- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്കൂൾ പ്രവേശനോത്സവത്തിന് ഇനി മൂന്നുനാൾ; ലോവർ പ്രൈമറി ക്ലാസിലെ കുട്ടികളെ സ്കൂളിലയക്കാൻ രക്ഷിതാക്കൾക്ക് വിമുഖത; പഠനസാമഗ്രികളും അധിക വാഹനച്ചെലവും വലിയ കടമ്പ; വിപണിയിൽ ഉണർവ്വില്ലെന്ന് വ്യാപാരികൾ
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിക്കിടയിൽ സ്കൂളുകൾ തുറക്കുമ്പോൾ, മക്കളെ സ്കൂളിലേക്ക് അയക്കണോ എന്നതുസംബന്ധിച്ച് രക്ഷിതാക്കൾക്ക് ഇരുമനസ്സ്. ദീർഘ നാളത്തെ ഓൺലൈൻ പഠനത്തിന്റെ മുരടിപ്പ് മാറ്റി കഥയും കവിതയുമായി വരവേൽക്കാൻ സ്കൂളുകൾ ഒരുങ്ങിയെങ്കിലും ലോവർ പ്രൈമറി ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കൾക്ക് താത്പര്യക്കുറവ് ഉണ്ടെന്നാണ് വിലയിരുത്തൽ. അതേ സമയം ഉയർന്ന ക്ലാസിൽ പഠിക്കുന്നവരുടെ രക്ഷിതാക്കളിൽ ഭൂരിഭാഗവും ക്ലാസ് ആരംഭിക്കണമെന്ന പക്ഷക്കാരാണ്.
ഒന്നുമുതൽ ഏഴുവരെയും പത്ത്, 12 ക്ലാസുകളുമാണ് തിങ്കളാഴ്ച ആരംഭിക്കുന്നത്. നവംബർ 15മുതൽ എട്ട്, ഒൻപത് ക്ലാസുകൾ ആരംഭിക്കും. ആദ്യ രണ്ടാഴ്ചത്തെ വിലയിരുത്തലിനുശേഷമേ പാഠഭാഗങ്ങൾ പഠിപ്പിക്കുന്നതുസംബന്ധിച്ച് തീരുമാനമുണ്ടാവൂ. രക്ഷിതാക്കളുടെ സമ്മതപത്രത്തോടെ മാത്രമേ കുട്ടികളെ ക്ലാസിൽ വരാൻ അനുവദിക്കാവൂവെന്ന് സർക്കാർ നിർദേശമുണ്ട്. സ്കൂൾ വാട്സാപ്പ് ഗ്രൂപ്പുകളിൽ സമ്മതപത്രം അയക്കണമെന്ന് നിർദ്ദേശം നൽകിയിട്ടും ചെറിയൊരുശതമാനം രക്ഷിതാക്കൾമാത്രമേ പ്രതികരിച്ചുള്ളൂവെന്ന് അദ്ധ്യാപകർ പറയുന്നു.
കുട്ടികൾക്കായുള്ള പഠനസാമഗ്രികൾ വാങ്ങലാണ് രക്ഷിതാക്കൾക്ക് മുന്നിലെ വലിയ കടമ്പ. ഒന്നിലധികം കുട്ടികൾ സ്കൂളിൽ പോകുന്ന ഇടത്തരം വീടുകളിൽ ഇതിനായി നല്ലതുക തന്നെ കണ്ടെത്തേണ്ട നിലയിലാണ്. പല രക്ഷിതാക്കളും കുട്ടികളെ സ്കൂളിൽ വിടാതിരിക്കുമ്പോൾ, വിപണിയിൽ പ്രതീക്ഷിച്ച ഉണർവ്വ് കാണാനില്ലെന്ന് വ്യാപാരികളും പറയുന്നു.
ഡിസ്കൗണ്ടും കഴിച്ച് ശരാശരി വിലയിൽ പിടിച്ച് വാങ്ങാൻ ആണെങ്കിലും നല്ലൊരു തുക വേണം. സ്കൂൾ ബാഗ് , കുട, ഷൂ, യൂണിഫോം സ്കർട്ടും ഷർട്ടും, മാസ്ക്ക്, സ്റ്റീൽ വാട്ടർ ബോട്ടിൽ, ഇൻസ്ട്രുമെന്റ് ബോക്സ്, ലഞ്ച് ബോക്സ്, 10 നോട്ടുബുക്കുകൾ, സാനിറ്റൈസർ, പേന, കളർ പെൻ, ഇങ്ങനെ നീളുന്നു വാങ്ങേണ്ട സാധനങ്ങളുടെ പട്ടിക.
ഏറ്റവും കുറഞ്ഞ കണക്കിൽ മൊത്തം 3213 രൂപയെങ്കിലുമാകും ഒരാൾക്ക്. ഒന്നിലധികം കുട്ടികളുള്ള വീടുകളിൽ ചെലവ് ഇരട്ടിയാകും. ഓൺലൈൻ ക്ലാസുകളിൽ നിന്ന് നേരിട്ടുള്ള ക്ലാസുകളിലേക്ക് മാറുന്നതിന്റെ തിരക്ക് വ്യാപാരകേന്ദ്രങ്ങളിലും വലിയതോതിൽ ഇതുവരെയും പ്രകടമായിട്ടില്ല.
കുട്ടികളെ സുരക്ഷിതമായി സ്കൂളിൽ എത്തിക്കേണ്ട അധിക വാഹനച്ചെലവും രക്ഷിതാക്കളെ പിന്നോട്ടുവലിക്കുന്നുണ്ട്. അറ്റകുറ്റപ്പണിക്കായി നല്ലൊരുതുക ചിലവുവരുമെന്നതിനാൽ സ്കൂൾ ബസുകളിൽ അധികവും പുറത്തിറക്കിയിട്ടില്ല. ഓട്ടോയിലും കുട്ടികളെ കൊണ്ടുപോകുന്നതിൽ നിയന്ത്രണമുണ്ടെന്നതിനാൽ നല്ലൊരു തുക ചെലവാകും. ബസ് ഓൺ ഡിമാൻഡ് പ്രകാരം കെ.എസ്.ആർ.ടി.സി. ബസ് ലഭ്യമാകുമോയെന്ന് പല സ്കൂളുകളും അന്വേഷിച്ചിരുന്നു. എന്നാൽ, നിരക്ക് കേട്ടതോടെ പലരും പിന്മാറിയിരിക്കുകയാണ്.
സ്കൂൾ തുറക്കുമ്പോൾ യൂണിഫോം നിർബന്ധമില്ലെന്ന് മന്ത്രിതന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ, സർക്കാർസ്കൂൾ ഉൾപ്പെടെ യൂണിഫോം നിർബന്ധമാക്കുന്നതായി രക്ഷിതാക്കൾ പരാതിപ്പെടുന്നു. കുട്ടികൾക്ക് രണ്ടു ജോടി വസ്ത്രം വാങ്ങാൻ കുറഞ്ഞത് 2000 രൂപയെങ്കിലും ചെലവാകും.
മറുനാടന് മലയാളി ബ്യൂറോ