കണ്ണൂർ: പറശ്ശിനിക്കടവ് പീഡനത്തിൽ ഇടനിലക്കാരിയായി യുവതികളൊന്നും ഇല്ലെന്ന് പൊലീസ്. അഞ്ജനയെന്നത് വ്യാജ പ്രൊഫൈലാണെന്നും പൊലീസ് പറയുന്നു. അതിനിടെ പത്താംക്ലാസ് വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ കൂടുതൽപേർ കസ്റ്റഡിയിൽ. പെൺകുട്ടിയുടെ അച്ഛൻ, ഡിവൈഎഫ്ഐ. പ്രവർത്തകൻ എന്നിവരുൾപ്പെടെ എട്ടുപേരെയാണ് തളിപ്പറമ്പ് ഡി.വൈ.എസ്‌പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ കൂടുതൽ പേർ നിരീക്ഷണത്തിലും കസ്റ്റഡിയിലും ഉണ്ട്.

തളിപറമ്പിലെ പതിനാറുകാരിയെ വീഴ്‌ത്താൻ അറസ്റ്റിലായ മൃദുൽ ഉപയോഗിച്ചത് അഞ്ജന എന്ന ഫെയ്സ് ബുക്ക് പ്രൊഫൈലായിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തളിപറമ്പ് ഡി.വൈ.എസ്‌പി കെ വേണുഗോപാൽ നടത്തിയ അന്വേഷണത്തിലാണ് ഫെയ്സ് ബുക്ക് പ്രൊഫൈൽ കണ്ടെടുത്തത്. കസ്റ്റഡിയിലെടുത്ത മൃദുലിന്റെ മൊബൈൽ ഫോൺ പരിശോദിച്ചപ്പോഴാണ് അതിലുണ്ടായിരുന്ന ഒരു ഫെയ്സ് ബുക്ക് അക്കൗണ്ട് ശ്രദ്ധയിൽ പെട്ടത്. ഇത് പരിശോദിച്ചപ്പോൾ അഞ്ജന എന്ന പേരിലുള്ള പ്രൊഫൈൽ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ മൃദുലിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് അഞ്ജന എന്ന പേരിൽ പെൺകുട്ടിയോട് സൗഹൃദം സ്ഥാപിച്ചത് മൃദുലാണ് എന്ന് കണ്ടെത്തുന്നത്.

ഈ ഫെയ്സ് ബുക്ക് അക്കൗണ്ട് വഴി പെൺകുട്ടിയോട് സൗഹൃദം സ്ഥാപിച്ച ശേഷം മൃദുലിന്റെ യഥാർത്ഥ അക്കൗണ്ട് മെസ്സെഞ്ചർ വഴി അയച്ചു കൊടുക്കുകയും ഇത് തന്റെ സഹോദരനാണ് എന്ന് പരിചയപ്പെടുത്തുകയും ചെയ്തു. ശേഷം മൃദുൽ തന്റെ യഥാർത്ഥ പ്രൊഫൈൽ വഴി പെൺകുട്ടിയോട് സൗഹൃദം സ്ഥാപിച്ചു. ഇതിനിടയിൽ വ്യാജ പ്രൊഫൈൽ ആയ അഞ്ജന എന്ന അക്കൗണ്ട് വഴി മൃദുൽ നല്ല സ്വഭാവക്കാരനാണെന്നും മറ്റുമൊക്കെ പുകഴ്‌ത്തി പറയുകയും ചെയ്യുന്നുണ്ടായിരുന്നു. പിന്നീട് മൃദുലിന് പെൺകുട്ടിയോട് ഇഷ്ടമാണ് എന്ന് അറിയിച്ചു. എന്നിട്ടാണ് തന്റെ സഹോദരന് പെൺകുട്ടിയെ കാണാൻ താൽപര്യമുണ്ടെന്നും പറശ്ശിനികടവിൽ എത്താൻ നിർദ്ദേശിക്കുകയുമായിരുന്നു. ഈ നിർദ്ദേശം നൽകിയത് മൃദുൽ തന്നെയാണ് എന്ന് പൊലീസ് കണ്ടെത്തുകയും ചെയ്തു. ഇതിന് ശേഷമായിരുന്നു പീഡനം.

