ഭൂമിയിലെ അതേ ആവാസ വ്യവസ്ഥയുള്ള അന്യഗ്രഹങ്ങളും അവിടുത്തെ ജീവികളും എക്കാലവും സാഹിത്യകാരന്മാർക്ക് പ്രിയപ്പെട്ട വിഷയങ്ങളായിരുന്നു. ഭ്രമിപ്പിക്കുന്ന അത്തരം കഥകൾ എത്രയോ നാം വായിച്ചുകഴിഞ്ഞു. എന്നാൽ, ഇതേ ആവാസ വ്യവസ്ഥയുള്ള വേറെയും പ്രപഞ്ചങ്ങളുണ്ടെന്നും അത് തെളിയിക്കാനാകുമെന്നും ഇപ്പോൾ ശാസ്ത്രജ്ഞർ തന്നെ പറയുന്നു. ബഹുപ്രപഞ്ചത്തിന്റെ സൂചനകൾ കണ്ടെത്തിയതായാണ് ഗവേഷകർ പറയുന്നത്.

പ്രപഞ്ചത്തിന്റെ ആദിമരൂപത്തെക്കുറിച്ച് പഠിക്കുന്ന കോസ്‌മോളജിസ്റ്റുകളാണ് സമാന്തര പ്രപഞ്ചത്തിന്റെ ശേഷിപ്പുകൾ കണ്ടെത്താനാകുമെന്ന് അവകാശപ്പെടുന്നത്. ആദിമഘട്ടത്തിൽ നമ്മുടെ പ്രപഞ്ചവുമായി ഈ സമാന്തര പ്രപഞ്ചം ഇടപെട്ടിരുന്നുവെന്നും അതിന്റെ സൂചനകൾ കണ്ടെത്താനാകുമെന്നുമാണ് ഇവർ പറയുന്നത്. മറ്റൊരു പ്രപഞ്ചമുണ്ടെന്ന വാദത്തിന് ശക്തിപകരുകയാണ് കോസ്‌മോളജിസ്റ്റുകൾ.

ഭൂമിയും സൂര്യനും ഗ്രഹങ്ങളുമുൾക്കൊള്ളുന്ന നമ്മുടെ പ്രപഞ്ചത്തെപ്പോലെ അനേകായിരം സമാന്തര പ്രപഞ്ചങ്ങൾ (മൾട്ടിവേഴ്‌സ്) ഉണ്ടെന്നുമുള്ള വാദം നേരത്തെയുണ്ട്. അതിന് ശക്തിപകരുന്ന പഠനങ്ങളാണ് ഇപ്പോൾ കോസ്‌മോളജിസ്റ്റുകളുടേത്. നിലനിൽക്കുന്ന പല ശാസ്ത്രസിദ്ധാന്തങ്ങളെയും തള്ളിക്കളയേണ്ടിവരുന്ന നിരീക്ഷണങ്ങളാണ് ഇപ്പോൾ ഗവേഷകർ നടത്തിയിട്ടുള്ളത്.

പ്രപഞ്ചോൽപത്തിക്ക് കാരണമെന്ന് കരുതുന്ന മഹാവിസ്‌ഫോടന സിദ്ധാന്ത(ബിഗ് ബാങ് തിയറി)ത്തിനൊപ്പം തന്നെ ബഹുപ്രപഞ്ചത്തിന്റെ സാധ്യതകൾ ശാസ്ത്രലോകം ചർച്ച ചെയ്യുന്നുണ്ട്. 1375 കോടി വർഷംമുമ്പ് വലിയൊരു പൊട്ടിത്തെറിയിലൂടെ പ്രപഞ്ചം രൂപപ്പെട്ടുവെന്നാണ് പ്രചാരത്തിലിരിക്കുന്ന വിശ്വാസം. എന്നാൽ, ആ ഘട്ടത്തിൽ ഒരു പ്രപഞ്ചം മാത്രമല്ല സൃഷ്ടിക്കപ്പെട്ടതെന്നും അനേകം സമാന്തര പ്രപഞ്ചങ്ങൾ ഉണ്ടായി എന്നുമാണ് 'ബഹുപ്രപഞ്ച' സിദ്ധാന്തക്കാരുടെ വാദം. ഈ പ്രപഞ്ചങ്ങളിലൊക്കെ ജീവൻ നിലനിൽക്കാൻ സാധ്യതയുള്ളതായും ഇവർ വാദിക്കുന്നു.

പ്രപഞ്ചത്തിൽ ആകാശഗംഗയ്ക്ക് സമാനമായ മറ്റൊരു ഗ്യാലക്‌സി 13.1 പ്രകാശവർഷം അകലെയായി സ്ഥിതി ചെയ്യുന്നുണ്ടെന്ന് ശാസ്ത്രലോകം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഇത് മഹാവിസ്‌ഫോടനം കഴിഞ്ഞ് 57 കോടി വർഷത്തിനുശേഷമാണ് രൂപം കൊണ്ടത്. പ്രപഞ്ചത്തിൽനിന്ന് അടർന്നുപോയതാണ് ഇതെന്നും കരുതപ്പെടുന്നു. 1382 കോടി വർഷം പ്രായമുള്ളതാണ് ഈ ഗ്യാലക്‌സിയെന്നും വിശ്വസിക്കപ്പെടുന്നു.