ന്യൂഡൽഹി: നീതി ആയോഗിന്റെ പുതിയ സിഇഒ ആയി മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ പരമേശ്വരൻ അയ്യരെ നിയമിച്ചു. ഉത്തർപ്രദേശ് കേഡറിലെ ഉദ്യോഗസ്ഥനാണ്. നിലവിലെ നീതി ആയോഗ് സിഇഒ അമിതാഭ് കാന്തിന്റെ കാലാവധി ജൂൺ 30ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് പരമേശ്വരൻ അയ്യരുടെ നിയമനം. അടുത്ത രണ്ട് വർഷത്തേക്കാണ് അദ്ദേഹത്തിന്റെ നിയമനം.

കേന്ദ്ര സർക്കാർ നടപ്പാക്കിയ സ്വച്ഛ് ഭാരത് മിഷന്റെ ശിൽപികളിലൊരാളാണ് ഇദ്ദേഹം. ഇന്റലിജൻസ് ബ്യൂറോ മേധാവിയായി തപൻ കുമാർ ദേക്കയെ നിയമിക്കാനും കാബിനറ്റിന്റെ അപ്പോയ്ന്റ്‌മെന്റ് കമ്മിറ്റി അനുമതി നൽകി. ഹിമാചൽ പ്രദേശ് കേഡറിലെ 1988 ബാച്ച് ഉദ്യോഗസ്ഥനാണ് തപൻ കുമാർ.

രണ്ടു വർഷത്തെ നിയമന കാലയളവിൽ ജൂൺ 30ന് ഇദ്ദേഹം ചുമതലയേൽക്കും. ഐബി തലപ്പത്തെത്തുന്ന തപൻ കുമാർ ദേക്ക നിലവിൽ ഐബിയുടെ തന്നെ ഓപ്പറേഷൻസ് ഡെസ്‌കിന്റെ തലവനാണ്.

ഇന്റലിജൻസ് ഏജൻസിയായ റിസർച്ച് ആൻഡ് അനാലിസിസ് വിങ് (റോ) സെക്രട്ടറി സാമന്ത് കുമാർ ഗോയലിന്റെ കാലാവധി ഒരു വർഷം കൂടി ദീർഘിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതോടെ, പഞ്ചാബ് കേഡറിലെ 1984 ബാച്ച് ഉദ്യോഗസ്ഥനായ ഗോയലിന്റെ കാലാവധി 2023 ജൂൺ 30ന് അവസാനിക്കും.