കേസിൽ മാട്ടൂൽ ജസീന്ത സ്വദേശി കെ.വി.സന്ദീപ്(31), കുറുമാത്തൂർ ചാണ്ടിക്കരി സ്വദേശിയും നടുവിലിൽ താമസക്കാരനുമായ ഇ.പി.ഷംസുദ്ദീൻ(32), നടുവിൽ സ്വദേശി കിഴക്കെപ്പറമ്പിൽ അയൂബ്(32), ശ്രീകണ്ഠപുരം പരിപ്പായി സ്വദേശി വി സി.ഷബീർ(36), പറശ്ശിനിക്കടവിലെ പറശ്ശിനി പാർക്ക് മാനേജർ പവിത്രൻ(38)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആദ്യ നാലുപേരെ പെൺകുട്ടിയെ ബലാൽസംഗം ചെയ്ത കേസിലും പവിത്രനെ ലോഡ്ജിൽ സൗകര്യം ഒരുക്കിയതിനുമാണ് അറസ്റ്റു ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ പീഡിപ്പിച്ച സംഭവത്തിൽ 15 കേസുകളാണു രജിസ്റ്റർ ചെയ്തിരിക്കുന്നത്. പെൺകുട്ടിയുടെ പിതാവ് അടക്കം 19 പേർ പ്രതികളാണ്. തളിപറമ്പ് ഡി.വൈ.എസ്‌പി കെ വേണുഗോപാലിന്റെ ഇടപെടലാണ് അറസ്റ്റുകൾക്ക് വഴിയൊരുക്കിയത്.

ഇതിൽ മൂന്നെണ്ണം കൂട്ട ബലാൽസംഗത്തിനും ഒമ്പതെണ്ണം ബലാൽസംഗത്തിനും മൂന്നെണ്ണം ലൈംഗിക പീഡനത്തിനുമാണ്. തളിപ്പറമ്പ് പൊലീസ് രജിസ്റ്റർ ചെയ്ത കൂട്ട ബലാൽസംഗക്കേസിലാണ് ഇപ്പോഴത്തെ അറസ്റ്റ്. ബാക്കിയുള്ള കേസിൽ പ്രതികൾ പൊലീസ് നിരീക്ഷണത്തിലാണ്. ഡിവൈഎഫ്‌ഐ നേതാവ് അടക്കമുള്ളവർ കേസിൽ പ്രതികളാണ്. അതുകൊണ്ട് തന്നെ വലിയ സമ്മർദ്ദം പൊലീസിലുണ്ടായിരുന്നു. ഇതെല്ലാം മറികടന്നാണ് പൊലീസ് പ്രതികളെ പിടികൂടിയത്. ഇതിനിടെ അഞ്ജനയെന്ന സ്ത്രീയും ഉൾപ്പെട്ടതായി വാദമെത്തി. ഇതാണ് ശാസ്ത്രീയമായി പൊലീസ് പൊളിച്ചത്. പെൺകുട്ടിയെ അച്ഛൻ പീഡിപ്പിച്ചത് കണ്ടെത്തിയും പൊലീസിന്റെ അന്വേഷണത്തിന്റെ ഫലമായിരുന്നു. ഇതോടെയാണ് ഈ പെൺകുട്ടിയുടെ വഴി തെറ്റലിന് കാരണം പൊലീസ് തിരിച്ചറിഞ്ഞത്.

