കണ്ണൂർ': പറശ്ശിനിക്കടവ് ലോഡ്ജിൽ ഹൈസ്‌ക്കൂൾ വിദ്യാർത്ഥിനി കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തിൽ കേസ് ഒതുക്കാൻ തീവ്ര ശ്രമം. വിദ്യാർത്ഥിനി പഠിച്ചിരുന്ന ക്ലാസിലെ ഹാജർ ബുക്കിന്റെ പേജുകൾ കീറിമാറ്റിയ സംഭവത്തിൽ സ്‌ക്കൂൾ ക്ലാർക്കിന് പുറമേ ചില അദ്ധ്യാപകർക്കും പങ്കുണ്ടെന്ന സംശയവും ശക്തമാവുന്നു. ഈ സംഭവത്തോടനുബന്ധിച്ച് സ്‌ക്കൂളിലെ അദ്ധ്യാപകരടക്കം മൂന്ന് പേരെ വളപട്ടണം പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത ഓഫീസ് ക്ലാർക്കിനെ വീണ്ടും ചോദ്യം ചെയ്തെങ്കിലും പരസ്പര വിരുദ്ധമായ വിവരമാണ് അയാളിൽ നിന്നും പൊലീസിന് ലഭിച്ചതെന്നാണ് സൂചന പെൺകുട്ടി പഠിച്ച ക്ലാസിലെ ഹാജർ ബുക്കിലെ മൂന്ന് പേജുകൾ കീറിമാറ്റിയെന്ന പ്രധാന അദ്ധ്യാപികയുടെ പരാതിയെ തുടർന്നാണ് ക്ലാർക്കിനെ വളപട്ടണം പൊലീസ് കസ്റ്റഡിയിലെടുത്തത്.

സംഭവത്തിന് പിന്നിൽ ബോധപൂർവ്വമായ പങ്ക് സ്‌ക്കൂളിലെ തന്നെ മറ്റാർക്കോ പങ്കുണ്ടെന്ന സൂചനയും പുറത്ത് വരുന്നുണ്ട്. പറശ്ശിനിക്കടവിൽ ഫെയ്സ് ബുക്ക് കെണിയിൽ പെടുത്തി ഒട്ടേറെ പേർ ചേർന്ന് പീഡിപ്പിച്ച പെൺകുട്ടി കണ്ണൂർ നഗരത്തിലെ ഒരു സ്‌ക്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. പീഡനത്തിനിരയായ ദിവസങ്ങളിൽ പെൺകുട്ടി സ്‌ക്കൂളിൽ ഹാജരായില്ലെന്ന് തെളിയിക്കുന്ന ഹാജർ രേഖകൾക്കു വേണ്ടി വളപട്ടണം പൊലീസ് സ്‌ക്കൂളിലെത്തിയിരുന്നു. രേഖകളുടെ പകർപ്പ് പൊലീസിന് നൽകാൻ വേണ്ടി ക്ലാർക്കിന് കൈമാറിയെന്നും എന്നാൽ ക്ലാർക്ക് ഫോട്ടോ കോപ്പിയെടുക്കാതെ തിരിച്ചെത്തിയപ്പോൾ ഹാജർ പട്ടികയിലെ മൂന്ന് പേജുകൾ മുറിച്ച് മാറ്റിയതായും പ്രധാനാദ്ധ്യാപിക കണ്ണൂർ ടൗൺ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

പറശ്ശിനിക്കടവിൽ പീഡനത്തിനിരയായ വിദ്യാർത്ഥിനിയുടെ സ്‌ക്കൂൾ ഹാജർ രേഖകൾ നശിപ്പിച്ചതിന് പിന്നിൽ ഇടതുപക്ഷ സംഘടാ അംഗമായ സ്‌ക്കൂൾ ജീവനക്കാരനാണെന്നും ഈ സംഭവത്തിൽ കേസ് അട്ടിമറിക്കാൻ സിപിഎം. ഇടപെടുന്നതിന്റെ തെളിവാണിതെന്നും ആരോപിച്ച് യൂത്ത് കോൺഗ്രസ്സ് ലോകസഭാ മണ്ഡലം കമ്മിറ്റി രംഗത്ത് വന്നിട്ടുണ്ട്. പ്രതികളായ ഡി.വൈ. എഫ്.ഐ. നേതാക്കളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി അന്വേഷണ ഉദ്യോഗസ്ഥരുടെ മേൽ സമ്മർദ്ദമുണ്ട്. സംഭവം നടന്ന് ആഴ്ചകൾ കഴിഞ്ഞിട്ടും അന്വേഷണം ഇഴഞ്ഞ് നീങ്ങുകയാണ്. സ്ത്രീ സുരക്ഷയ്ക്കായി നവോത്ഥാന മതിൽ സൃഷ്ടിക്കാൻ സിപിഎം നെട്ടോട്ടമോടുമ്പോഴാണ് ഈ കള്ളക്കളികൾ.

