സംവിധാന സഹായിയായി സിനിമാ രംഗത്തെത്തി പിന്നീട് നടനായി തിളങ്ങിയ സൗബിൻ താഹിർ ആദ്യമായി കഥയെഴുതി സംവിധാനം ചെയ്യുന്ന പറവയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.ഈദ് ദിനത്തിലാണു ദുൽഖർ സൽമാൻ പോസ്റ്റർ പുറത്തുവിട്ടത്. എല്ലാവർക്കും ഈദ് ആശംസകളെന്നും ഈ വർഷത്തെ മികച്ച ചിത്രമാകും ഇതെന്നും ദുൽഖർ പറഞ്ഞു.

ബാംഗ്ലൂർ ഡേയ്‌സ്, പ്രേമം എന്നീ വിജയചിത്രങ്ങൾക്ക് ശേഷം അൻവർ റഷീദ് എന്റർടെയ്ന്മെന്റ് ദി മൂവീ ക്ലബ്ബിന്റെ സഹകരണത്തോടെ നിർമ്മിക്കുന്ന പറവയിൽ പുതുമുഖങ്ങൾക്കാണ് പ്രാധാന്യം നൽകുന്നത്. ക്രിസ്മസിന് തീയേറ്ററുകളിൽ എത്തുന്ന ചിത്രത്തിൽ ദുൽഖർ സൽമാൻ അതിഥി വേഷത്തിലെത്തുന്നു. ഷെയ്ൻ നിഗം, സിദ്ദിഖ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങൾ.

അൻവർ റഷീദ്, ഷൈജു ഉണ്ണി എന്നിവർ ചേർന്ന് ഒരുക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം സൗബിൻ, മുനീർ അലി എന്നിവർ ചേർന്ന് എഴുതുന്നു.