- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിലക്ക് നീങ്ങി; പറമ്പിക്കുളം കടുവാ സങ്കേതത്തിലേക്ക് ഇന്നുമുതൽ സഞ്ചാരികളെത്തും; പ്രവേശനം മുൻകൂട്ടി ബൂക്ക് ചെയ്യുന്നവർക്ക് മാത്രം
മുതലമട: പറമ്പിക്കുളം കടുവ സങ്കേതം ഇന്നു മുതൽ സഞ്ചാരികൾക്കായി തുറക്കും. മുൻകൂട്ടി ബുക്ക് ചെയ്യുന്നവരെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും കടുവ സങ്കേതത്തിലേക്കു പ്രവേശിപ്പിക്കുക.നേരത്തെ ബുക്കിങ് നടത്താതെ വരുന്നവരെ പ്രവേശിപ്പിക്കില്ല. കഴിഞ്ഞ മാർച്ച് 10നാണു കോവിഡ് കാരണം പറമ്പിക്കുളം അടച്ചത്.
കാഴ്‌ച്ചക്കാരെ നിരാശരാക്കാത്ത പറമ്പിക്കുളം
കാടു കാണാനെത്തുന്നവരെ നിരാശരാക്കാത്ത കാടകമാണു പറമ്പിക്കുളം.കന്നിമാര തേക്കും അണക്കെട്ടുകളും വന്യജീവികളുമായി സമ്പന്നമാണ് ഈ സങ്കേതം.
പുള്ളിമാൻ, കേഴമാൻ, കാട്ടുപോത്ത്, ആന തുടങ്ങിയ മൃഗങ്ങളുടെ സാന്നിധ്യത്തിനൊപ്പം ഏഷ്യയിലെ തേക്കുകളിൽ ഏറെ പ്രാധാന്യമർഹിക്കുന്ന കന്നിമാര തേക്ക്, പറമ്പിക്കുളം, തൂണക്കടവ്, പെരുവാരിപ്പള്ളം ഡാമുകൾ എന്നിവയും സഞ്ചാരികളെ ആകർഷിക്കുന്നവയാണ്.10 സഫാരി വാനുകൾ ഇവിടെയുണ്ട്. ആദിവാസി ഗൈഡുകൾ സഞ്ചാരികൾക്കു കാടിനെ പരിചയപ്പെടുത്തും. 3.5 മണിക്കൂർ നീളുന്നതാണ് ഒരു സഫാരി. രാത്രി താമസിക്കുന്നതിനു വനം വകുപ്പിന്റെ ടെന്റ്, ഐബി, ട്രീ ഹട്ടുകൾ എന്നിവ ഓൺലൈനായി ബുക്ക് ചെയ്യാം.
പാലക്കാട്ടുനിന്നു പുതുനഗരം മീനാക്ഷിപുരം വഴി അമ്പ്രാംപാളയം സുങ്കത്തെത്തി സേത്തുമടയിലേക്കു പോകണം. സേത്തുമടയിൽ തമിഴ്‌നാട് ചെക്‌പോസ്റ്റ് കടന്ന് ആനമല കടുവ സങ്കേതത്തിലൂടെ ടോപ്‌സ്ലിപ്പ് എന്ന ഹിൽ സ്റ്റേഷൻ കണ്ടു പറമ്പിക്കുളത്ത് എത്താം. തൃശൂരിൽനിന്നു വരുന്നവർക്കു വടക്കഞ്ചേരികൊല്ലങ്കോട്‌ഗോവിന്ദാപുരം വഴി സുങ്കത്തെത്താം. പാലക്കാടുനിന്നു 91 കിലോമീറ്ററാണു പറമ്പിക്കുളത്തേക്കുള്ള ദൂരം.
എങ്ങിനെ ബുക്ക് ചെയ്യാം
മുൻകൂട്ടി ബുക്ക് ചെയ്യാത്തവരെയും കോവിഡ് ലക്ഷണമുള്ളവരെയും പ്രവേശിപ്പിക്കില്ല എന്നത് കർശനമായി പാലിക്കും. അതുകൊണ്ട് തന്നെ സന്ദർശനത്തിനായി എത്തുന്നവർ ഇത് കൃത്യമായി ഉറപ്പുവരുത്തേണ്ടതാണ്.സഫാരിക്കായി എത്തുന്നവർ ഇൻഫർമേഷൻ സെന്ററിൽ വിളിച്ചു ബുക്ക് ചെയ്യണം. താമസിക്കാൻ ഉദ്ദേശിക്കുന്നവർക്കു www.parambikulam.org എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം. ഫോൺ: 09442201690, 09442201691. സാമൂഹിക അകലം പാലിച്ചും മുഖാവരണം ധരിച്ചുമാണു പ്രവേശനം.
മറുനാടന് മലയാളി ബ്യൂറോ