കൊച്ചി: പറവൂർ സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പിതാവ് ഉൾപ്പെടെ മൂന്ന് പേർ കുറ്റക്കാരെന്ന് കോടതി. ഇവർക്കുള്ള ശിക്ഷ പിന്നീട് പ്രഖ്യാപിക്കും. എറണാകുളം അഡീഷനൽ സെഷൻസ് കോടതിയാണ് പ്രതികൾ കുറ്റക്കാരാണെന്ന് വിധിച്ചത്.

പ്രതികളിൽ രണ്ടു പേരെ കോടതി വെറുതെവിട്ടു. ഒന്നാം പ്രതിയും പെൺകുട്ടിയുടെ പിതാവുമായ പറവൂർ വാണിയക്കാട് സ്വദേശി സുധീർ, നാലാം പ്രതിയും ഇടനിലക്കാരനുമായ കലൂർ മണപ്പാട്ടിപ്പറമ്പ് കോളനിമംഗലത്ത് നൗഷാദ്, അഞ്ചാം പ്രതിയും പെൺകുട്ടിയെ പീഡിപ്പിച്ച ആളുമായ ചേന്ദമംഗലം വടക്കുംപുറം വടക്കേകുന്ന് ഹരി എന്നിവരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. 2010 ജനുവരിയിൽ കൊടുങ്ങല്ലൂർ മത്തേല അഞ്ചപ്പാലത്തെ വീട്ടിൽ പെൺകുട്ടിയെ എത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്.