ഷാര്ജ: മലയാളി സമൂഹത്തിലുൾപ്പെടെ നിരവധി പിഞ്ചു മരണങ്ങളാണ് ബാൽക്കണിയിൽ നിന്ന് വീണുണ്ടായത് മൂലം ദുബായിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. പലപ്പോഴും അശ്രദ്ധയും വേണ്ടത്ര മുൻകരുതലുകൾ പാലിക്കാത്തതുമാണ് ഇത്തരം അപകടത്തിന് കാരണമായി പറയുന്നത്. എന്നാൽ ഇനി മുതൽ രക്ഷിതാക്കൾ അല്പം കൂടി ജാഗ്രത പുലർത്തിക്കൊള്ളൂ.

കെട്ടിടങ്ങളിൽ നിന്ന് കുട്ടികൾ വീഴുന്നതിനെതിരെ രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശവുമായി പൊലീസ് വീണ്ടും രംഗത്തെത്തി. മാത്രമല്ല ഇത്തരത്തിൽ കുട്ടികൾ വീണ് മരിച്ചാൽ മാതാപിതാക്കളെ നിയമ നടപടിക്ക് വിധേയമാക്കുമെന്ന് പൊലീസ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ഈ മാസം തന്നെ രണ്ട് കുട്ടികളാണ് ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചത്. ജനലുകൾക്ക് സമീപവും ബാല്ക്കണികളിലും കുട്ടികൾക്ക് കയറാൻ പറ്റുന്ന തരത്തിൽ ഫർണീച്ചറുകൾ വയ്ക്കരുതെന്ന് പൊലീസ് വ്യക്തമാക്കുന്നു.

ഇത്തരം കേസുകൾ ഇനി നേരെ കോടതിയിലേക്ക് റഫർ ചെയ്യാനാണ് പൊലീസ് ഉദ്ദേശിക്കുന്നത്. മാതാപിതാക്കളുടെ അശ്രദ്ധ ഉണ്ടെങ്കിൽ തടവ് ശിക്ഷ ലഭിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നല്കുന്നു. പതിനഞ്ച് വയസിന് താഴെയുള്ള കുട്ടികളാണ് വീണ് മരിക്കുന്നതെങ്കിൽ ഒരു മാസം മുതൽ രണ്ട് വർഷം വരെയാണ് തടവ്. കുട്ടികളെ വീട്ടിൽ തനിച്ചാക്കി പോയപ്പോഴാണ് അപകടം ഉണ്ടായതെങ്കിൽ തടവ് മൂന്ന് വർഷം അനുഭവിക്കേണ്ടി വരും. ഇതിന് പുറമേ പിഴ ശിക്ഷയും ഉണ്ടാകും.