- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിത്തുവിനെ മുൻപും രണ്ടുവട്ടം കാണാതായി; ഓടി പോയ പെൺകുട്ടിക്കായി തെരച്ചിൽ തുടരുന്നു; പറവൂരിൽ പെൺകുട്ടിയുടെ മരണകാരണം പൊള്ളലേറ്റെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; സഹോദരി പോയത് വിസ്മയയുടെ ഫോണുമായി
പറവൂർ: പറവൂരിൽ പെൺകുട്ടിയുടെ മരണ കാരണം പൊള്ളലേറ്റന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. മരിച്ച പെൺകുട്ടിയുടെ ശരീരത്തിൽ നിന്ന് മുറിവുകൾ കണ്ടെത്താൻ കഴിഞ്ഞില്ല. ശരീരം പൂർണമായും കത്തിക്കരിഞ്ഞതിലാണ് മുറിവുകൾ കണ്ടെത്താൻ കഴിയാതിരുന്നതെന്ന് റൂറൽ എസ് പി കെ കാർത്തിക് പറഞ്ഞു.
കാണാതായ പെൺകുട്ടി ജിത്തുവിനെ കണ്ടെത്തിയാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ. ജിത്തുവിനായി പൊലീസ് തെരച്ചിൽ തുടരുകയാണ്. ജിത്തുവിനെ മുൻപ് രണ്ടുതവണ കാണാതായിട്ടുണ്ടെന്ന് റൂറൽ എസ് പി പറഞ്ഞു. സഖി കേന്ദ്രത്തിൽ പാർപിച്ച കുട്ടിയെ മാതാപിതാക്കളെ കണ്ടുപിടിച്ച് ഏൽപിക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പെരുവാരം പനോരമ നഗർ അറയ്ക്കപ്പറമ്പിൽ (പ്രസാദം) ശിവാനന്ദന്റെ വീട്ടിൽ ചൊവ്വാഴ്ച വൈകീട്ട് മൂന്നിനായിരുന്നു സംഭവം. മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞ നിലയിലായതിനാൽ മരിച്ചതാരെന്നു വ്യക്തമായിരുന്നില്ല. ശിവാനന്ദന്റെ പെൺമക്കളായ വിസ്മയ (25), ജിത്തു (22) എന്നിവരായിരുന്നു സംഭവ സമയം വീട്ടിലുണ്ടായിരുന്നത്. ഇതിൽ വിസ്മയ ആണ് മരിച്ചതെന്നു കരുതുന്നു. മൃതദേഹത്തിലെ മാലയിൽനിന്നു ലഭിച്ച ലോക്കറ്റ് അടിസ്ഥാനമാക്കി മാതാപിതാക്കളാണ് മരിച്ചതു വിസ്മയ ആണെന്ന് പറയുന്നത്.സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന നടത്തും.
ജിത്തുവാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ജിത്തുവിന്റെ പ്രണയത്തെ എതിർത്തതാണ് പ്രകോപനം എന്നും സൂചനയുണ്ട്. സംഭവശേഷം ജിത്തു ഓടിപ്പോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.വിസ്മയയുടെ മൊബൈൽ ഫോണും എടുത്തിട്ടാണ് ജിത്തു കടന്നുകളഞ്ഞത്. ഈ മൊബൈൽ ഫോൺ ലൊക്കേഷന്റെ അടിസ്ഥാനത്തിലാണ് തിരച്ചിൽ നടക്കുന്നത്.
ശിവാനന്ദനും ഭാര്യ ജിജിയും ഡോക്ടറെ കാണാൻ പുറത്തുപോയ സമയത്താണു സംഭവം. രണ്ടാമത്തെ മകൾ ജിത്തു രണ്ടു മാസമായി മാനസികാസ്വാസ്ഥ്യത്തിനു ചികിത്സയിലാണ്. ഉച്ചയ്ക്ക് 12-ഓടെ മൂത്തമകൾ വിസ്മയ അമ്മയെ വിളിച്ച് എപ്പോൾ വരുമെന്നു തിരക്കിയിരുന്നു. രണ്ടു മണിക്കു വീണ്ടും വിളിച്ചു. മൂന്ന് മണിയോടെയാണ് വീടിനകത്തുനിന്നു പുക ഉയരുന്നത് അയൽവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്.
പൊലീസും അഗ്നിരക്ഷാ സേനയും എത്തിയപ്പോൾ വീടിന്റെ ഗേറ്റ് അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. മുൻവശത്തെ വാതിൽ തുറന്നുകിടന്നിരുന്നു. കത്തിനശിച്ച രണ്ട് മുറികളിൽ ഒന്നിലാണു മൃതദേഹം കിടന്നിരുന്നത്. വാതിലിന്റെ കട്ടിളയിൽ രക്തപ്പാടുകളുണ്ടായിരുന്നു. വീടിനുള്ളിൽ മണ്ണെണ്ണയുടെ ഗന്ധവും അനുഭവപ്പെട്ടു.
സംഭവം നടന്ന വീട്ടിൽ സിസിടിവി സ്ഥാപിച്ചിട്ടുണ്ട്. തീപിടിത്തത്തിൽ ഇതിന്റെ കണക്ഷൻ വിച്ഛേദിക്കപ്പെട്ടെങ്കിലും തീ പടരുന്നതിനു മുമ്പുള്ള ദൃശ്യങ്ങൾ ഹാർഡ് ഡിസ്ക്കിൽ ഉണ്ടാകുമെന്നാണ് പൊലീസ് കരുതുന്നത്. തീപിടിത്തമുണ്ടായി ഏറെ താമസിയാതെ യുവതി രക്ഷപ്പെട്ടു സുരക്ഷിത സ്ഥാനത്ത് എത്തിയെങ്കിൽ ഇതിന് ആരുടെ എങ്കിലും സഹായം ലഭിച്ചോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