- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അർണാബ് ഗോസ്വാമിയെ വട്ടംചുറ്റിച്ചു; മുകേഷ് അംബാനിയുടെ വസതിക്കു സമീപം സ്ഫോടക വസ്തുക്കൾ അടങ്ങിയ വാഹനം കണ്ടെത്തിയതോടെ കമ്മീഷണർ സ്ഥാനം തെറിച്ചു; 100 കോടി പിരിക്കാൻ ആവശ്യപ്പെട്ടെന്ന് തുറന്നടിച്ച് അനിൽ ദേശ്മുഖിന്റെ മന്ത്രി കസേര തെറിപ്പിച്ചു; നിരവധി കേസുകൾ ആയതോടെ പിടികിട്ടാപുള്ളി; പരംബീർ സിങ് ഒടുവിൽ പൊലീസിനു മുന്നിൽ
മുംബൈ: പരംബീർ സിങ് .. ഒരിക്കൽ ഈ പേരു കേട്ടാൽ മുംബൈയിലെ പ്രമുഖർ പലരും നടുങ്ങുമായിരുന്നു. അത്രയ്ക്ക് വമ്പന്മാരെ വട്ടം ചുറ്റിച്ചിട്ടുണ്ട് കമ്മീഷണർ റാങ്കിലുള്ള ഈ ഉദ്യോഗസ്ഥൻ. സാക്ഷാൽ അർണാബ് ഗോസ്വാമിയെയും പൂട്ടിയ വ്യക്തിയാണ് ഈ ഐപിഎസുകാരൻ. എന്നാൽ മാളിക മുകളേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ എന്നു പറയും പോലെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പരംബീർ സിങ് നിലംപതിച്ചു. ദാവൂദ് ഇബ്രാഹിമിനൊപ്പം പിടികിട്ടാ പുള്ളിയായാണ് മുംബൈ പൊലീസ് അവരുടെ മുൻ കമ്മീഷണറെ പ്രഖ്യാപിച്ചത്. രാഷ്ട്രീയത്തിലെ പകപോക്കലായിരുന്നു ഇതിനെല്ലാം ഇടയാക്കിയത്.
ഒട്ടേറെ കേസുകളിൽ ആരോപണവിധേയനായതോടെ ഒളിവിലായിരുന്ന മുംബൈ പൊലീസ് മുൻ കമ്മിഷണർ പരംബീർ സിങ് ഇന്നലെ ക്രൈംബ്രാഞ്ചിനു മുന്നിൽ ഹാജരായി. ഭീഷണിപ്പെടുത്തി പണംതട്ടലുമായി ബന്ധപ്പെട്ട കേസുകളിലൊന്നിൽ ഇന്നലെ ഗോരേഗാവ് പൊലീസ് സ്റ്റേഷനിലെത്തിയ അദ്ദേഹത്തെ 7 മണിക്കൂറോളം ചോദ്യം ചെയ്തു.
മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിന്റെ രാജിയിലും പിന്നീട് അറസ്റ്റിലും കലാശിച്ച 100 കോടി രൂപയുടെ അഴിമതി ആരോപണം ഉന്നയിച്ച പരംബീർ സിങ്, തനിക്കെതിരെ മുംബൈ പൊലീസിൽ കൂടുതൽ പരാതികളെത്തിയതോടെയാണു മുങ്ങിയത്. അദ്ദേഹം രാജ്യം വിട്ടതായിഅഭ്യൂഹങ്ങളുണ്ടായിരുന്നു. മുംബൈ കോടതി പ്രഖ്യാപിത കുറ്റവാളിയായും പ്രഖ്യാപിച്ചു. എന്നാൽ, കഴിഞ്ഞ ദിവസം സുപ്രീം കോടതി അറസ്റ്റിൽ നിന്നു സംരക്ഷണം നൽകിയതിനു പിന്നാലെ ചണ്ഡിഗഡിൽ നിന്നാണ് മുംബൈയിലെത്തിയത്.
231 ദിവസമാണ് പരംബീർ സിങ് ഒളിവിൽ കഴിഞ്ഞത്. മഹാരാഷ്ട്രാ മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിനെതിരേ അഴിമതിയാരോപണം ഉന്നയിച്ച സിങ്ങിന്റെപേരിൽ പിന്നീട് സംസ്ഥാനത്ത് ആറോളം കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് അനിൽ ദേശ്മുഖിനെതിരേ ബോംബെ ഹൈക്കോടതിയിൽ പരാതി നൽകിയാണ് സിങ് ഒളിവിൽ പോകുന്നത്. ഇതിനിടെ, ദേശ്മുഖിനെതിരെ കൊടുത്ത കേസ് പിൻവലിക്കുകയാണെങ്കിൽ പരംബീർ സിങ്ങിനെതിരെയുള്ള നടപടികളും ഒഴിവാക്കാമെന്ന് സംസ്ഥാന ആക്ടിങ് ഡി.ജി.പി. സഞ്ജയ് പാണ്ഡെ അദ്ദേഹത്തോട് പറഞ്ഞിരുന്നതായി സിങ്ങിന്റെ അഭിഭാഷകൻ വെളിപ്പെടുത്തിയിരുന്നു.
മുകേഷ് അംബാനിയുടെ വസതിക്കു സമീപം സ്ഫോടകവസ്തുക്കൾ അടങ്ങിയ വാഹനം കണ്ടെത്തിയ കേസിൽ പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റിലായതോടെയാണ് മാർച്ച് 18 ന് പരംബീറിനെ കമ്മിഷണർ സ്ഥാനത്തു നിന്ന് ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് മാറ്റിയത്. പിന്നാലെ, അനിൽ േദശ്മുഖ് പൊലീസുകാരോട് ബാറുകളിൽ നിന്നു കൂറ്റൻ തുക പിരിച്ചുനൽകാൻ ആവശ്യപ്പെട്ടെന്ന ഗുരുതര ആരോപണം അദ്ദേഹം ഉന്നയിച്ചു. കേസ് സിബിഐ ഏറ്റെടുത്തതോടെ ദേശ്മുഖ് മന്ത്രിസ്ഥാനം രാജിവച്ചു.
അനധികൃത സ്വത്തുകേസ് ഉൾപ്പെടെ നാല് കേസുകൾ തനിക്കെതിരെ ഉയർന്നതോടെ ഒളിവിൽ പോയ പരംബീർ സിങ് പുതിയ പദവിയിൽ ഒരു ദിവസം പോലും ജോലി ചെയ്തിട്ടില്ല. കെട്ടിടനിർമ്മാതാവ് നൽകിയ ഭീഷണിപ്പെടുത്തി പണം തട്ടൽ കേസിൽ സിങ്ങിനെയും അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി റിയാസ് ഭാട്ടിയെയും മുംബൈ മജിസ്ട്രേട്ട് കോടതി പ്രഖ്യാപിത കുറ്റവാളികളായി പ്രഖ്യാപിച്ചിരുന്നു.
മറുനാടന് ഡെസ്ക്