മാതാപിതാക്കളും പെൺകുട്ടിയും സഹോദരനും അടങ്ങുന്ന കുടുംബത്തിൽ പിതാവാണ് പതിമൂന്നാമത്തെ വയസ്സിൽ കുട്ടിയെ ലൈംഗികപീഡനത്തിന് ഇരയാക്കിയത്. വാടക വീട്ടിലെ കുളിമുറിയിൽ ഇയാൾ ദ്വാരമുണ്ടാക്കി മകളുടെ നഗ്നത ആസ്വദിച്ചതായും വിവരമുണ്ട്. മകളിൽ സംശയം ജനിച്ചതോടെ അമ്മ മുറിയിലിട്ട് പൂട്ടാറുണ്ടായിരുന്നു. എന്നാൽ പിതാവ് മുറി തുറന്നും കുട്ടിയെ ഇംഗിതത്തിന് വിധേയമാക്കിയിരുന്നു. പതിനാറ് തവണ പിതാവ് പീഡിപ്പിച്ചുവെന്നാണ് പൊലീസിന് നൽകിയ മൊഴി. ഇതിനിടെ പെൺകുട്ടി കാഞ്ഞങ്ങാട്ടെ ഒരു യുവാവിനൊപ്പം ഒളിച്ചോടിയിരുന്നു. ചില സംശയത്തെ തുടർന്ന് രണ്ട് വിദ്യാലയങ്ങളിൽ നിന്ന് പെൺകുട്ടിയെ ഒഴിവാക്കി. പിതാവിന്റെ ഭാഗത്തു നിന്നുണ്ടായ ലൈംഗികാതിക്രമം പെൺകുട്ടിയുടെ മാനസിക നില തന്നെ മാറ്റി മറിച്ചു. ഇതേ തുടർന്നാണ് 20 ലേറെ പേർക്ക് പെൺകുട്ടിയെ വശീകരിക്കാൻ കഴിഞ്ഞത്.

പറശ്ശിനിക്കടവിലെ ചില ലോഡ്ജുകളിൽ ജീവനക്കാരുടെ ഒത്താശയോടെ സദാചാര പ്രവർത്തികൾ നടന്നുവരുന്നതായി നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു. സ്‌കൂൾ യൂണിഫോമിൽ രണ്ട് തവണ പെൺകുട്ടി എത്തിയപ്പോഴും ലോഡ്ജിൽ മുറി നൽകി. പീഡനത്തിനിരയായ പെൺകുട്ടിയേയും കൂട്ടി യുവാക്കൾ രണ്ട് തവണ ഇവിടെ പറശ്ശിനി പാർക്ക് എന്ന ലോഡ്ജിൽ വന്നിരുന്നു. സ്‌ക്കൂൾ യൂണിഫോമിൽ യുവാക്കൾക്കൊപ്പം ലോഡ്ജിൽ എത്തിയിട്ടും മുറി അനുവദിച്ചതും പൊലീസിനെ വിവരം അറിയിക്കാത്തതും ഗുരുതരമായ തെറ്റാണ്. അതിനാൽ ലോഡ്ജ് ഉടമക്കെതിരേയും കേസെടുത്തു. നവംബർ 13ന് പറശ്ശിനിക്കടവിൽവച്ച് കാണാമെന്ന് മൃദുൽ പറഞ്ഞതനുസരിച്ച് പെൺകുട്ടി അവിടെയെത്തി. ഇതിനിടെ കാറിലെത്തിയ പ്രതികൾ പെൺകുട്ടിയെ വാഹനത്തിൽ കയറ്റി സ്വകാര്യ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു.

യാത്രയ്ക്കിടെ യൂണിഫോം മാറ്റി മറ്റൊരു വസ്ത്രം ധരിപ്പിച്ചാണ് പറശ്ശിനിക്കടവിലെ ലോഡ്ജിലെത്തിച്ചത്. ബലാത്സംഗത്തിനിടെ പെൺകുട്ടിയുടെ നഗ്‌നചിത്രങ്ങളും പകർത്തി. പിന്നീട് ഈ നഗ്‌നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിക്കുകയും ചെയ്തു. പെൺകുട്ടിയും മാതാവും വനിതാ സെല്ലിലെത്തി പരാതി നൽകിയതോടെയാണ് പറശ്ശിനിക്കടവിലെ കൂട്ടബലാത്സംഗത്തെക്കുറിച്ച് പുറം ലോകമറിഞ്ഞത്. ഇതിനിടെ വിശദമായി കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോൾ പിതാവടക്കമുള്ളവർ നേരത്തെ പീഡനത്തിനിരയാക്കിയതും പെൺകുട്ടി വെളിപ്പെടുത്തി. തുടർന്ന് പെൺകുട്ടിയുടെ പിതാവിനെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.