തിരുവനന്തപുരം: പാറശ്ശാല ബി പൊന്നമ്മാൾ 96 വയസ്സിൽ വിടവാങ്ങുമ്പോൾ സംഗീതാസ്വാദകർക്ക് കർണാടക സംഗീതജ്ഞയെ മാത്രമല്ല വലിയൊരുഗുരുവിനെ കൂടിയാണ് നഷ്ടമായത്. പഠിച്ചത് പകർന്ന് നൽകുന്നതിൽ സംഗീതജീവിതത്തിലുടനീളം അവർ ശ്രദ്ധ പതിപ്പിച്ചു.

തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളജിലെ ആദ്യ വിദ്യാർത്ഥിനിയാണ് പൊന്നമ്മാൾ. അവിടത്തെ ആദ്യ പ്രിൻസിപ്പലുമായ അവർ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നവരാത്രി സംഗീത മണ്ഡപത്തിൽ പാടിയ ആദ്യ വനിത എന്ന ഖ്യാതിയും നേടി. 1942ൽ മൂന്നുകൊല്ലത്തെ ഗായിക കോഴ്സ് കഴിഞ്ഞ് ഇറങ്ങി. സംഗീതാഭ്യസനത്തിനിടയ്ക്ക് പതിനെട്ടാം വയസ്സിൽ കോട്ടൺ ഹിൽ സ്‌കൂളിൽ അദ്ധ്യാപികയായി. 1952ൽ സ്വാതി തിരുനാൾ മ്യൂസിക്ക് അക്കാദമിയിൽ അദ്ധ്യാപികയായി ചേർന്നു. 1970ൽ തൃപ്പൂണിത്തറ ആർഎൽവി മ്യൂസിക്ക് ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈൻ ആർട്ട്സിലെ പ്രിൻസിപ്പൾ ആയി. 1980ൽ അവിടെ നിന്നും ജോലിയിൽ നിന്നും വിരമിച്ചു.

2017ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. സ്വാതി സംഗീത പുരസ്‌കാരം, ചെമ്പൈ പുരസ്‌കാരം, സംഗീത നാടക അക്കാദമി പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്.



ജീവിത വഴിയിലൂടെ

പാറശാല ഗ്രാമത്തിൽ ഹെഡ്‌മാസ്റ്ററായിരുന്ന മഹാദേവ അയ്യരുടെയും ഭഗവതി അമ്മാളുടെയും മകളായി 1924ൽ ജനിച്ച പൊന്നമ്മാളിനെ രാജ്യം നാല് വർഷം മുമ്പ് പത്മശ്രീ നൽകി ആദരിച്ചിരുന്നു.അച്ഛന്റെ സ്ഥലംമാറ്റത്തെ തുടർന്ന് ആദ്യം അടൂരിലും പിന്നീട് പാറശാലയിലുമായിരുന്നു പ്രാരംഭപഠനം. ചിത്തിരതിരുനാൾ രാജാവിന്റെ പിറന്നാളിനോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന സംഗീതമത്സരത്തിൽ പതിനഞ്ചാം വയസിൽ ഒന്നാംസമ്മാനം നേടി. ശെമ്മാങ്കുടി ശ്രീനിവാസ അയ്യരായിരുന്നു മത്സരത്തിന്റെ വിധികർത്താവ്. തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത അക്കാദമിയിലെ ആദ്യബാച്ചിൽ ഗാനപ്രവീണയും പിന്നീട് ഗാനഭൂഷണും അവർ ഒന്നാംറാങ്കോടെ പാസായി.

പ്രസിദ്ധ സംഗീതജ്ഞൻ പാപനാശം ശിവനിൽനിന്ന് സംഗീതാഭ്യാസം നേടി. പതിനെട്ടാം വയസിൽ തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് സ്‌കൂളിൽ സംഗീതാദ്ധ്യാപികയായ പൊന്നമ്മാൾ തുടർന്ന് സ്വാതിതിരുനാൾ സംഗീത അക്കാദമിയിൽ ലക്ചററായും പ്രൊഫസറായും സേവനമനുഷ്ഠിച്ചു.തൃപ്പൂണിത്തുറ ആർ എൽ വി. സംഗീത കോളേജിന്റെ പ്രിൻസിപ്പലായാണ് ഔദ്യോഗിക ജീവിതത്തിൽനിന്ന് വിരമിച്ചത്.

നെയ്യാറ്റിൻകര വാസുദേവൻ, പാലാ സി കെ രാമചന്ദ്രൻ, ഡോ ഓമനക്കുട്ടി, എം ജി രാധാകൃഷ്ണൻ, കുമാരകേരള വർമ്മ തുടങ്ങി പുതുതലമുറയിലെ പൂവരണി കെ വി പി നമ്പൂതിരി വരെ സംഗീതത്തിൽ പൊന്നമ്മാളുടെ ശിഷ്യത്വം നേടിയവർ നിരവധിയാണ്. കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തിൽ ആദ്യമായി പാടിയ വനിത എന്ന ഖ്യാതി പൊന്നമ്മാൾക്കാണ്.തമിഴ്‌നാട്ടിലും കേരളത്തിലുമായി പൊന്നമ്മാളുടെ കച്ചേരികൾക്ക് നിറഞ്ഞ ആസ്വാദകർ എപ്പോഴുമുണ്ടായിരുന്നു.

സ്വാതി തിരുനാളിന്റെയും ത്യാഗരാജ ഭാഗവതരുടെയും കൃതികളും പക്കാലയും പ്രസിദ്ധ തമിഴ് കൃതികളും ഇടംചേരുന്നതാണ് അവരുടെ കച്ചേരികൾ. മാവേലിക്കര വേലുക്കുട്ടിനായർ, മാവേലിക്കര കൃഷ്ണൻകുട്ടിനായർ, ചാലക്കുടി നാരായണസ്വാമി, ലാൽഗുഡി വിജയലക്ഷ്മി, നെല്ലൈ മണി, ഉടുപ്പി ശ്രീധർ തുടങ്ങി പുതുതലമുറയിലെ രാജേഷ്, നാഞ്ചിൽ അരുൾ വരെയുള്ളവർ കച്ചേരികൾക്ക് പക്കമേളം വായിച്ചിട്ടുണ്ട്.

2009ലെ കേരള സർക്കാരിന്റെ സ്വാതി പുരസ്‌കാരം, കേന്ദ്ര സംഗീത നാടക അക്കാദമിയുടെയും കേരള സംഗീത നാടക അക്കാദമിയുടെയും പുരസ്‌കാരങ്ങൾ, കേന്ദ്ര സംഗീതനാടക അക്കാദമിയുടെ ഫെല്ലോഷിപ്പ്, ചെമ്പൈ ഗുരുവായൂരപ്പൻ പുരസ്‌കാരം, മദ്രാസ് മ്യൂസിക്ക് അക്കാദമി പുരസ്‌കാരം, ചെന്നൈ ശ്രീകൃഷ്ണഗാനസഭയുടെ പുരസ്‌കാരം തുടങ്ങി നിരവധി അവാർഡുകൾ പൊന്നമാളിന് ലഭിച്ചിട്ടുണ്ട്. പരേതനായ ആർ ദൈവനായകം അയ്യരാണ് ഭർത്താവ്. സുബ്രഹ്മണ്യം, മഹാദേവൻ എന്നിവർ മക്കളാണ്.