ഥാപനങ്ങൾ തുടങ്ങാനുള്ള സാമ്പത്തിക സ്ഥിതി ബാങ്കിനില്ല. അഥവാ തുടങ്ങണമെങ്കിൽ തന്നെ കെട്ടിടം മോടി പിടിപ്പിക്കാൻ രണ്ടു കോടി എന്തിനെന്ന ചോദ്യത്തിനും ഉത്തരമില്ല. ടെണ്ടർ ക്ഷണിക്കാതെ ഭരണ സമിതിയിൽ ചിലർക്ക് വേണ്ടപ്പെട്ടവർക്ക് ഇന്റീരിയർ ഡിസൈനിങ് നൽകുകയായിരുന്നുവെന്ന് പറയുന്നു. ഈയിനത്തിൽ വൻ തുക പോക്കറ്റിലാക്കിയെന്ന് സംസ്ഥാന കമ്മറ്റിക്ക് പോയ പരാതിയിൽ ഉണ്ടെന്നാണ് സൂചന.

ബാങ്കിലെ അഴിമതിക്കെതിരേ കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് സമരം നടത്തി. കെപിസിസി സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എംജി കണ്ണൻ അധ്യക്ഷത വഹിച്ചു. അടൂരിലെ മുതിർന്ന നേതാക്കളായ ഏഴംകുളം അജു, പഴകുളം ശിവദാസൻ എന്നിവരെയൊന്നും സമരത്തിന് കണ്ടില്ല. അതേ സമയം, മറ്റ് കോൺഗ്രസ് നേതാക്കൾ എത്തുകയും ചെയ്തു. ശിവദാസനും അജുവുമൊക്കെ പ്രസിഡന്റായിരുന്ന ബാങ്കുകളിൽ കോടികളുടെ അഴിമതി നടന്നിരുന്നുവെന്നും ഇപ്പോൾ സിപിഎം ഭരിക്കുന്ന ബാങ്കിനെതിരേ സമരത്തിന് പോയാൽ തങ്ങൾക്ക് പണി കിട്ടുമെന്നും കരുതിയാണ് ഇവർ വിട്ടു നിന്നത് എന്നാണ് പറയുന്നത്. ബുദ്ധിപൂർവം പല നേതാക്കളും ഇങ്ങനെ വിട്ടു നിൽക്കുകയായിരുന്നു.

പറക്കോട് ബാങ്കിലെ ധൂർത്ത് ന്യായീകരിക്കാൻ ഭരണ സമിതി പെടാപ്പാട് പെടുകയാണ്. പത്രങ്ങളിൽ വാർത്ത നൽകി. അതിന് പുറമേ ബഹുവർണ പ്രസ്താവന അടിച്ച് സഹകാരികൾക്കിടയിൽ വിതരണം ചെയ്തു. നോട്ടീസിന്റെ തലക്കെട്ടിന് താഴെ പ്രമുഖരായ അംഗങ്ങൾ തങ്ങളുടെ ബാങ്കിനോടുള്ള വിശ്വാസം സാക്ഷ്യപ്പെടുത്തുന്ന പ്രസ്താവനയും നൽകിയിട്ടുണ്ട്. നിക്ഷേപകർ പണം തിരികെ എടുക്കാനെത്തിയപ്പോൾ അതിനും മറുമരുന്ന് കണ്ടെത്തി. ഒരു സഹകാരി ഒറ്റയടിക്ക് 15 ലക്ഷം രൂപ ബാങ്കിൽ നിക്ഷേപിച്ചുവെന്നുള്ള പ്രചാരണം ആയിരുന്നു അത്. സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ ചിത്രം സഹിതം അത് പ്രചരിക്കുന്നുണ്ട്.