ഹാജർ പട്ടിക കസ്റ്റഡിയിലെടുക്കാതെ സ്‌ക്കൂളിലെ ക്ലാർക്കിന് പകർപ്പെടുക്കാൻ അവസരം നൽകിയതിലൂടെ തെളിവ് നശിപ്പിക്കാൻ പൊലീസ് കൂട്ടു നിൽക്കുന്നതായി യൂത്ത് കോൺഗ്രസ്സ് ആരോപിക്കുന്നു. പറശ്ശിനി പീഡന കേസിൽ ജൂഡീഷ്യൽ അന്വേഷണം നടത്തണമെന്നും യൂത്ത് കോൺഗ്രസ്സ് ആവശ്യപ്പെട്ടു. കണ്ണൂർ നഗരത്തിലെ ഒരു സ്‌ക്കൂളിലെ വിദ്യാർത്ഥിനിയാണ് പീഡനത്തിനിരയായ പെൺകുട്ടി. ഈ ദിവസങ്ങളിൽ വിദ്യാർത്ഥിനി സ്‌ക്കൂളിൽ ഹാജരായിരുന്നില്ലെന്ന് തെളിയിക്കുന്ന രേഖകൾ പൊലീസ് അന്വേഷണത്തിലും പ്രതികൾക്ക് ശിക്ഷ വാങ്ങി കൊടുക്കുന്നതിലും നിർണ്ണായക തെളിവാണ്. പീഡന കേസ് അട്ടിമറിക്കാൻ പ്രതികളുമായി ബന്ധപ്പെട്ടവർ വൻ ഗൂഢാലോചന നടത്തുന്നതിന്റെ തെളിവായാണ് പൊലീസ് ഈ സംഭവത്തെ കാണുന്നത്.

ബലാത്സംഗ കേസിൽ പത്തൊമ്പത് പേരാണ് പ്രതികൾ. ഇവർക്കെതിരെ 15 കേസുകളാണ് ഉള്ളത്. പഴയങ്ങാടി - മാട്ടൂൽ ജസീന്ത സ്വദേശി കെ.വി. സന്ദീപ്, കുറുമാത്തൂർ സ്വദേശി ഇ.പി. ഷംസൂദ്ദീൻ, നടുവിൽ സ്വദേശി അയൂബ്, പരിപ്പായിലെ വി സി. ഷബീർ, പറശ്ശിനി പാർക്ക് മാനേജർ പവിത്രൻ എന്നിവരാണ് ആദ്യം അറസ്റ്ചെയ്യപ്പെട്ടത്. ലോഡ്ജിൽ വെച്ച് പവിത്രൻ ഒഴികെയുള്ളവർ പെൺകുട്ടിയെ കൂട്ട ബലാത്സംഗം നടത്തിയെന്നാണ് കേസ്. പവിത്രൻ ലോഡ്ജിൽ സൗകര്യമൊരുക്കി കൊടുത്ത കേസിലും. തളിപ്പറമ്പ് വടക്കാഞ്ചേരി സ്വദേശി വൈശാഖ്, തളിയിലെ നിഖിൽ, ആന്തൂർ സ്വദേശികളായ സലിം, മിഥുൻ, മൃതുൽ, മാട്ടൂലിലെ ജിതിൻ, തൃശ്ശൂർ സ്വദേശി മജ്ലിസ് മജ്നു, പെൺകുട്ടിയുടെ പിതാവ് എന്നിവരും കേസിൽ പ്രതിളാണ്.

വിവിധ രാഷ്ട്രീയ പാർട്ടികളുമായി ബന്ധമുള്ളവരാണ് കേസിലെ പ്രതികളിലേറേയും പാർട്ടി പലതവണ താക്കീത് നൽകിയവരും പ്രതിപ്പട്ടികയിലുണ്ട്. ഇവരെല്ലാം പെൺകുട്ടിയുമായി പരിചയപ്പെട്ടത് സോഷ്യൽ മീഡിയ വഴിയാണ്. ശ്രീകണ്ഠാപൂരത്തെ ഒരു ജനപ്രതിനിധിയും കേസിൽ പെട്ടിട്ടുണ്ട്. ഇയാൾ പെൺകുട്ടിക്ക് ആഡംബര മൊബൈൽ ഫോൺ സമ്മാനിക്കാമെന്നും കൂടെവരാൻ ക്ഷണിക്കുകയും ചെയ്തുവെന്ന് തെളിഞ്ഞിട്ടുണ്ട് പറശ്ശിനിക്കടവ് ലോഡ്ജിലെത്തിയ പെൺകുട്ടിയ വിവസ്ത്രയാക്കിയ ശേഷം ദൃശ്യങ്ങൾ പകർത്തിയത് കെ.വി. സന്ദീപാണ്. സന്ദീപിന്റെ പ്രാദേശിക തലത്തിലുള്ള സ്വാധീനം ഉപയോഗിച്ചാണ് പിന്നീടുള്ള ഇടപാടുകളെല്ലാം.

പെൺകുട്ടിയുടെ മൊബൈൽ ഫോണിലെ വിശദാംശങ്ങൾ പൂർണ്ണമായും പുറത്ത് വരുന്നതോടെ കൂടുതൽ വിവരങ്ങൾ വെളിപ്പെടമെന്നാണ് സൂചന. പതിന്ഞ്ച് പേർ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയിട്ടുണ്ടെന്നാണ് മൊഴി.